< Back
World
Portugal Air Show
World

പോർച്ചുഗലിൽ എയർ ഷോയ്ക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു; പൈലറ്റ് മരിച്ചു

Web Desk
|
3 Jun 2024 10:07 AM IST

തെക്കൻ പോർച്ചുഗലിലാണ് സംഭവം. സ്പാനിഷ് പൗരനായ പൈലറ്റാണ് മരിച്ചത്. അപകടത്തില്‍ രണ്ടാമത്തെ വിമാനത്തിലെ പോര്‍ച്ചുഗീസ് പൗരത്വമുള്ള പൈലറ്റിന് നിസാര പരിക്കേറ്റു.

ലിസ്ബണ്‍: എയര്‍ ഷോയ്ക്കിടെ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. തെക്കൻ പോർച്ചുഗലിലാണ് സംഭവം. സ്പാനിഷ് പൗരനായ പൈലറ്റാണ് മരിച്ചത്. അപകടത്തില്‍ രണ്ടാമത്തെ വിമാനത്തിലെ പോര്‍ച്ചുഗീസ് പൗരത്വമുള്ള പൈലറ്റിന് നിസാര പരിക്കേറ്റു.

അപകടത്തെ തുടര്‍ന്ന് ബെജ വിമാനത്താവളത്തിലെ ഷോ താല്‍ക്കാലികമായി നിര്‍ത്തിവെച്ചെന്ന് വ്യോമസേന അറിയിച്ചു.

എയര്‍ ഷോയില്‍ ആറ് വിമാനങ്ങള്‍ ഉള്‍പ്പെടുന്ന വ്യോമ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സോവിയറ്റ് രൂപകല്പന ചെയ്ത എയറോബാറ്റിക് പരിശീലന മോഡലായ രണ്ട് യാക്കോവ്‌ലെവ് യാക്ക് -52 വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. രണ്ടാമത്തെ വിമാനത്തിന് കൃത്യമായി ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞു.

അപകടത്തെ ദാരുണമെന്ന് വിശേഷിപ്പിച്ച പോർച്ചുഗൽ പ്രതിരോധ മന്ത്രി നുനോ മെലോ, എന്താണ് സംഭവിച്ചത് എന്നറിയാന്‍ അന്വേഷണം ആരംഭിക്കുമെന്നും വ്യക്തമാക്കി. കാഴ്ചക്കാര്‍ക്ക് ആസ്വദനമാകേണ്ട നിമിഷങ്ങള്‍ വേദനിപ്പിക്കുന്നതായി മാറിയെന്ന് പ്രസിഡൻ്റ് മാർസെലോ റെബെലോ ഡി പറഞ്ഞു.

Related Tags :
Similar Posts