< Back
World
Gen-Z probe commission submits its report
World

നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭ അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ശരത് ലാൽ തയ്യിൽ
|
8 March 2026 8:07 PM IST

അന്നത്തെ കെ.പി ശര്‍മ ഒലി സര്‍ക്കാറിൻ്റെ വീഴ്ചകളെ കുറ്റപ്പെടുത്തിക്കൊണ്ടാണ് റിപ്പോര്‍ട്ട്

കാഠ്മണ്ഡു: നേപ്പാളില്‍ സര്‍ക്കാറിനെ താഴെയിറക്കിയ ജെന്‍ സി പ്രക്ഷോഭത്തിന് നേരെയുണ്ടായ വെടിവെപ്പും കൊലപാതകങ്ങളും അക്രമങ്ങളും അന്വേഷിക്കാന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്നത്തെ കെ.പി ശര്‍മ ഒലി സര്‍ക്കാറിന്റെ വീഴ്ചകളെ കുറ്റപ്പെടുത്തിക്കൊണ്ടാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ ജെന്‍ സി പ്രക്ഷോഭത്തിനിടെ 22ഓളം പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടിരുന്നു.

ഇടക്കാല പ്രധാനമന്ത്രി സുശീല കര്‍ക്കിക്കാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രക്ഷോഭകാരികളുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് ഉത്തരവാദികളുടെ പേര് സമിതിയോ സര്‍ക്കാറോ പുറത്തുവിട്ടിട്ടില്ല. ആകെ 76 പേരാണ് നേപ്പാളിലെ അക്രമാസക്തമായ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടത്. 22 യുവാക്കള്‍ സെപ്റ്റംബര്‍ എട്ടിലെ വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്. ഇടക്കാല പ്രധാനമന്ത്രിയായി സുശീല കര്‍ക്കി ചുമതലയേറ്റതിന് പിന്നാലെയാണ് സുപ്രിംകോടതി മുന്‍ ജസ്റ്റിസ് ഗൗരി ബഹദൂര്‍ കര്‍ക്കി അധ്യക്ഷയായുള്ള അന്വേഷണ സമിതിയെ നിയോഗിച്ചത്.

ഫെയ്‌സ്ബുക്കും യൂട്യൂബും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ നേപ്പാളില്‍ തുടങ്ങിയ പ്രതിഷേധമാണ് കെ.പി.ശര്‍മ ഒലി സര്‍ക്കാരിനെ തന്നെ താഴെ വീഴ്ത്തിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി വളര്‍ന്നത്. അഴിമതി, തൊഴിലില്ലായ്മ, രാഷ്ട്രീയക്കാരുടെ മക്കളുടെ ആഡംബരജീവിതം എന്നിവയ്‌ക്കെതിരെയുള്ള പ്രതിഷേധമായി ഇത് രാജ്യമാകെ പടരുകയായിരുന്നു.

ജെന്‍ സി പ്രക്ഷോഭത്തിന് ശേഷം ആദ്യമായി നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ റാപ്പര്‍ ബാലേന്ദ്ര ഷായുടെ നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടിയാണ് (ആര്‍എസ്പി) ലീഡ് നേടിയത്. അതേസമയം, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി ലഭിച്ചു. 35കാരനായ ബാലേന്ദ്ര ഷാ അടുത്ത പ്രധാനമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്.

Similar Posts