< Back
World
TB Joshua

ടി.ബി ജോഷ്വ

World

വിശ്വാസികളായ സ്ത്രീകളെ ബലാത്സംഗം ചെയ്തു, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്തി; ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സ്ഥാപകന്‍റെ ക്രൂരതയുടെ കഥകള്‍ പുറത്ത്

Web Desk
|
9 Jan 2024 10:34 AM IST

2021ല്‍ അന്തരിച്ച ജോഷ്വാ വലിയ രീതിയില്‍ ആഗോള പ്രേക്ഷകരുള്ള മികച്ച പ്രാസംഗികനും കൂടിയാണ്

ലണ്ടന്‍: ചാനലുകളിലൂടെ ദൈവപ്രഘോഷണം നടത്തി ലോകം മുഴുവന്‍ അനുയായികളെ സൃഷ്ടിച്ച ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സ്ഥാപകന്‍ നടത്തിയ ലൈംഗിക പീഡനത്തിന്‍റെയും അതിക്രമങ്ങളുടെയും തെളിവുകളുമായി ബിബിസി. ബിബിസി നടത്തിയ രണ്ടുവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് നൈജീരിയന്‍ ടെലിവാഞ്ചലിസ്റ്റ് ടി.ബി. ജോഷ്വക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

2021ല്‍ അന്തരിച്ച ജോഷ്വാ വലിയ രീതിയില്‍ ആഗോള പ്രേക്ഷകരുള്ള മികച്ച പ്രാസംഗികനും കൂടിയാണ്. കൂടാതെ സിനഗോഗ് ചര്‍ച്ച് ഓഫ് ഓള്‍ നേഷന്‍സിന്‍റെ സ്ഥാപകനുമാണ്. ബിബിസി നടത്തിയ അന്വേഷണത്തില്‍ ജോഷ്വാ ഉള്‍പ്പെടെ പല സഭാംഗങ്ങളുടെയും ഭയാനകമായ കഥകള്‍ തുറന്നുകാട്ടി. യുകെയില്‍ നിന്നുള്ള അഞ്ചുപേര്‍ ഉള്‍പ്പെടെ 25ലധികം മുന്‍ സഭാംഗങ്ങള്‍ ജോഷ്വക്കെതിരെ രംഗത്തെത്തി. ജോഷ്വാ സ്ത്രീകളെ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയമാക്കുകയും ചെയ്തതായി ഇവര്‍ വെളിപ്പെടുത്തുന്നു. കുട്ടികളെ ദുരുപയോഗം ചെയ്തതും ആളുകളെ ചങ്ങലക്കിട്ട് ചമ്മട്ടികൊണ്ട് അടച്ചതും ഉള്‍പ്പെടെ ജോഷ്വ നടത്തിയ ശാരീരിക അതിക്രമങ്ങളുടെയും പീഡനത്തിന്റെയും ഡസന്‍ കണക്കിന് ദൃക്സാക്ഷി വിവരണങ്ങളും പുറത്തുവന്നവയില്‍ ഉള്‍പ്പെടുന്നു.കോമ്പൗണ്ടിനുള്ളില്‍ വച്ച് ജോഷ്വാ തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സ്ത്രീകള്‍ വ്യക്തമാക്കുന്നു.

ഇരകളില്‍ ഒരാളായ ബ്രിട്ടീഷ് വനിത റേ 2002ല്‍ ബ്രൈറ്റണ്‍ യൂണിവേഴ്സിറ്റിയിലെ ബിരുദം ഉപേക്ഷിച്ച് സഭയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുമ്പോള്‍ 21 വയസ്സായിരുന്നു പ്രായം. അടുത്ത 12 വര്‍ഷം അവര്‍ ജോഷ്വയുടെ ശിഷ്യകളില്‍ ഒരാളായി ലാഗോസിലെ കോണ്‍ക്രീറ്റ് കോമ്പൗണ്ടില്‍ ചെലവഴിച്ചു. സ്വര്‍ഗത്തിലാണെന്ന് കരുതയാണ് എല്ലാവരും എല്ലാം സഹിച്ചതെന്നും യഥാര്‍ഥത്തില്‍ നരകത്തിലായിരുന്നുവെന്നും റെ ബി ബി സിയോട് പറഞ്ഞു. ജോഷ്വ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും രണ്ട് വര്‍ഷത്തോളം ഏകാന്ത തടവിലിടുകയും ചെയ്തുവെന്ന് അവര്‍ പറയുന്നു. ദുരുപയോഗം വളരെ കഠിനമായിരുന്നുവെന്നും കോമ്പൗണ്ടിനുള്ളില്‍ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും റേ കൂട്ടിച്ചേര്‍ത്തു.

ഇമ്മാനുവല്‍ ടി വി എന്ന പേരില്‍ ഒരു ക്രിസ്ത്യന്‍ ടി വി ചാനലും സോഷ്യല്‍ മീഡിയ നെറ്റ്‍വര്‍ക്കുകളും പ്രവര്‍ത്തിപ്പിക്കുന്ന സിനഗോഗ് ചര്‍ച്ച് ഓഫ് ഓള്‍ നേഷന്‍സിന് ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ട്. 1990കളിലും 2000ത്തിന്റെ തുടക്കത്തിലും യൂറോപ്പ്, അമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ നൈജീരിയയിലെ പള്ളിയില്‍ ജോഷ്വയുടെ സൗഖ്യമാക്കല്‍ അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. കുറഞ്ഞത് 150 പേരെങ്കിലും ലാഗോസിലെ അദ്ദേഹത്തിന്‍റെ കോമ്പൗണ്ടില്‍ ശിഷ്യന്മാരായി പതിറ്റാണ്ടുകളോളം താമസിച്ചു. വ്യാജ അത്ഭുത രോഗശാന്തി പ്രയോഗത്തിലൂടെയും ജോഷ്വാ അനുയായികളെ ആകര്‍ഷിച്ചിരുന്നു.

ജോഷ്വാ തങ്ങളുടെ വസ്ത്രം വലിച്ചുകീറിയെന്നും വൈദ്യുതി കേബിളുകളും കുതിര ചമ്മട്ടിയും ഉപയോഗിച്ച് തല്ലുകയും ഉറക്കം നിഷേധിക്കുകയും ചെയ്തുവെന്നും ഇരകള്‍ പറയുന്നു. ലാഗോസില്‍ നിന്നും ദൃശ്യങ്ങള്‍ ശ്രമിക്കുന്നതിനിടെ പള്ളിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചതിനെക്കുറിച്ച് ബിബിസി ടീം വെളിപ്പെടുത്തി. നിലവില്‍ ജോഷ്വയുടെ വിധവയായ എവ്‍ലിനാണ് സിനഗോഗ് ചര്‍ച്ച് ഓഫ് ഓള്‍ നേഷന്‍സിന്‍റെ ചുമതല. എന്നാല്‍ ജോഷ്വക്കെതിരെയുള്ള ആരോപണങ്ങളെ സഭ നിഷേധിച്ചു. “ടിബി ജോഷ്വാ പ്രവാചകനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് പുതിയ സംഭവമല്ല. ആരോപണങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ല.” എന്നായിരുന്നു സഭയുടെ വാദം.

1990 കളിലും 2000 കളുടെ തുടക്കത്തിലും, യൂറോപ്പ്, അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികള്‍ ജോഷ്വയുടെ "സൗഖ്യമാക്കൽ അത്ഭുതങ്ങൾ" കാണാന്‍ നൈജീരിയയിലെ പള്ളി സന്ദർശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍,സിനിമാതാരങ്ങള്‍,അന്താരാഷ്ട്ര ഫുട്ബോള്‍ കളിക്കാര്‍ എന്നിവരും അദ്ദേഹത്തിന്‍റെ അനുയായികളായിരുന്നു.

Related Tags :
Similar Posts