World
വലതുപക്ഷ സർക്കാരിന്റെ വൃത്തികെട്ട കളികൾ; ഇസ്രായേൽ ഗസ്സ കരാർ അട്ടിമറിച്ചുവെന്ന് ഹമാസ്

ബാസെം നയിം

World

'വലതുപക്ഷ സർക്കാരിന്റെ വൃത്തികെട്ട കളികൾ'; ഇസ്രായേൽ ഗസ്സ കരാർ അട്ടിമറിച്ചുവെന്ന് ഹമാസ്

Web Desk
|
23 Feb 2025 12:32 PM IST

കരാറിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കരാർ പ്രകാരമുള്ള ബാധ്യതകൾ പാലിച്ചിട്ടുണ്ടെന്നും ഹമാസ്

ഗസ്സ സിറ്റി: ഗസ്സ വെടിനിർത്തൽ കരാർ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അട്ടിമറിച്ചതായി ഹമാസ്. മാർച്ച് 1 ന് അവസാനിക്കുന്ന കരാറിന്റെ രണ്ടാം ഘട്ടത്തിനായുള്ള ചർച്ചകളിൽ ഇസ്രായേൽ സർക്കാർ ഏർപ്പെടുന്നില്ലെന്ന് ഹമാസ് വക്താക്കൾ പറഞ്ഞു. കരാറിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കരാർ പ്രകാരമുള്ള ബാധ്യതകൾ പാലിച്ചിട്ടുണ്ടെന്നും ഹമാസ് വ്യക്തമാക്കി.

ശനിയാഴ്ച ആറ്​ ബന്ദികളെ കൂടി ഇസ്രായേലിന് ഹമാസ് കൈമാറിയെങ്കിലും പകരം 620 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കാത്ത സാഹചര്യത്തിലാണ് ഹമാസിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം രാത്രി ചേർന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗം തടവുകാരെ വിട്ടയക്കുന്നത്​ വൈകിക്കാനാണ്​ തീരുമാനിച്ചതെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തിരുന്നു.

"കരാർ അട്ടിമറിക്കാനും ദുർബലപ്പെടുത്താനും, വീണ്ടും യുദ്ധത്തിലേക്ക് പോകാനുള്ള സന്നദ്ധത അറിയിക്കാനുമുള്ള വലതുപക്ഷ സർക്കാരിന്റെ വൃത്തികെട്ട കളികളാണിതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു," ഹമാസ് രാഷ്ട്രീയ ബ്യൂറോയിലെ മുതിർന്ന അംഗം ബാസെം നയിം അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയോട് പറഞ്ഞു. വിവിധ ഘട്ടങ്ങളിൽ ഇസ്രായേൽ കരാർ വ്യവസ്ഥകൾ ലംഘിച്ചുവെന്നും ഹമാസ് ആരോപിച്ചു.

വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഗസ്സയിലേക്ക് 60,000 മൊബൈൽ ഹോമുകളും 200,000 ടെന്റുകളും അനുവദിക്കാൻ ഇസ്രായേൽ സമ്മതിച്ചിരുന്നു. എന്നാൽ ഇക്കാര്യം പാലിച്ചിട്ടില്ല. ഇസ്രായേൽ വ്യവസ്ഥകൾ ലംഘിച്ചുവെന്ന ഹമാസിന്റെ ആരോപണം ശരിയാണെന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ ന്യൂയോർക്ക് ടൈംസിനോട് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇസ്രായേൽ സർക്കാർ ഔദ്യോഗികമായി ഇത് നിഷേധിച്ചു.

Similar Posts