
റഫ അതിർത്തി തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ല; ഗസ്സയിൽ രണ്ടാംഘട്ട വെടിനിർത്തൽ ചർച്ച സജീവം
|ഖത്തർ, ഈജിപ്ത് വിദേശകാര്യമന്ത്രിമാർ ചർച്ച നടത്തി
ഗസ്സ സിറ്റി: ഇസ്രായേൽ വെടിനിർത്തൽ ലംഘനം തുടരുന്നതിനിടെ രണ്ടാം ഘട്ട നടപടികളുമായി ബന്ധപ്പെട്ട് ഖത്തർ. അനിശ്ചിതത്വം തുടരുന്നതിനിടയിലും വെടിനിർത്തൽ രണ്ടാംഘട്ട ചർച്ചകളുമായി മധ്യസ്ഥ രാജ്യങ്ങൾ. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി ഈജിപ്ത് വിദേശകാര്യ മന്ത്രി ബദ്ർ അബ്ദുല്ലത്തി ടെലിഫോണിൽ ചർച്ച നടത്തി.
അമേരിക്കയുമായി നടന്ന ചർച്ചകളുടെ തുടർ നീക്കം സംബന്ധിച്ച കാര്യങ്ങളാണ് ടെലിഫോൺ സംഭാഷണത്തിൽ പ്രധാനമായും കടന്നുവന്നത്. രണ്ടാംഘട്ട വെടിനിർത്തൽ നടപടികൾ ശക്തമായി തുടരാൻ വൈകരുതെന്ന് മധ്യസ്ഥ രാജ്യങ്ങൾ അമേരിക്കയെ അറിയിച്ചതായി റിപ്പോർട്ടുണ്ട്. റഫ അതിർത്തി തുറക്കുന്നതു സംബന്ധിച്ച് ഇസ്രായേൽ ഇനിയും തീരുമാനമെടുത്തിട്ടില്ല. അവസാന ബന്ദിയുടെ മൃതദേഹം ലഭിക്കാതെ രണ്ടാംഘട്ട വെടിനിർത്തലിന് തയാറല്ലെന്ന കടുംപിടിത്തം ഇസ്രായേൽ തുടരുകയാണ്. തെക്കൻ ഗസ്സയിൽ അന്താരാഷ്ട്ര റെഡ്ക്രോസ് സഹായത്തോടെ മൃതദേഹത്തിനായുള്ള തെരച്ചിൽ നടപടികൾ ആരംഭിച്ചു.
അതിനിടെ, സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ആശയം തകർക്കാൻ ജറൂസലമിൽ വിപുലമായ അനധികൃത കുടിയേറ്റ പദ്ധതിയുമായി മുന്നോട്ട് പോകാൻ ഇസ്രയേൽ തീരുമാനിച്ചു. വിവാദ കുടിയേറ്റ നിർമാണ പദ്ധതിക്ക് നിർമാതാക്കളിൽനിന്ന് ഇസ്രായേൽ അപേക്ഷ ക്ഷണിച്ചു. ഇ വൺ പദ്ധതിയെന്ന പേരിൽ ജറൂസലമിനെ രണ്ടായി പിളർത്തുന്ന കുടിയേറ്റ നിർമാണമാണിത്.ഒരു മാസത്തിനകം പ്രാഥമിക ഘട്ട നടപടികൾക്ക് തുടക്കമാകും.ജറൂസലമിന്റെ ഉൾപ്രദേശങ്ങളിൽ ആരംഭിച്ച് അധിനിവിഷ്ട വെസ്റ്റ് ബാങ്ക് വരെ നീളുന്ന പദ്ധതി നടപ്പാക്കുന്നതോടെ മേഖലയിൽ ഫലസ്തീൻ രാഷ്ട്ര സ്ഥാപനം ദുഷ്‍കരമാകും. തീവ്ര വലതുപക്ഷ നേതാവും ധനകാര്യ മന്ത്രിയുമായ ബെസലേൽ സ്മോട്രിച്ചിന്റെ മേൽനോട്ടത്തിലാണ് ഇ വൺ പദ്ധതി നടപ്പാക്കുന്നത്.