< Back
World
ഒമിക്രോൺ കൂടുന്നു; നെതർലാൻഡ് വീണ്ടും ലോക്ക്ഡൗണിലേക്ക്
World

ഒമിക്രോൺ കൂടുന്നു; നെതർലാൻഡ് വീണ്ടും ലോക്ക്ഡൗണിലേക്ക്

Web Desk
|
19 Dec 2021 1:09 PM IST

നെതർലാന്‍ഡിനൊപ്പം നിരവധി യൂറോപ്പ്യൻ രാജ്യങ്ങളും കർശന നടപടികൾ സ്വീകരിച്ചു വരികയാണ്.

ആംസ്റ്റർ ഡാം: ഒമിക്രോൺ വ്യാപനത്തെ തുടർന്ന് രാജ്യവ്യാപക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് നെതർലാൻഡ്. കോവിഡിന്റെ പുതിയ വകഭേദം യൂറോപ്പിലാകെ പടരുന്ന സാഹചര്യത്തിലാണ് നെതർലാൻഡ് സർക്കാരിന്റെ തീരുമാനം. രാജ്യത്തെ എല്ലാ അവശ്യേതര സ്ഥാപനങ്ങളും ബാറുകളും റെസ്റ്ററന്റുകളും ജനുവരി 14 വരെ അടച്ചിടുമെന്ന് കെയര്‍ ടേക്കര്‍ പ്രധാനമന്ത്രി മാർക്ക് റുട്ടെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്‌കൂളുകളും സർവകലാശാലകളും ജനുവരി ഒമ്പതു വരെ അടച്ചിടുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് ആഘോഷ പരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

പൊതുഅവധി ദിനങ്ങളിലും സ്വകാര്യ ആഘോഷങ്ങളിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ബാധകമാണ്. ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് വീടുകളിൽ നാല് സന്ദർശകരെ മാത്രമേ അനുവദിക്കൂ. മറ്റു സാധാരണ ദിനങ്ങളിൽ രണ്ടു പേർക്കുമാണ് സന്ദർശനാനുമതി.

നെതർലാന്‍ഡിനൊപ്പം നിരവധി യൂറോപ്പ്യൻ രാജ്യങ്ങളും കർശന നടപടികൾ സ്വീകരിച്ചു വരികയാണ്. ഒമിക്രോണിന്റെ തീവ്ര വ്യാപനത്തെ തുടർന്ന് നിരവധി യൂറോപ്പ്യൻ രാജ്യങ്ങൾ പൗരന്മാർക്ക് യാത്രാ നിയന്ത്രണവും ഏർപ്പെടുത്തിയതോടെ ജനജീവിതം ദുസ്സഹമാകും. കോവിഡ് വൈറസിന്റെ ഒമിക്രോൺ വേരിയന്റ് 89 രാജ്യങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്.

യു.കെയിൽ പ്രതിദിന കേസുകൾ കുത്തനെ ഉയർന്നപ്പോൾ വീടിനുള്ളിൽ മാസ്‌ക്കുകൾ ധരിക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. നിശാ ക്ലബുകൾ, വലിയ ചടങ്ങുകൾ എന്നിവയ്ക്ക് പോകുമ്പോൾ വാക്സിനേഷൻ സ്വീകരിച്ചതിന്റെ തെളിവോ കൊറോണ വൈറസ് പരിശോധന ഫലമോ സാക്ഷ്യപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്രാൻസിൽ രോഗബാധ രൂക്ഷമായത് കണക്കിലെടുത്ത് അഞ്ച് മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്ക് ബുധനാഴ്ച്ച വാക്സിനേഷൻ നൽകി തുടങ്ങാനും തീരുമാനമായി.

ഒമിക്രോണിനെതിരെ നിലവിലുള്ള കോവിഡ് -19 വാക്സിനുകൾ എത്രത്തോളം ഫലപ്രദമാണ്, രോഗബാധിതരിൽ ഒമിക്രോൺ ഗുരുതരമായ അസുഖം ഉണ്ടാക്കുന്നുണ്ടോ എന്നതുൾപ്പെടെയുള്ള പ്രധാന ചോദ്യങ്ങൾക്ക് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Similar Posts