< Back
World
എണ്ണവില കുതിക്കുന്നു; ബാരലിന് 90 ഡോളറിലേക്ക്
World

എണ്ണവില കുതിക്കുന്നു; ബാരലിന് 90 ഡോളറിലേക്ക്

അഹമ്മദലി ശര്‍ഷാദ്
|
6 March 2026 8:49 PM IST

ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം തുടരുന്നിടത്തോളം കാലം എണ്ണവിലയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം

ന്യൂഡൽഹി: ഇറാനെതിരായ യുഎസ്, ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ആഗോള എണ്ണ വിപണിയിൽ വില കുതിക്കുന്നു. ക്രൂഡോയിൽ വില ബാരലിന് 90 ഡോളറായി. രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ടാങ്കർ ഗതാതഗതത്തിലെ പ്രതിസന്ധിയും മധ്യേഷ്യയിൽ നിന്നുള്ള എണ്ണ വിതരണത്തിലെ തടസങ്ങളുമാണ് വില വർധനവിന് കാരണം.

വെള്ളിയാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 88 ഡോളറിന് മുകളിലെത്തി. യുഎസ് ബെഞ്ച്മാർക്കായ വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് (WTI) 85.90 ഡോളറായും ഉയർന്നു. അതേസമയം, മധ്യേഷ്യയിലെ നിർണായക ബെഞ്ച്മാർക്കായ മുർബൻ ക്രൂഡ് ബാരലിന് 99.60 ഡോളർ എന്ന നിരക്കിൽ 100 ഡോളറിന് തൊട്ടടുത്തെത്തി നിൽക്കുകയാണ്.

സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ ബ്രെന്റ് ക്രൂഡിന് ഡബ്ല്യുടിഐയേക്കാൾ വലിയ വില വ്യത്യാസം വരാറുള്ളതാണ്. എന്നാൽ ഇത്തവണ ഈ വ്യത്യാസം കുറയുന്നതായാണ് കാണുന്നത്. മധ്യേഷ്യയിൽ നിന്നുള്ള വിതരണം തടസപ്പെട്ടാൽ ലോകം അമേരിക്കൻ എണ്ണയെ കൂടുതൽ ആശ്രയിക്കേണ്ടി വരുമെന്ന കണക്കുകൂട്ടലിൽ വ്യാപാരികൾ യുഎസ് ക്രൂഡിനായി കൂടുതൽ തുക നൽകാൻ തയ്യാറാകുന്നതാണ് ഇതിന് കാരണം. ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം തുടരുന്നിടത്തോളം കാലം എണ്ണവിലയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ബ്രെന്റ് ക്രൂഡ് ഉടൻ തന്നെ 90 ഡോളർ കടക്കാനാണ് സാധ്യതയെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Similar Posts