
ഗസ്സൻ തീരം തൊടാൻ ഹൻദല
|ഇസ്രായേലിനെതിരെയുള്ള ധീരമായ മുന്നേറ്റം എന്നതിനേക്കാൾ, ഗസ്സ ഫ്രീഡം ഫ്ലോട്ടില്ലയുടെ ഹൻദല നൗകയുടെ പേരും നിലവിൽ ചർച്ചചെയ്യപ്പെടുകയാണ്. കാരണം അതുവെറുമൊരു പേരുമാത്രമല്ല എന്നതാണ്. ഹൻദലയൊരു രാഷ്ട്രീയ ആശയമാണ്, ഗസ്സൻ ജനതയോടും മൊത്തം ഫലസ്തീനികളോടുമുള്ള ലോകത്തിന്റെ അപകടകരമായ നിസ്സംഗതയുടെ ഓർമപ്പെടുത്തലാണ്
ഗസ്സയ്ക്ക് മേൽ ഇസ്രായേൽ ഏർപ്പെടുത്തിയിരിക്കുന്ന മനുഷ്യത്വവിരുദ്ധവുമായ ഉപരോധങ്ങൾക്കെതിരെയുള്ള മുന്നേറ്റമാണ് 2008ൽ ആരംഭിച്ച ഗസ്സ ഫ്രീഡം ഫ്ലോട്ടില്ല. അവരുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ മാസം, അതായത് ജൂണിൽ. ഗ്രെറ്റ തുൻബർഗ് അടക്കമുള്ള 12 അംഗ സംഘം മദ്‌ലീൻ നൗകയിൽ സഹായവിതരണങ്ങളുമായി ഗസ്സയിലേക്ക് പുറപ്പെട്ടത്. പക്ഷെ ഗസ്സ തീരം തൊടുന്നതിന് മുൻപ് അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വച്ച് ഇസ്രായേലി സൈന്യം അവരെ തടഞ്ഞു. 12 അംഗങ്ങളെയും തട്ടിക്കൊണ്ടുപോയി, തടവിലാക്കി. പതിവുപോലെ ലോകം അതിനും മൂകസാക്ഷിയായി. എന്നാൽ ഇസ്രായേലിന്റെ ഭീഷണികൾ കൊണ്ടൊന്നും പിന്മാറില്ലെന്ന് ഗസ്സ ഫ്രീഡം ഫ്ലോട്ടില്ല അന്നുതന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ അവരുടെ നേതൃത്വത്തിൽ, ഗസ്സയിലേക്ക് പുതിയ നൗക പുറപ്പെടാൻ ഒരുങ്ങുകയാണ്. നൗകയുടെ പേര് ഹൻദല.
ഇസ്രയേലിനെതിരെയുള്ള ധീരമായ മുന്നേറ്റം എന്നതിനേക്കാൾ, ഹൻദല എന്ന പേരും നിലവിൽ ചർച്ചചെയ്യപ്പെടുകയാണ്. കാരണം അതുവെറുമൊരു പേരുമാത്രമല്ല എന്നതാണ്. ഹൻദലയൊരു രാഷ്ട്രീയ ആശയമാണ്, ഗസ്സൻ ജനതയോടും മൊത്തം ഫലസ്തീനികളോടുമുള്ള ലോകത്തിന്റെ അപകടകരമായ നിസ്സംഗതയുടെ ഓർമപ്പെടുത്തലാണ്.
ഹൻദല എന്ന നൗക ഗസ്സയിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നു എന്ന വിവരം 2025 ജൂലൈ ആറിനാണ് ഗസ്സ ഫ്രീഡം ഫ്ലോട്ടില്ല പുറത്തുവിട്ടത്. മദ്‌ലീൻ പോലെ, ഹൻദലയും പ്രതീകാത്മക പ്രതിഷേധമാണ്. ഗസ്സയുടെ മനുഷ്യാവകാശ വിഷയങ്ങളിലേക്ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കാനുള്ള പരിശ്രമം. ഗസ്സൻ തീരംതൊടാൻ മദ്ലീന് ആയില്ലെങ്കിൽ പോലും അവരുടെ ഉദ്ദേശ്യങ്ങൾ നിറവേറ്റാൻ അവർക്കായിരുന്നു. അതിന്റെ തുടർച്ചയിലാണ് ഹൻദലയും തയാറെടുക്കുന്നത്. ബലപ്രയോഗത്തിലൂടെയും അല്ലാതെയും എത്രയൊക്കെ ശ്രമിച്ചാലും ഗസ്സയ്ക്ക് നീതി ലഭിക്കും വരെ ഇസ്രയേലിനെതിരായ പോരാട്ടം തുടരുമെന്ന പ്രഖ്യാപനം കൂടിയാണ് ഹൻദലയിലൂടെ ഗസ്സ ഫ്രീഡം ഫ്ലോട്ടില്ല മുന്നോട്ടുവയ്ക്കുന്നത്. .
ഇനി ഹൻദല എന്ന പേരിന്റെ പ്രസക്തിയിലേക്ക് വരാം. നേരത്തെ പറഞ്ഞപോലെ ഹൻദല ഒരു ചിഹ്നമാണ്, ഫലസ്തീനി ചെറുത്തുനിൽപ്പിന്റെ പ്രതീകം. 1973 മുതൽ ഹൻദല എന്ന ആ പത്തുവയസുകാരന്‍റെ കാർട്ടൂൺ ചിത്രം ലോകമെമ്പാടുമുള്ള ഫലസ്തീൻ ഐക്യദാർഢ്യ പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ്. നഗ്നപാദനായി കയ്യും പിറകിൽ കെട്ടി യാതൊന്നിനെയും കൂസാത്ത മട്ടിൽ നിൽക്കുന്ന ഒരു ബാലൻ. അന്തരിച്ച ഫലസ്തീനിയൻ കാർട്ടൂണിസ്റ്റ് നാജി അൽ-അലിയാണ് ഹൻദലയ്ക്ക ജീവൻ നൽകിയത്.
ലോകരാജ്യങ്ങൾ കൂടി പങ്കാളിയായ ഫലസ്തീനെതിരായ അനീതിക്കെതിരെയുള്ള പ്രതീകാത്മക പ്രതിഷേധ രൂപമെന്ന നിലയ്ക്കാണ് നാജി അൽ അലി ഹൻദാലയെ സൃഷിടിച്ചത്. ലോകം ഫലസ്തീനികളോട് പുറംതിരിഞ്ഞു നിൽക്കുന്നു എന്നതിനെ കൂടിയാണ് ഹൻദല സൂചിപ്പിക്കുന്നത്.
1948ലെ ഇസ്രായേൽ രാഷ്ട്ര രൂപീകരണത്തോടെ ഫലസ്തീനികൾ നിർബന്ധിത കുടിയിറക്കത്തിന് വിധേയരായിരുന്നു. ഒന്നാം നക്ബ എന്നാണ് അതറിയപ്പെടുന്നത്. അന്നത്തെ ആ ഓർമയിൽനിന്നാണ് നാജി അൽ അലി ഹൻദലയ്ക്ക് രൂപം കൊടുക്കുന്നത്. മുള്ളൻ മുടിയും നഗ്നമായ പാദങ്ങളും മുഷിഞ്ഞ വസ്ത്രങ്ങളുമുള്ള ഹൻദാല അങ്ങനെ നിസ്വരായ ഫലസ്തീനികളുടെ ചിഹ്നമായി മാറി.
"ഹൻദല എന്റെ കയ്യൊപ്പാണ്. മുള്ളുകൾ ആയുധമാക്കുന്ന മുള്ളൻപന്നിയുടെ മുടി പോലെയാണ് അവന്റെ മുടി. ഒരു തടിച്ച, സന്തോഷമുള്ള, സ്വസ്ഥനായ ലാളന അനുഭവിക്കുന്ന ഒരു കുട്ടിയല്ല ഹൻദല. ഹൻദല ജനിച്ചത് പത്താം വയസിലാണ്. അവന് എപ്പോഴും പത്ത് വയസ്സായിരിക്കും. പ്രകൃതി നിയമങ്ങൾ അവനു ബാധകമല്ല. അവൻ അതുല്യനാണ്. അവന്റെ ജന്മഭൂമി തിരികെ ലഭിച്ചാൽ മാത്രമേ കാര്യങ്ങൾ സാധാരണ നിലയിലാകൂ," നാജി അലി ഒരിക്കൽ ഹൻദാലയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു.
1969ൽ ഒരു കുവൈറ്റി പത്രത്തിലാണ് ഹൻദല ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അന്നാണ് ആദ്യമായും അവസാനമായും കാഴ്ചക്കാരനെ അഭിമുഖീകരിക്കുന്ന തരത്തില്‍ ഹൻദല പ്രത്യക്ഷപ്പെട്ടത്. പിന്നീട് 1973ലെ ഒക്ടോബർ യുദ്ധത്തിന് തൊട്ടുപിന്നാലെ നാജി അൽ-അലി ഇന്നുകാണുന്ന തരത്തിൽ പുറം തിരിഞ്ഞ് നിൽക്കുന്ന ഹൻദലയെ വരയ്ക്കാൻ ആരംഭിച്ചു.
ഫലസ്തീനിലെ വരണ്ട പ്രദേശങ്ങളിൽ വളരുന്ന കയ്പേറിയ പഴമാണ് 'ഹൻദൽ.' വെട്ടുന്നതിന് അനുസരിച്ച് വീണ്ടും വളരുകയും ആഴത്തിൽ വേരുകളുള്ളതുമായ ചെടിയിലാണ് ഹൻദൽ ഉണ്ടാകുന്നത്. ഇതില്‍ നിന്നാണ് ഹൻദല എന്ന പേര് നാജി അലി കണ്ടെത്തിയതും. ഈ പഴത്തിന്റെ പേര് നൽകിയതിലൂടെ പലസ്തീനികളുടെ കയ്പേറിയ ജീവിതത്തെ കൂടി പ്രതിനിധീകരിക്കുന്നുണ്ട് ഹൻദല .