< Back
World
വെടിനിര്‍ത്തല്‍: ഒന്നും മിണ്ടാതെ നെതന്യാഹു; പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് മന്ത്രിമാര്‍ക്ക് നിര്‍ദേശം
World

വെടിനിര്‍ത്തല്‍: ഒന്നും മിണ്ടാതെ നെതന്യാഹു; പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് മന്ത്രിമാര്‍ക്ക് നിര്‍ദേശം

Web Desk
|
24 Jun 2025 10:45 AM IST

ഇന്ന് രാവിലെ ഇസ്രായേലില്‍ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്

തെല്‍അവിവ്:ഇസ്രായേലും ഇറാനും വെടിനിര്‍ത്തലിലേക്ക് നീങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും പ്രതികരിക്കാതെ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. ഇസ്രായേലും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ സംബന്ധിച്ച ട്രംപിന്റെ പ്രഖ്യാപനത്തെക്കുറിച്ചും നെതന്യാഹു പ്രതകരിച്ചിട്ടില്ല.

ചൊവ്വാഴ്ച പുലർച്ചെ വരെ നീണ്ടുനിന്ന സുരക്ഷാ കാബിനറ്റ് യോഗം നെതന്യാഹു വിളിച്ചു ചേർത്തതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പരസ്യ പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ഇരു രാജ്യങ്ങളും വെടിനിർത്തൽ ആരംഭിച്ചതായി അൽജസീറയും ഇസ്രായേൽ റേഡിയോയും ഇറാന്‍ പ്രസ് ടിവിയടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെടിനിർത്തൽ ആരംഭിച്ചതായി ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയും വ്യക്തമാക്കി.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇറാനും ഇസ്രയേലിനുമിടയിൽ വെടിനിര്‍ത്തലിനെക്കുറിച്ച് പ്രഖ്യാപിച്ചത്. രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനാണ് ആദ്യം വെടിനിര്‍ത്തുക. 12 മണിക്കൂറിന് ശേഷം ഇസ്രായേലും വെടിനിര്‍ത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെടിനിര്‍ത്തല്‍ ഉടമ്പടിക്ക് വഴിയൊരുക്കിയത് ബി 2 ബോംബർ വിമാനങ്ങളുടെ പൈലറ്റുമാരുടെ വൈദഗ്ധ്യവും ധൈര്യവുമാണെന്നാണ് ട്രംപിന്‍റെ അവകാശവാദം.യു എസ് ആക്രമണം ഇരുപക്ഷത്തെയും കരാറിന് പ്രേരിപ്പിച്ചതായും ട്രംപ് പറയുന്നു.

എന്നാല്‍ വെടിനില്‍ത്തല്‍ പ്രഖ്യാപനം നടക്കുന്ന സമയത്തും ഇസ്രായേലില്‍ കനത്ത മിസൈലാക്രമണമാണ് ഇറാന്‍ നടത്തിയത്. ബിർഷേബയിൽ ഇറാൻ മിസൈൽ ഏഴുനില കെട്ടിടത്തിൽ പതിച്ച് ആറുപേര്‍ മരിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇസ്രായേലും വൈനെറ്റ് ന്യൂസും റിപ്പോർട്ട് ചെയ്യുന്നു.തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍കുടുങ്ങിക്കിടക്കുന്നതായി ഇസ്രായേലിന്റെ അടിയന്തര ഏജൻസി മേധാവി എലി ബിൻ പറഞ്ഞതായി ഐഎൽടിവി വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു.ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം നടന്നത്.

ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് നീങ്ങാൻ ഇസ്രായേൽ നിർദേശം നൽകിയിട്ടുണ്ട്. ആക്രമണങ്ങൾക്കിടയിൽ ഇസ്രായേലിലുടനീളം സൈറണുകൾ മുഴങ്ങുകയാണ്.

അതേസമയം, ജൂൺ 13 മുതല്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാനില്‍ 13 കുട്ടികള്‍ ഉള്‍പ്പടെ 400 ൽ അധികം ആളുകൾ കൊല്ലപ്പെടുകയും കുറഞ്ഞത് 3,056 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ പറയുന്നു. ഇസ്രായേലിൽ ഇറാനാൻ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 24 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Similar Posts