
Photo/AFP
അമേരിക്ക-ഇറാൻ മൂന്നാംവട്ട പരോക്ഷ ചർച്ച വ്യാഴാഴ്ച ജനീവയിൽ
|വൻ സൈനിക സമ്മർദത്തിനിടയിലും കീഴടങ്ങാത്ത ഇറാൻ നിലപാടിൽ ഡോണൾഡ് ട്രംപ് ആശ്ചര്യപ്പെട്ടതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
ജനീവ: അമേരിക്ക, ഇറാൻ മൂന്നാംവട്ട പരോക്ഷ ചർച്ച വ്യാഴാഴ്ച ജനീവയിൽ നടക്കും. ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ ഭിന്നത തുടരുമ്പോഴും പ്രതീക്ഷയുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. വൻ സൈനിക സമ്മർദത്തിനിടയിലും കീഴടങ്ങാത്ത ഇറാൻ നിലപാടിൽ ഡോണൾഡ് ട്രംപ് ആശ്ചര്യപ്പെട്ടതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുഎസ് ഉയർത്തുന്ന സമ്മർദത്തിന് മുന്നിൽ തലകുനിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരിക്കെയാണ് അമേരിക്കയുമായുള്ള മൂന്നാംവട്ട പരോക്ഷ ചർച്ച വ്യാഴാഴ്ച ജനീവയിൽ നടക്കുന്നത്. ഒമാൻ വിദേശകാര്യ മന്ത്രി ബദ്ർ അൽ ബുസൈദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കരാർ സംബന്ധിച്ച വിശദമായ കരട് നിർദേശം ഇറാൻ ഉടൻ അമേരിക്കക്ക് കൈമാറും. ഇറാനെതിരെ കൂടുതൽ യുദ്ധസന്നാഹങ്ങൾ അമേരിക്ക തുടരുന്ന സാഹചര്യത്തിലാണ് ആണവ കരാർ സാധ്യത മുന്നിൽ കണ്ട് ഇരു രാജ്യങ്ങളും ജനീവയിൽ ചർച്ചക്ക് ഒരുങ്ങുന്നത്.
യുറേനിയം സമ്പുഷ്ടീകരണ തോത് കുറക്കാനും അന്താരാഷ്ട്ര ആണവോർജ സമിതിക്ക് ചുവടെ ശക്തമായ നിരീക്ഷണ സംവിധാനം ഒരുക്കാനും സന്നദ്ധമാണെന്ന് ഇറാൻ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചു. യുറേനിയം സമ്പുഷ്ടീകരണം ഇറാനു പുറത്തേക്ക് മാറ്റണമെന്ന നിർദേശം രാജ്യത്തിന്‍റെ അന്തസിന് ചേർന്ന ഒന്നല്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞു. തദ്ദേശീയമായി വലിയ വില നൽകി വികസിപ്പിച്ചെടുത്ത ആണവ സാങ്കേതികത ഇറാന് ഏറെ വിലപ്പെട്ട ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുമായി ആണവ കരാർ സംബന്ധിച്ച് ഭിന്നത തുടരുന്ന സാഹചര്യത്തിൽ ജനീവ ചർച്ച കൂടുതൽ നിർണായകമാകും.
നയതന്ത്ര പ്രശ്നപരിഹാരമാണ് കാംക്ഷിക്കുന്നതെങ്കിലും യു.എസിന്‍റെ സൈനികനീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏതു സാഹചര്യം നേരിടാനുംസേന സജ്ജമാണെന്നും ഇറാൻ അറിയിച്ചു. അതിനിടെ, വൻ യുദ്ധസന്നാഹങ്ങൾക്കിടയിലും കീഴടങ്ങാൻ കൂസാക്കാത്ത ഇറാന്‍റെ പ്രകൃതം തന്നെ അദ്ഭുതപ്പെടുത്തുന്നതായി ട്രംപ് പറഞതായി അമേരിക്കയുടെ പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് പ്രതികരിച്ചു. അമേരിക്കയുടെ സൈനിക ഭീഷണി തുടരുന്നതിനിടെ തെഹ്റാൻ ഉൾപ്പടെ രാജ്യത്തെ വിവിധ സർവകലാശാലകളിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം പുനരാരംഭിച്ചതായും റിപ്പോർട്ടുണ്ട്.