< Back
World
പിന്തുണ പിൻവലിക്കാനൊരുങ്ങി ഹരേദി പാർട്ടികൾ; നെതന്യാഹു സർക്കാർ വീണേക്കും
World

പിന്തുണ പിൻവലിക്കാനൊരുങ്ങി ഹരേദി പാർട്ടികൾ; നെതന്യാഹു സർക്കാർ വീണേക്കും

Web Desk
|
4 Jun 2025 6:54 PM IST

ഇസ്രായേലി പാർലമെന്റായ നെസറ്റ് പിരിച്ചുവിടാൻ ആവശ്യപ്പെടുന്ന ബിൽ അവതരിപ്പിക്കാൻ യുടിജെയിലെ ഒരു വിഭാഗത്തിന്റെ നേതൃത്വം തങ്ങളുടെ പ്രതിനിധികൾക്ക് നിർദേശം നൽകി.

ജറുസലം: വേദപാഠ വിദ്യാർത്ഥികളുടെ നിർബന്ധിത സൈനിക സേവനം സംബന്ധിച്ചുള്ള തർക്കത്തിൽ ഇസ്രായേലിലെ ബെഞ്ചമിൻ നെതന്യാഹു ഗവൺമെന്റിന്റെ നിലനിൽപ്പ് പ്രതിസന്ധിയിൽ. ജൂതരുടെ വിശുദ്ധ ഗ്രന്ഥമായ തോറ പഠിക്കുന്ന യഷിവ വിദ്യാർത്ഥികളെ സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഭരണകൂടം പരിഗണിക്കാതിരുന്നതോടെയാണ് തീവ്ര യാഥാസ്ഥിതിക 'ഹരേദി' പാർട്ടിയായ യുനൈറ്റഡ് തോറ ജൂദായിസം പാർട്ടി (യുടിജെ) ഭരണമുന്നണി വിടാൻ തീരുമാനിച്ചത്. ഇതോടെ, നെതന്യാഹു ഗവൺമെന്റ് നിലംപൊത്താനുള്ള സാധ്യത ശക്തമായി.

ഇസ്രായേലി പാർലമെന്റായ നെസറ്റ് പിരിച്ചുവിടാൻ ആവശ്യപ്പെടുന്ന ബിൽ അവതരിപ്പിക്കാൻ യുടിജെയിലെ ഒരു വിഭാഗത്തിന്റെ നേതൃത്വം തങ്ങളുടെ പ്രതിനിധികൾക്ക് നിർദേശം നൽകി. ഇതേത്തുടർന്ന് അടുത്ത ബുധനാഴ്ച നെസറ്റ് പിരിച്ചുവിടാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ബിൽ സമർപ്പിക്കുമെന്ന് പ്രതിപക്ഷത്തെ യെഷ് അതിദ്, യിസ്രയേൽ ബെയ്തനു പാർട്ടികളും വ്യക്തമാക്കി.

120 അംഗ നെസറ്റിൽ 68 പേരുടെ പിന്തുണയോടെയാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി ഭരണം നടത്തുന്നത്. ഇതിൽ ഏഴ് അംഗങ്ങളുള്ള യുടിജെ ആണ് ഇപ്പോൾ ഭീഷണി മുഴക്കിയിരിക്കുന്നത്. മതവിദ്യാർത്ഥികളെ നിർബന്ധിത സേവനത്തിൽ നിന്ന് ഒഴിവാക്കണമെന്ന നിലപാടുള്ള മറ്റൊരു ഹരേദി യാഥാസ്ഥിതികരായ ഷാസ് പാർട്ടിയും ഭരണകക്ഷിയുടെ ഭാഗമാണ്. 11 സീറ്റുകളുള്ള ഇവർ കൂടി പിന്തുണ പിൻവലിച്ചാൽ നെതന്യാഹു ഭരണകൂടം വീഴുമെന്നാണ് റിപ്പോർട്ടുകൾ.

തോറ പഠിക്കുന്ന യാഥാസ്ഥിതിക വിദ്യാർത്ഥികളെ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കുന്ന ബിൽ പാസാക്കാൻ ജൂൺ രണ്ടിലെ ഷവോത്ത് അവധി ദിവസം വരെയാണ് യുടിജെയും ഷാസ് പാർട്ടിയും നെതന്യാഹുവിന് സമയം നൽകിയിരുന്നത്. എന്നാൽ, ഈ ബിൽ അവതരിപ്പിക്കാൻ പോലും ഗവൺമെന്റ് തയാറായില്ല. ഗാസയിൽ അധിനിവേശം ശക്തമാക്കിയ സാഹചര്യത്തിൽ ഒരു വിഭാഗം ചെറുപ്പക്കാർക്ക് സൈനിക സേവനത്തിൽ നിന്ന് വിടുതൽ നൽകുന്നത് രാജ്യത്ത് പ്രശ്‌നമുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണിത് എന്നാണ് സൂചന. നേരത്തെ നിർബന്ധിത സൈനിക സേവനത്തിനെതിരെ യാഥാസ്ഥിതിക ഹരേദി ജൂതന്മാർ നടത്തിയ പ്രക്ഷോഭങ്ങളെ പൊലീസ് അടിച്ചമർത്തിയിരുന്നു.

പ്രശ്‌ന പരിഹാരത്തിനായി ലിക്കുഡ് പാർട്ടി പ്രതിനിധി യുലി എഡൽസ്റ്റീനും ഹരേദി പ്രതിനിധികളും തമ്മിൽ ചൊവ്വാഴ്ച ചർച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതോടെയാണ് ഹരേദി ജൂതന്മാരുടെ മതനേതൃത്വം പാർലമെന്റ് അംഗങ്ങൾക്ക് ഗവൺമെന്റ് വിടാൻ നിർദേശം നൽകിയത്.

Similar Posts