< Back
World
ട്രംപ് പിണങ്ങിയത് നൊബേലിന്റെ പേരിൽ; മോദിയുമായുള്ള പിണക്കത്തിന്റെ കാരണം പറഞ്ഞ് ന്യൂയോർക്ക് ടൈംസ്
World

ട്രംപ് പിണങ്ങിയത് നൊബേലിന്റെ പേരിൽ; മോദിയുമായുള്ള പിണക്കത്തിന്റെ കാരണം പറഞ്ഞ് ന്യൂയോർക്ക് ടൈംസ്

Web Desk
|
30 Aug 2025 5:07 PM IST

മോദി ട്രംപിന് വഴങ്ങാത്തതിന്റെ പേരിലാണ് തീരുവഭീഷണി തുടങ്ങിയതെന്ന് ന്യൂയോർക് ടൈംസ് പറയുന്നു

ന്യൂഡൽഹി: നരേന്ദ്ര മോദിയുമായി ട്രംപ് പിണങ്ങിയത് നൊബേലിന്റെ പേരിലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് തന്നെ നാമനിർദേശം ചെയ്യണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇതിന് മോദി സമ്മതിക്കാത്തത് ട്രംപിനെ ചൊടിപ്പിക്കുകയായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു.

കൂടാതെ ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് ട്രംപാണെന്ന് സമ്മതിക്കാനും സമ്മർദമുണ്ടായിരുന്നു. ജൂൺ 17ന് ട്രംപും മോദിയും തമ്മിൽ നടന്ന ഫോൺസംഭാഷണത്തിന് ശേഷമാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് അംഗീകരിക്കാൻ ട്രംപ് ആവശ്യപ്പെട്ടതായും പാകിസ്താൻ തന്നെ സമാധാനത്തിനുള്ള നൊബേലിന് നിർദേശിക്കുന്നതായും ആ ഫോൺ സംഭാഷണത്തിൽ ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ട്.

ഇതിന് പിന്നാലെ പാകിസ്താൻ ട്രംപിന് സമാധാനത്തിനുള്ള നൊബേൽ നാമനിർദേശവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ ട്രംപിന്റെ ആവശ്യം അംഗീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചതോടെ ബന്ധം വഷളാവുകയായിരുന്നു. ഇതിന് പ്രതികാരമായാണ് തീരുവ വർധനവ് അടക്കമുള്ള തീരുമാനവുമായി ട്രംപ് ഭരണകൂടം മുന്നോട്ട് വരുന്നതെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യ പാകിസ്താൻ മാത്രമല്ല, ലോകത്തിലെ ആറ് യുദ്ധങ്ങൾ ആറുമാസം കൊണ്ട് അവസാനിപ്പിച്ചു എന്നാണ് ട്രംപിന്റെ അവകാശവാദം. അതുകൊണ്ട് തന്നെ താൻ എന്ത് കൊണ്ടും നൊബേലിൻ അർഹനാണെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. തന്റെ ഇംഗിതത്തിന് വഴങ്ങാത്ത നിലപാട് മോദി ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായതോടെയാണ് ഇന്ത്യയെ ഞെരുക്കാനും തീരുവയടക്കം കാണിച്ച് ഭീഷണിപ്പെടുത്താനുമുള്ള ശ്രമമെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, ട്രംപിന്റെ തീരുവ വർധനവടക്കമുള്ള തീരുമാനത്തോടെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ മാറ്റമുണ്ടായിരിക്കുകയാണ്. ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ചയടക്കം ലക്ഷ്യം വെച്ച് ഏഴ് വർഷത്തിന് ശേഷം മോദി ചൈനയിലെത്തി. ഈ പശ്ചാത്തലത്തിലാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പുറത്തുവരുന്നത്.

Similar Posts