< Back
World
ഇറാൻ ആണവായുധം നിർമിക്കുന്നതിന് തെളിവില്ല, ഇത്രയേറെ യുറേനിയം സംഭരിക്കുന്നത് ആശങ്ക: വെളിപ്പെടുത്തലുമായി ആണവോർജ ഏജൻസി മേധാവി
World

ഇറാൻ ആണവായുധം നിർമിക്കുന്നതിന് തെളിവില്ല, ഇത്രയേറെ യുറേനിയം സംഭരിക്കുന്നത് ആശങ്ക: വെളിപ്പെടുത്തലുമായി ആണവോർജ ഏജൻസി മേധാവി

അൻഫസ് കൊണ്ടോട്ടി
|
4 March 2026 1:13 PM IST

ആണവായുധം നിര്‍മിക്കുന്നത് ലോകത്തിന് ഭീഷണിയാണെന്നും അതിനാലാണ് ഇറാനെ ആക്രമിച്ചതെന്നുമായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം

വിയന്ന: ആണവായുധ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനായി വേഗമേറിയ പദ്ധതികള്‍ക്ക് ഇറാന്‍ തുടക്കമിട്ടിരിക്കുന്നുവെന്ന അമേരിക്കന്‍-ഇസ്രായേല്‍ വാദം തള്ളി ഐക്യരാഷ്ട്ര സഭയുടെ ആണവോര്‍ജ ഏജന്‍സി മേധാവി. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിന് തെളിവില്ലെന്നും ഇത്രയധികം യുറേനിയം സംഭരിച്ചുവെക്കുന്നതില്‍ ആശങ്കയുണ്ടെന്നും ഐഎഇഎ തലവന്‍ റാഫേല്‍ ഗ്രോസി പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു ഗ്രോസിയുടെ പ്രതികരണം.

'ഇറാന്റെ ആണവോര്‍ജ പദ്ധതികളുമായി ബന്ധപ്പെട്ട് വ്യക്തവും കൃത്യവുമായി റിപ്പോര്‍ട്ട് നേരത്തെ ഞാന്‍ തയ്യാറാക്കിയിരുന്നു. ഇപ്പോഴും അതേ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്, ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നുവെന്നതിന് ഒരു തെളിവുമില്ല. എങ്കിലും, യുറേനിയം ഇത്ര വലിയ അളവില്‍ സംഭരിച്ചുവെക്കുന്നതും എന്റെ ഇന്‍സ്‌പെക്ഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാന്‍ പൂര്‍ണമായി അനുവാദം നല്‍കാത്തതും ആശങ്കയ്്ക് വഴിയൊരുക്കുന്നുണ്ട്. നിലവിലെ സുരക്ഷാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇറാന്‍ സഹകരിക്കാത്തപക്ഷം അവരുടെ ആണവായുധ പദ്ധതികള്‍ സുരക്ഷിതമാണെന്ന് ഏജന്‍സിക്ക് ഉറപ്പുനല്‍കാനാവില്ല'. ഗ്രോസി വ്യക്തമാക്കി.

നേരത്തെ, ആണവായുധം നിര്‍മിക്കുന്നത് ലോകത്തിന് ഭീഷണിയാണെന്നും അതിനാലാണ് ഇറാനെ ആക്രമിച്ചതെന്നുമായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം. 2025 ജൂണിലും ഇറാന്റെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുഎസ് ആക്രമണം നടത്തിയിരുന്നു. ഇറാന്റെ ആണവസൗകര്യങ്ങളെല്ലാം തകര്‍ത്തുകളഞ്ഞെന്നും ഇതോടെ ലോകം കൂടുതല്‍ സുരക്ഷിതമായെന്നുമായിരുന്നു ഇറാനെതിരായ ആക്രമണത്തെ ന്യായീകരിച്ചുകൊണ്ട് അന്ന് ട്രംപ് പറഞ്ഞിരുന്നത്.

എന്നാല്‍, ഇറാന്‍ ആണവായുധം നിര്‍മിക്കുന്നത് ലോകത്തിന് ഭീഷണിയാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് ആവര്‍ത്തിച്ചിരുന്നു. ഇറാനെതിരായ സൈനിക നടപടി തുടരുമെന്നും വേണ്ടിവന്നാല്‍ കരയുദ്ധം നടത്തുമെന്നുമായിരുന്നു ട്രംപിന്റെ മറുഭീഷണി. ട്രംപിന്റെ അവകാശവാദത്തെ പരിഹസിച്ചുകൊണ്ട് മുതിര്‍ന്ന സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് രംഗത്തെത്തിയിരുന്നു. വിയറ്റ്‌നാമിലെയും ഇറാഖിലെയും പോലെ മറ്റൊരു നുണയും അതിന്മേലുള്ള മറ്റൊരു യുദ്ധവുമാണ് നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ നേതൃത്വത്തില്‍ നിര്‍മിച്ച ആണവായുധശേഖരമുപയോഗിച്ച് കൂടുതല്‍ ശക്തിപ്രാപിക്കുമെന്നതിനാലാണ് യുഎസുമായി ചേര്‍ന്ന് ഇറാനെ ആക്രമിച്ചതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. പുതിയ ആണവായുധ കേന്ദ്രങ്ങളുടെ നിര്‍മാണം ഇറാന്‍ വേഗത്തിലാക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ അവരെ ആക്രമിച്ചില്ലെങ്കില്‍ പിന്നീടൊരിക്കലും സാധിക്കാത്ത വിധം പ്രതിരോധിക്കുമെന്നും നെതന്യാഹു വാദിച്ചിരുന്നു.

അതേസമയം, യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തിന്റെ ഭാഗമായി 1700 സ്ഥലങ്ങളില്‍ മിന്നലാക്രമണം നടത്തിയെന്ന് യുഎസ് സ്ഥിരീകരിച്ചു. നാവിക കപ്പലുകളും അന്തര്‍വാഹിനികളും മിസൈല്‍ കേന്ദ്രങ്ങളും ആക്രമിച്ചെന്ന് യുഎസ് അറിയിച്ചു. അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ നീണ്ട യുദ്ധത്തിന് തയ്യാറെന്ന് ഇറാന്‍ പ്രതിരോധ മന്ത്രാലയവും പ്രതികരിച്ചു.

Similar Posts