< Back
World
Netanyahu vows to seize Gaza with strong military operation
World

ഫലസ്തീൻ രാഷ്ട്രം ഒരിക്കലും സംഭവിക്കില്ല; വെസ്റ്റ് ബാങ്കിൽ അധിനിവേശം വ്യാപിപ്പിക്കും: നെതന്യാഹു

Web Desk
|
21 Sept 2025 10:29 PM IST

ഈ ആഴ്ച നടക്കുന്ന യുഎസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഫലസ്തീൻ രാഷ്ട്രത്തെ അം​ഗീകരിക്കാനുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ നിലപാടിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കുമെന്ന് നെതന്യാഹു പറഞ്ഞു

തെൽഅവീവ്: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽവരുന്നത് തടയാൻ വെസ്റ്റ് ബാങ്കിൽ അധിനിവേശം വ്യാപിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് ഒരിക്കലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുകെ അടക്കമുള്ള രാജ്യങ്ങൾ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.

പടിഞ്ഞാറൻ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിക്കുന്നതിനോടുള്ള തങ്ങളുടെ പ്രതികരണം ഈ ആഴ്ച നടത്തുന്ന യുഎസ് സന്ദർശനത്തിന് ശേഷം ഉണ്ടാവുമെന്നും നെതന്യാഹു വ്യക്തമാക്കി. സന്ദർശനത്തിനിടെ യുഎസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ നെതന്യാഹു യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യും.

ഫലസ്തീനികൾക്ക് ജീവിക്കാൻ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യുകെ ഫലസ്തീനെ അംഗീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. കാനഡ, ആസ്‌ത്രേലിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും ഫലസ്തീനെ അംഗീകരിച്ചിരുന്നു. സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കാൻ പടിഞ്ഞാറൻ രാഷ്ട്രങ്ങൾ കാണിച്ച ആർജവത്തെ ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. യുഎസും ഈ വഴി പിന്തുടരുമെന്നാണ് കരുതുന്നതെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ലോകരാഷ്ട്രങ്ങളുടെ കനത്ത സമ്മർദത്തെ അവഗണിച്ച് ഇസ്രായേൽ ഗസ്സയിൽ കനത്ത ആക്രമണം തുടരുകയാണ്. അഭയാർഥി ക്യാമ്പുകളിലടക്കം ഇസ്രായേൽ ബോംബ് വർഷിച്ചു. ഇന്ന് മാത്രം 55 ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 37 പേർ ഗസ്സ നഗരത്തിലാണ്. ഖാൻ യൂനിസിൽ പോഷകാഹാരക്കുറവും മതിയായ ചികിത്സ ലഭിക്കാത്തതും മൂലം മൂന്ന് വയസ്സുകാരിയായ ഹബീബ അബൂ ഷാർ മരിച്ചു.

Similar Posts