< Back
World
Nine wounded from rocket fire in northern Israel
World

ഇസ്രായേലിൽ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; ഒമ്പതുപേർക്ക് പരിക്ക്

Web Desk
|
19 Oct 2024 3:21 PM IST

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തിയിരുന്നു.

ജെറുസലേം: ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തിൽ വടക്കൻ ഇസ്രായേലിൽ ഒമ്പതുപേർക്ക് പരിക്ക്. ഇസ്രായേലി എമർജൻസി സർവീസ് ഇക്കാര്യം സ്ഥിരീകരിച്ചു.

കിർയത് അറ്റയിൽ അഞ്ചുപേർക്ക് പരിക്കേറ്റു. 28 വയസ്സുള്ള യുവാവിന് സാരമായി പരിക്കേറ്റിട്ടുണ്ട്. രണ്ടുപേർക്ക് ചെറിയ മുറിവുകളാണുള്ളത്. മറ്റു രണ്ടുപേർക്ക് സ്‌ഫോടനത്തിന്റെ ആഘാതത്തിൽ നിസ്സാര പരിക്കുണ്ടെന്നും എമർജൻസി വിഭാഗത്തിലെ മാഗെൻ ഡേവിഡ് ആഡമിനെ ഉദ്ധരിച്ച് ഹാരറ്റ്‌സ് റിപ്പോർട്ട് ചെയ്തു.

പടിഞ്ഞാറൻ ഗലിലീയിലെ റോഡിൽ പതിച്ച റോക്കറ്റ് ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇതിൽ 30 വയസുകാരനായ ഒരു യുവാവിന് ഗുരുതര പരിക്കുണ്ട്. മൂന്നുപേർക്ക് നിസ്സാര പരിക്കുകളാണുള്ളത്. ഹിസ്ബുല്ലയുടെ തുടർച്ചയായ ആക്രമണങ്ങൾക്ക് സാധ്യതയുള്ളതിനാൽ വടക്കൻ ഇസ്രായേലിൽ അപായ സൈറണുകൾ തുടർച്ചയായി മുഴങ്ങുന്നതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നേരത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തിയിരുന്നു. തെൽഅവീവിനും ഹൈഫക്കും ഇടയിലുള്ള തീരനഗരമായ സീസറിയയിലാണ് ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടന്നത്. നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് 'ജറുസലം പോസ്റ്റ്' റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ സീസറിയ നഗരം വിറച്ചതായി 'ടൈംസ് ഓഫ് ഇസ്രായേലും' റിപ്പോർട്ട് ചെയ്തു.

Similar Posts