< Back
World
Netanyahu says Palestinian Authority should not run Gaza
World

ഗസ്സയുടെ ഭരണത്തിൽ ഫലസ്തീൻ അതോറിറ്റി വേണ്ടെന്ന് നെതന്യാഹു; 'തുർക്കി സൈന്യത്തെയും അനുവദിക്കില്ല'

Web Desk
|
23 Oct 2025 9:56 AM IST

വെസ്റ്റ് ബാങ്കിനെ ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

തെൽ അവീവ്: സമാധാന കരാർ പൂർണമായി പ്രാബല്യത്തിൽ വരുത്താനുള്ള ചർച്ചകൾ പുരോ​ഗമിക്കെ ഗസ്സ നിയന്ത്രണത്തിൽ കടുംപിടിത്തം തുടർന്ന് ഇസ്രായേൽ. യുദ്ധാനന്തര ​ഗസ്സയുടെ ഭരണത്തിൽ ഹമാസോ ഫലസ്തീൻ അതോറിറ്റിയോ പാടില്ലെന്ന് പറഞ്ഞ നെതന്യാഹു, തുർക്കി സൈന്യത്തെയും അനുവദിക്കില്ലെന്ന് യുഎസിനെ അറിയിച്ചു.

ഇതുൾപ്പെടെ നിരവധി വ്യവസ്ഥകളാണ് ഇസ്രായേൽ പ്രധാനമന്ത്രി യുഎസിന് മുന്നിൽ അവതരിപ്പിച്ചത്. ഹമാസ് പൂർണമായും നിരായുധീകരിക്കപ്പെടുകയും ​ഗസ്സ മുനമ്പിൽ നിന്ന് പിന്മാറുകയും ചെയ്തതിനുശേഷം മാത്രമേ ഐഡിഎഫിനെ പൂർണമായും പിൻവലിക്കൂ എന്നും നെതന്യാഹു അഭിപ്രായപ്പെട്ടു. യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ ​ഗസ്സ ആര് ഭരിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നിരിക്കെയാണ് നെതന്യാഹു പിടിവാശി തുടരുന്നത്.

ഗസ്സ മുനമ്പിൽ ഭാവിയിൽ ഫലസ്തീൻ ഭരണകൂടത്തിന് നിർണായക പങ്ക് വഹിക്കാനാകുമെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് കഴിഞ്ഞ വെള്ളിയാഴ്ച പറഞ്ഞിരുന്നു, എന്നാൽ നിലവിലെ ഫലസ്തീൻ ഭരണാധികാരികൾക്ക് ഗസ്സയിൽ സ്വതന്ത്രമായ നിയന്ത്രണം നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി. 'നമുക്ക് വ്യത്യസ്തമായ ഒരു അതോറിറ്റി വേണം. വ്യത്യസ്തമായ ഒരു ഭരണകൂടം വേണം'- എന്നും നെതന്യാഹു അഭിപ്രായപ്പെട്ടു.

ഇസ്രായേൽ- ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതിനിടെ, ബുധനാഴ്ച യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും നെതന്യാഹു ഇത് തന്നെ പറ‍ഞ്ഞു. കൂടാതെ യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ് കോഫിനോടും ട്രംപിന്റെ മരുമകന്‍ ജയേര്‍ഡ് കോറി കഷ്‌നെറോടും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയോടും ഇതേ നിലപാടാണ് നെതന്യാഹു ആവര്‍ത്തിച്ചത്.

എന്നാല്‍ ഇത് യുഎസ് അംഗീകരിക്കുന്നില്ല. ഫലസ്തീന്‍ അതോറിറ്റി ഉണ്ടാവാം എന്നും തുര്‍ക്കിയുണ്ടാകുന്നതില്‍ വിയോജിപ്പില്ലെന്നുമാണ് അമേരിക്ക പറയുന്നത്. ഇസ്രായേലിന്റെ കടുത്ത നിലപാട് അമേരിക്ക അംഗീകരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. പദ്ധതി നടപ്പിലാക്കാൻ യുഎസിന് സമയം നൽകണമെന്ന് വാൻസ് നെതന്യാഹുവിനെ അറിയിച്ചു.

അതേസമയം, വെസ്റ്റ് ബാങ്കിനെയും ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നെസെറ്റിൽ ബിൽ അവതരിപ്പിക്കുകയും ഭൂരിഭാഗം എംപിമാരും പിന്തുണയ്ക്കുകയും ചെയ്തു. വെസ്റ്റ് ബാങ്കിനെ പൂര്‍ണമായും കൂട്ടിച്ചേര്‍ക്കണമെന്ന് ചില എംപിമാർ പറഞ്ഞപ്പോള്‍ ഭൂരിഭാഗം കേന്ദ്രങ്ങളേയും കൂട്ടിച്ചേര്‍ക്കണമെന്നാണ് മറ്റു ചിലര്‍ പറഞ്ഞത്.

ഗസ്സ കൂടാതെ ഫലസ്തീനികള്‍ കൂടുതല്‍ താമസിക്കുന്ന മറ്റൊരിടമായ വെസ്റ്റ് ബാങ്ക് കൂടി ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കാനുള്ള നീക്കത്തിനെതിരെ യുഎസും അറബ് രാജ്യങ്ങളും എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിനും ​ഗസ്സയ്ക്കും ഇടയിലുള്ള ഫലസ്തീൻ പ്രദേശങ്ങൾക്കിടയിൽ വിഭജനം ഉണ്ടാക്കാൻ ഇസ്രായേലികൾ ശ്രമിക്കുകയാണെന്ന് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബിൽ അബു റുദൈനെ വ്യക്തമാക്കി.

Similar Posts