< Back
World
ഗസ്സയിൽ വീണ്ടും വ്യോമാക്രമണത്തിന് ഉത്തരവിട്ട് ഇസ്രായേൽ

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു Photo-Reuters

World

ഗസ്സയിൽ വീണ്ടും വ്യോമാക്രമണത്തിന് ഉത്തരവിട്ട് ഇസ്രായേൽ

Web Desk
|
28 Oct 2025 10:46 PM IST

ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രകോപന നീക്കം, ബന്ദിയുടെ മൃതദേഹത്തെ ചൊല്ലി

ഗസ്സസിറ്റി: ഗസ്സയിൽ വീണ്ടും ശക്തമായ വ്യോമാക്രമണം നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉത്തരവിട്ടു. ഹമാസ് കൈമാറിയ ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങൾ, മുൻപ് തന്നെ ഇസ്രായേൽ വീണ്ടെടുത്ത് അടക്കം ചെയ്തയാളുടെതാണെന്ന് ഇസ്രായേൽ പറയുന്നു. ഇത് വെടിനിർത്തൽ ലംഘനമാണെന്ന് ആരോപിച്ചാണ് ഇസ്രായേൽ വീണ്ടും കനത്ത ആക്രമണത്തിന് ഒരുങ്ങുന്നത്.

ഹമാസ് കഴിഞ്ഞ ദിവസം തിരികെ നൽകിയ അവശിഷ്ടങ്ങൾ ഒഫിർ സർഫാത്തി എന്ന ബന്ദിയുടേതാണെന്ന് ഇസ്രായേൽ ആരോപിച്ചു. ഒക്ടോബർ 7ന് പിടിക്കപ്പെട്ട ഇദ്ദേഹത്തിൻ്റെ മൃതദേഹം 2023 ഡിസംബറിൽ ഇസ്രായേൽ സൈന്യം ഗസ്സയിൽ നിന്ന് വീണ്ടെടുത്ത് അടക്കം ചെയ്തെന്നാണ് ഇസ്രായേൽ പറയുന്നത്. ഇപ്പോൾ അതേ വ്യക്തിയുടെ പേരിൽ മൃതദേഹം കൈമാറി എന്നു പറയുന്നത് വെടിനിർത്തൽ ലംഘനമാണെന്നും അവഹേളനമാണെന്നും ഇസ്രായേൽ ആരോപിച്ചു. തിരിച്ചടി ആലോചിക്കാൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി നെതന്യാഹു ചർച്ച നടത്തി.

അതേസമയം സമാധാന ചർച്ചകൾക്കിടയിലും ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്നത് തുടരുകയാണ് ഇസ്രായേൽ. വെസ്റ്റ് ബാങ്കിൽ ഇന്ന് മൂന്നു പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി. വെസ്റ്റ്ബാങ്കിലെ ജനീനിലാണ് ഇസ്രായേൽ സൈന്യം മൂന്ന് ഫലസ്തീനികളെ വെടിവെച്ചു കൊന്നത്. തുടർന്ന് ഇസ്രായേൽ സൈന്യം ഈ പ്രദേശത്ത് വ്യോമാക്രമണം നടത്തുകയും ചെയ്തു. മധ്യ ഗസ്സയിലും തെക്കൻ ഗസ്സയിലും ഇസ്രായേൽ സേന അഭയാർഥി ക്യാമ്പുകളിൽ ബോംബിട്ടു. ബുറൈജ് അഭയാർത്ഥി ക്യാമ്പിലുള്ള സാധാരണക്കാരുടെ വീടുകളും ഇസ്രായേൽ സേന നശിപ്പിച്ചു.

ഗ​സ്സ ഉ​പ​രോ​ധം പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്കാനും റഫ ഉൾപ്പെ​ടെ അതിർത്തികൾ തുറക്കാനും ഇസ്രായേൽ ഇനിയും വിസമ്മതിക്കുകയാണ്​​.

Similar Posts