< Back
World
18 വർഷത്തിന് ശേഷം ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം പാക്കിസ്ഥാനിൽ
World

18 വർഷത്തിന് ശേഷം ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം പാക്കിസ്ഥാനിൽ

Sports Desk
|
11 Sept 2021 6:58 PM IST

ഡി.ആർ.എസ്സില്ലാത്തതിനാൽ പാക്‌ -ന്യൂസിലാൻഡ് മത്സരം വേൾഡ് സൂപ്പർ ലീഗിന് ഫിക്‌സ്ച്ചറിന് പുറത്താണ്

ലാഹോർ: 18 വർഷത്തിന് ശേഷം ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലെത്തി. സെപ്തംബർ 17 മുതൽ തുടങ്ങുന്ന മൂന്നു മത്സരങ്ങളടങ്ങുന്ന ഏകദിനപരമ്പരയും അഞ്ച് ടി20 യും കളിക്കാനാണ് സന്ദർശനം. 2003 ൽ നടന്ന ഏകദിന പരമ്പരയിൽ പാക്കിസ്ഥാൻ 5-0 ന് വിജയിച്ച ശേഷം ആദ്യമായാണ് ന്യൂസിലാൻഡ് ഇവിടെ കളിക്കാനെത്തുന്നത്.

ഡിസിഷൻ റിവ്യൂ സൗകര്യമില്ലാത്തതിനാൽ (ഡി.ആർ.എസ്) പാകിസ്ഥാൻ - ന്യൂസിലാൻഡ് ഏകദിന പരമ്പര ഐ.സി.സി ക്രിക്കറ്റ് വേൾഡ് കപ്പ് സൂപ്പർ ലീഗ് ഫിക്‌സച്ചറിന് പുറത്താണ്. ഉഭയക്ഷി മത്സരമായി പരമ്പര നടത്താൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും ന്യൂസിലാൻഡ് ക്രിക്കറ്റ് അധികൃതരും ധാരണയിലെത്തി.

2022-23 സീസണിൽ ന്യൂസിലാൻഡ് വീണ്ടുമെത്തി രണ്ട് ടെസ്റ്റുകളും മൂന്നു ഏകദിനങ്ങളും കളിക്കുമെന്ന് പി.സി.ബി അറിയിച്ചു. ഈ ഏകദിനങ്ങൾ 2023 ലോകകപ്പ് യോഗ്യത മത്സരമായി പരിഗണിക്കും.

2003 ൽ ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തിനരികിൽ വെച്ച് സന്ദർശനത്തിനെത്തിയ ശ്രീലങ്കൻ ടീമിന്റെ ബാറ്റിംഗ് കോച്ച് തിലൻ സമരവീരക്ക് വെടിയേറ്റ ശേഷം അധികം അന്താരാഷ്ട്ര ടീമുകൾ പാക്കിസ്ഥാനിലെത്തിയിരുന്നില്ല. യു.എ.ഇ പോലെയുള്ള നിഷ്പക്ഷ വേദികളിൽ മത്സരം നടത്താറായിരുന്നു പതിവ്.

2002 ൽ ടീം താമസിച്ച കറാച്ചിയിലെ ഹോട്ടലിന് പുറത്ത് ബോംബ് സ്‌ഫോടനം ഉണ്ടായതിനെ തുടർന്ന് ന്യൂസിലാൻഡും പര്യടനം വെട്ടിച്ചുരുക്കിയിരുന്നു. എന്നാൽ 2003 ൽ അവർ വീണ്ടും സന്ദർശനത്തിനെത്തി.

ഇക്കുറി ബുള്ളറ്റ് പ്രൂഫ് ബസിലാണ് ന്യൂസിലാൻഡ് ടീമിനെ ഹോട്ടലിലെത്തിച്ചത്. കഴിഞ്ഞ ആറു വർഷത്തിനിടെ സിംബാവെ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക എന്നീ ടീമുകൾ പാക്കിസ്ഥാനിൽ മത്സരത്തിന് എത്തിയിട്ടുണ്ട്.

സെപ്തംബർ 17, 19, 21 ദിവസങ്ങളിൽ റാവൽപിണ്ടിയിലാണ് ഏകദിന മത്സരം. ലാഹോറിലാണ് ടി 20 മത്സരം നടക്കുക.

Similar Posts