< Back
World
ശ്രീലങ്കയിൽ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്; മരണസംഖ്യ 100 കടന്നു, നിരവധി പേരെ കാണാതായി

Photo| Reuters

World

ശ്രീലങ്കയിൽ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്; മരണസംഖ്യ 100 കടന്നു, നിരവധി പേരെ കാണാതായി

Web Desk
|
29 Nov 2025 6:44 AM IST

അടുത്ത 12 മണിക്കൂറിനുളളിൽ ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

കൊളംബോ: ശ്രീലങ്കയിൽ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ് . വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 100 കടന്നതായി റിപ്പോർട്ട്. നിരവധി പേരെ കാണാതായി. അടുത്ത 12 മണിക്കൂറിനുളളിൽ ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ശ്രീലങ്കയുടെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാൻ ഇന്ത്യ 'ഓപ്പറേഷൻ സാഗർ ബന്ധു' ആരംഭിച്ചു. ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും ഫ്രണ്ട്‌ലൈൻ കപ്പലായ ഐഎൻഎസ് ഉദൈഗിരിയും എത്തിച്ച ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ബാച്ച് എത്തിച്ചു.

ശ്രീലങ്കയിലുണ്ടായ കനത്ത മഴയിലും വെളളപ്പൊക്കത്തിലും മണ്ണിടിച്ചിലുമാണ് ദുരന്തം വിതച്ചത്. 1.48 ലക്ഷത്തിലധികം ആളുകളെ ദുരന്തം ബാധിച്ചു. ദിത്വ ചുഴലിക്കാറ്റ് അടുത്തെത്തിയതോടെ തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളിലും ജാഗ്രതാ നിർദേശം നൽകി. തെക്ക് പടിഞ്ഞാറൻ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് നാളെയോടെ കര തൊടുമെന്നാണ് മുന്നറിയിപ്പ്. രാജ്യവ്യാപകമായി റെയിൽവെ സർവീസുകളെയും വിമാന സർവീസുകളെയും ബാധിച്ചിട്ടുണ്ട്.

അതേസമയം ശ്രീലങ്കയിൽ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ വടക്കൻ തമിഴ്നാട് -പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരം തൊടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ചുഴലിക്കാറ്റിന്‍റെ തീവ്രത കുറയുമെങ്കിലും തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തെ സാരമായി ബാധിക്കില്ലെങ്കിലും,ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിനേർപ്പെടുത്തിയ വിലക്ക് തുടരും .മഴ മുന്നറിയിപ്പുള്ള ജില്ലകളിലെ മലയോര മേഖലയിലും തീരപ്രദേശത്തും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Similar Posts