
നര്‍ഗീസ് മുഹമ്മദി
ഇറാനിയന്‍ ആക്ടിവിസ്റ്റ് നര്‍ഗിസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള നൊബേല്‍
|സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലിനെതിരെ പോരാടിയതിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനുമുള്ള പോരാട്ടത്തിനുമാണ് പുരസ്കാരം
സ്റ്റോക്ക്ഹോം: 2023ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് ഇറാനിയന്‍ ആക്ടിവിസ്റ്റ് നര്‍ഗിസ് മുഹമ്മദി അര്‍ഹയായി. സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലിനെതിരെ പോരാടിയതിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനുമുള്ള പോരാട്ടത്തിനുമാണ് പുരസ്കാരമെന്ന് സ്റ്റോക്ക്ഹോമിലെ സ്വീഡിഷ് അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. നിലവില്‍ ഇറാനില്‍ തടവില്‍ കഴിയുകയാണ് നര്‍ഗിസ്. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുന്ന 19-ാമത്തെ വനിതയാണ് നര്‍ഗിസ്. ആൽഫ്രഡ് നൊബേലിന്‍റെ ചരമവാർഷികമായ ഡിസംബർ 10 ന് ഓസ്ലോയിൽ പുരസ്കാരം സമ്മാനിക്കും.
മാധ്യമപ്രവര്‍ത്തകയായ നര്‍ഗിസ് ഭരണകൂടത്തിനെതിരായ പോരാട്ടങ്ങളുടെ പേരില്‍ 13 തവണ അറസ്റ്റിലായിട്ടുണ്ട്. നർഗിസ് സ്വഫിയ്യ മുഹമ്മദി, മനുഷ്യാവകാശങ്ങൾക്കായി ഇറാൻ ഭരണകൂടത്തിനെതിരെ നിരന്തരം പോരാടുന്ന വനിതയാണ്. ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം ഇറാനിൽ നടന്ന സ്ത്രീകളുടെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ മുന്നിൽ നിന്ന് നയിച്ചു.മഹ്സ അമീനി എന്ന 21 വയസ്സുകാരിയുടെ മരണത്തെ തുടർന്നായിരുന്നു പ്രക്ഷോഭം. ഹിജാബ് ശരിയായല്ല ധരിച്ചതെന്ന് ആരോപിച്ച് മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ പൊലീസ് കസ്റ്റഡിയിൽ മരിച്ചെന്നായിരുന്നു ആരോപണം.ജയിലിൽ കഴിയുന്ന നൂറുകണക്കിന് സ്ത്രീകളുടെ ദുരനുഭവങ്ങൾ വസ്തുതാന്വേഷണത്തിലൂടെ നർഗിസ് പുറത്തുകൊണ്ടുവന്നു. ഇറാൻ ഭരണകൂടം നർഗിസ് മുഹമ്മദിയെ 13 തവണ അറസറ്റ് ചെയ്തിട്ടുണ്ട്. അഞ്ചുതവണ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ചെയ്തു.ഐക്യരാഷ്ട്ര സംഘടനയുടെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുള്ള പുരസ്കാരവും നർഗിസ് ഈ വർഷം നേടിയിരുന്നു.
വിവിധ കുറ്റങ്ങള്‍ ചുമത്തി 32 വര്‍ഷത്തെ തടവാണ് നര്‍ഗിസിന് വിധിച്ചിരിക്കുന്നത്. 2003-ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ ഷിറിൻ എബാദിയുടെ നേതൃത്വത്തിലുള്ള സർക്കാരിതര സംഘടനയായ ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്ററിന്റെ ഡെപ്യൂട്ടി ഹെഡ് കൂടിയാണ് എംഎസ് മുഹമ്മദി.