നെതന്യാഹുവിനെതിരെ മുഖം തിരിച്ച് ഒമ്പത് രാജ്യങ്ങൾ
|ഫലസ്തീൻ അധിനിവേശത്തിന് ഇസ്രയേലിനെതിരെ നടപടിയെടുക്കുമെന്ന് ഹേഗ് ഗ്രൂപ്പിൻ്റെ കീഴിൽ സംഘടിച്ച ഒമ്പത് രാജ്യങ്ങൾ പറഞ്ഞു
ജെറുസലേം: ഇസ്രായേൽ പ്രധാനമന്ത്രിക്കും മുൻപ്രതിരോധ മന്ത്രിക്കുമെതിരായി അറസ്റ്റ് വാറണ്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒമ്പത് രാജ്യങ്ങൾ. ഇസ്രായേലിന് ആയുധങ്ങളും യുദ്ധോപകരണങ്ങളും ലഭിക്കുന്നതിനെ ചെറുക്കുമെന്ന് രാജ്യങ്ങൾ പ്രഖ്യാപിച്ചു. ഹേഗ് ഗ്രൂപ്പ് എന്ന പേരിൽ അണിനിരന്ന ബെലീസ്, ബൊളീവിയ, കൊളംബിയ, ക്യൂബ, ഹോണ്ടുറാസ്, മലേഷ്യ, നമീബിയ, സെനഗൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് നിലപാട് സ്വീകരിച്ചത്.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം, ഫലസ്തീനിലെ വംശഹത്യ നിരോധനം എന്നീ അന്താരാഷ്ട്ര നിയമങ്ങൾ ഇസ്രായേൽ ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹേഗ് ഗ്രൂപ്പിന്റെ തിരുമാനം. അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ), ഇൻ്റർനാഷണൽ ക്രിമിനൽ കോടതി (ഐസിസി) എന്നിവയുടെ വിധികളോടുള്ള ഇസ്രായേലിൻ്റെ സമീപനവും തീരുമാനങ്ങൾക്ക് പിന്നിലുണ്ടെന്ന് ഹേഗ് ഗ്രൂപ്പ് വ്യക്തമാക്കി. വെള്ളിയാഴ്ച്ച നടന്ന ഹേഗ് ഗ്രൂപ്പിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു പ്രസ്താവന.
നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനുമെതിരായ വാറൻ്റുകൾക്ക് ഐസിസിയുടെ അനുമതി നൽകാനുള്ള ബിൽ യുഎസ് ഫെഡറൽ നിയമനിർമ്മാണ സഭയിൽ പാസാക്കാൻ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹേഗ് ഗ്രൂപ്പിൻ്റെ രൂപീകരണം. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രയേലിനെതിരെ കേസ് കൊണ്ട് വന്ന ദക്ഷിണാഫ്രിക്ക ഹേഗ് ഗ്രൂപ്പിൽ ഒരു അംഗമാണ്. ഇസ്രായേൽ ഗസയിൽ വംശഹത്യ നടത്തുന്നു എന്നായിരുന്നു കേസ്. ദക്ഷിണാഫ്രിക്കയുടെ കേസിൽ ബെലീസും അണിചേർന്നിരുന്നു.
ഇസ്രായേൽ-ഹമാസ് വെടിനിർത്തലിന് ശേഷം തീരദേശത്തിൻ്റെ വടക്ക് ഭാഗത്തേക്ക് മടങ്ങിയെത്തുന്ന ഗസക്കാരെ സംരക്ഷിക്കാനുള്ള അന്തരാഷ്ട്ര ശ്രമം ഉണ്ടാകണമെന്നും ഹേഗ് ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ ക്രൂരതകൾ കൂട്ടക്കൊലയ്ക്കും പീഡനത്തിനും അപ്പുറമാണെന്നും അന്താരാഷ്ട്ര നിയമത്തിൻ്റെ അടിത്തറകളോടാണ് അവർ യുദ്ധം ചെയ്യുന്നതെന്നും അത് പ്രതിരോധിക്കാൻ ആഗോള സമൂഹത്തിന് ബാധ്യതയുണ്ടെന്നും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമി പറഞ്ഞു.