< Back
World
US secretary of state Marco Rubio (left) and Israeli Prime Minister Benjamin Netanyahu
World

ഗസ്സയിലെ ട്രംപിന്‍റെ പദ്ധതി യാഥാർഥ്യമായി മാറുകയാണ്​​: നെതന്യാഹു

Web Desk
|
17 Feb 2025 4:22 PM IST

ഗസ്സയെക്കുറിച്ചുള്ള കാഴ്ചപ്പാട് ട്രംപ് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന്​ മാർക്കോ റൂബിയോ

ജറുസലേം: ഗസ്സയിലെ ഫലസ്തീനികളെ ഉന്മൂലനം ചെയ്യാനുള്ള അമേരിക്കൻ പ്രസിഡന്‍റ്​ ഡോണൾഡ് ട്രംപിന്‍റെ പദ്ധതി യാഥാർഥ്യമായി മാറുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള ജറുസലേമിലെ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു നെതന്യാഹുവിന്‍റെ പ്രസ്താവന. ഗസ്സയെക്കുറിച്ചുള്ള ട്രംപിന്‍റെ വീക്ഷണം നടപ്പാക്കാൻ ഇസ്രായേലും അമേരിക്കയും ഒരുമിച്ച്​ പ്രവർത്തിക്കുന്നുണ്ടെന്ന് നെതന്യാഹു പറഞ്ഞു. ഗസ്സയിലെ ഇസ്രായേലി തടവുകാരെ വിട്ടയച്ചില്ലെങ്കിൽ നരകത്തിന്‍റെ കവാടങ്ങൾ എപ്പോൾ തുറക്കുമെന്നത് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഗസ്സയെക്കുറിച്ചുള്ള ട്രംപിന്‍റെ വീക്ഷണത്തെക്കുറിച്ച്​ ഞങ്ങൾ സംസാരിച്ചു, അത് യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണ്’ -നെതന്യാഹു പറഞ്ഞു. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തടയാൻ ഇരുവരും സമ്മതിച്ചതായും സിറിയയിൽനിന്നുള്ള ഏതെങ്കിലും ഭീഷണി തടയാൻ ഇസ്രായേൽ പ്രവർത്തിക്കുമെന്നും നെതന്യാഹു വ്യക്​തമാക്കി. ലെബനനിലെ വെടിനിർത്തൽ കരാറിൽ ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണെന്നും ലെബനൻ സർക്കാറും തുല്യമായി പ്രതിജ്ഞാബദ്ധമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗസ്സയെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട് ട്രംപ് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന്​ മാർക്കോ റൂബിയോ പറഞ്ഞു. ‘ഹമാസിന് അവിടെ ഒരു അധികാര കേന്ദ്രമായി തുടരാനാവില്ല. ഇസ്രായേലി തടവുകാരെ അവരുടെ വീടുകളിലേക്ക് തിരിച്ചയയ്ക്കണം. ഗസ്സയിലെ ഹമാസിനെ നമ്മൾ ഇല്ലാതാക്കണം’ -റൂബിയോ കൂട്ടിച്ചേർത്തു.

ഗസ്സയിൽനിന്ന് ഏകദേശം രണ്ട് ദശലക്ഷം പലസ്തീനികളെ വംശീയമായി ഉന്മൂലനം ചെയ്ത്​ അയൽ രാജ്യങ്ങളായ ഈജിപ്തിലേക്കും ജോർദാനിലേക്കും മാറ്റുമെന്നും പ്രദേശത്തെ സുഖവാസ കേന്ദ്രമാക്കുമെന്നുമായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം.

Similar Posts