
ഖത്തർ ആക്രമണത്തെയും ഗസ്സ അധിനിവേശത്തെയും ചൊല്ലിയുള്ള തർക്കം; ഇസ്രായേലിലെ ഉന്നത സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കി നെതന്യാഹു
|ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിൽ ഇസ്രായേൽ സുരക്ഷാ സംവിധാനത്തിന് വീഴ്ച്ച ഉണ്ടായതായും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ഹനെഗ്ബി പറഞ്ഞു
തെൽ അവിവ്: ഇസ്രായേലിന്റെ ഖത്തർ ആക്രമണവും ഗസ്സ അധിനിവേശവും ഉൾപ്പെടെയുള്ള നയപരമായ തീരുമാനങ്ങളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനെഗ്ബിയെ പുറത്താക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നെതന്യാഹു തനിക്ക് പകരക്കാരനെ നിയമിക്കുകയാണെന്ന് അറിയിച്ചതിനെത്തുടർന്ന് ദേശീയ സുരക്ഷാ കൗൺസിലിന്റെ തലവൻ എന്ന നിലയിലുള്ള തന്റെ കാലാവധി അവസാനിച്ചുവെന്ന് ഹനെഗ്ബി സ്ഥിരീകരിച്ചതായി ജറുസലേം പോസ്റ്റ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിൽ ഇസ്രായേൽ സുരക്ഷാ സംവിധാനത്തിന് വീഴ്ച്ച ഉണ്ടായതായും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ഹനെഗ്ബി പറഞ്ഞു. സുരക്ഷാ വീഴ്ചയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഹനെഗ്ബി ആവശ്യപ്പെട്ടു. ഹനെഗ്ബിക്ക് പകരമായി ദേശീയ സുരക്ഷാ കൗൺസിലിന്റെ ഡെപ്യൂട്ടി മേധാവി ഗിൽ റീച്ചിനെ ഏജൻസിയുടെ ആക്ടിംഗ് മേധാവിയായി നിയമിച്ചതായി നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് കഴിഞ്ഞ മാസം നടത്തിയ വ്യോമാക്രമണത്തിലും ഗസ്സ പിടിച്ചെടുക്കാനുള്ള സൈനിക ആക്രമണം ആരംഭിച്ചതിലും ഹാനെഗ്ബി നെതന്യാഹുവുമായി തർക്കിച്ചതായി ചാനൽ 12 ഉൾപ്പെടെയുള്ള ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രായേലി ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്നതിനാൽ ഗസ്സ പിടിച്ചെടുക്കാനുള്ള നെതന്യാഹുവിന്റെ നീക്കത്തെ താൻ എതിർക്കുന്നുവെന്ന് ഹാനെഗ്ബി മന്ത്രിസഭയെ അറിയിച്ചിരുന്നതായും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
'ഗസ്സ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന ചീഫ് ഓഫ് സ്റ്റാഫ് (ഇയാൽ സമീർ) നോട് ഞാൻ പൂർണമായും യോജിക്കുന്നു. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ നിർദേശത്തെ ഞാൻ എതിർക്കുന്നത്.' ഹാനെഗ്ബി പറഞ്ഞതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു.