
ഹമാസിന്റെ തിരിച്ചടിയാണ് ഗസ്സയിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് പറയാൻ മഠയൻമാർക്കേ സാധിക്കൂ- എം.എ. ബേബി
|വിഷയത്തിൽ പാർട്ടിക്ക് ആശയകുഴപ്പമില്ല;വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പാർട്ടിയെ അധിക്ഷേപിക്കാൻ ശ്രമിക്കുന്നുണ്ടോ എന്നറിയില്ല
ഗസ്സയിലെ കുഞ്ഞുങ്ങളുടെ നിലവിളികൾ ശമിച്ചിട്ടില്ല, ഫലസ്തീനൊപ്പം ഉറച്ചു നിന്നിരുന്ന ഇന്ത്യൻ നിലപാട് ഇന്ന് ചരിത്ര പുസ്തകങ്ങളിൽ മാത്രമാണുള്ളത്. ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതി തുടരുന്ന സാഹചര്യത്തിൽ സി പി എം ജനറൽ സെക്രട്ടറി എം.എ. ബേബി മീഡിയ വൺ ഓൺലൈനോട് നിലപാട് വ്യക്തമാക്കുകയാണ്. ഒക്ടോബർ ഏഴിലെ പ്രതിരോധത്തെ മുൻ നിർത്തി ഇസ്രയേലിന്റെ കൂട്ടക്കുരുതിയെ ന്യായീകരിക്കുന്നതിനോട് കടുത്ത ഭാഷയിലാണ് എം.എ.ബേബിയുടെ പ്രതികരണം.
ചോദ്യം- മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച രണ്ട് വർഷങ്ങൾക്ക് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച ഇരുപത് ഇന സമാധാന പദ്ധതി ഭാഗികമായി ഹമാസും അംഗീകരിച്ചിരിക്കുകയാണ്. പശ്ചിമേഷ്യയിലെ പ്രശ്നപരിഹാരത്തിന് പര്യാപ്തമാണോ ഈ 20 ഇന പദ്ധതികൾ ? സമ്പൂർണ പ്രശ്ന പരിഹാരത്തിന് എന്താണ് മുന്നോട്ട് വെയ്ക്കുന്നത് ?
- ആദ്യം തയ്യാറാക്കിയ 20 ഇന സമാധാന പദ്ധതി നെതന്യാഹുവിന്റെ നിർബന്ധത്തിന് വഴങ്ങി കൂടുതൽ ഇസ്രയേൽ അനുകൂലവും ഫലസ്തീൻ വിരുദ്ധവുമാക്കി മാറ്റി എന്നാണ് മാധ്യമ റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാക്കുന്നത്. ഉദാഹരണത്തിന് ആദ്യം തയ്യാറാക്കിയ 20 ഇന സമാധാന പദ്ധതിയിൽ ഇസ്രയേലി ഡിഫൻസ് ഫോഴ്സിന്റെ പിന്മാറ്റത്തെ കുറിച്ച് സമയബന്ധിതമായ ചില നിർദേശങ്ങൾ ഉണ്ടായിരുന്നു. ട്രംപും ട്രംപിന് സംസാരിക്കാൻ കഴിയുന്ന ഇസ്ലാമിക രാഷ്ട്രങ്ങളുമായി സംസാരിച്ച് ഉണ്ടാക്കിയതായിരുന്നു ആദ്യ നിർദേശം. അതു തന്നെ പൊതുവിൽ ഫലസ്തീൻ ജനതയുടെ താൽപര്യങ്ങളെ വേണ്ട രീതിയിൽ പരിഗണിച്ചുള്ളതായിരുന്നില്ല. എന്നാൽ, അതു പോലും തന്നിഷ്ട പ്രകാരം തങ്ങൾക്ക് കൂടുതൽ അനകൂലമാക്കി മാറ്റാനുള്ള നിർദേശങ്ങളാണ് നെതന്യാഹു ട്രംപിന്റെ മുന്നിൽ അവതരിപ്പിച്ചത്. അതിൽ പലതും ട്രംപ് അംഗീകരിച്ചു. നെതന്യാഹുവിന്റെ ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ടുള്ള 20 ഇന സമാധാന പദ്ധതിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അമേരിക്കൻ സമയം ഞായറാഴ്ച ആറുമണിക്ക് മുമ്പ് ഹമാസ് ഇത് അംഗീകരിച്ചില്ലെങ്കിൽ അവിടെ നരകത്തീമഴ പെയ്യും എന്ന രീതിയിലുള്ള ഭീഷണിയാണ് ട്രംപ് നടത്തിയിട്ടുള്ളത്. ഇത് ഫലത്തിൽ ഒരു ജനതയുടെ കഴുത്തിൽ ആണവബോംബ് പൊട്ടിക്കും എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ആ ജനതയെ ഇനിയും പിറന്നിട്ടില്ലാത്ത ഒരു രാഷ്ട്രത്തെ അടിമപ്പെടുത്തുന്ന പദ്ധതിയായിട്ട് മാത്രമേ കാണാൻ കഴിയൂ.
1992-93 കാലഘട്ടത്തിലാണ് ഓസ്ലോ അക്കോർഡ് എന്നറിയപ്പെടുന്ന ചർച്ചകൾ നടക്കുകയും ഒടുവിൽ അത് ഒപ്പുവെക്കുകയും ചെയ്തത്. അത് സംബന്ധിച്ച് ഇന്ത്യ സർക്കാറിന്റെ ഒരു പ്രസ്താവന പാർലമെന്റിന്റെ ഇരു സഭകളിലും അവതരിപ്പിക്കുകയുണ്ടായി. ഓസ്ലോ അക്കോർഡ് വലിയ നേട്ടമായിട്ടാണ് അന്ന് പൊതുവിൽ എല്ലാവരും പ്രതികരിച്ചിരുന്നത്. യാദൃശ്ചികമെന്ന് പറയാം രാജ്യസഭയിൽ ഓസ്ലോ അക്കോർഡിനെ കുറിച്ച് പ്രതികരിക്കാൻ അവസരം കിട്ടിയ വ്യക്തിയാണ് ഞാൻ. ഓസ്ലോ അക്കോർഡ് നടപ്പാക്കപ്പെടുകയാണെങ്കിൽ ഫലസ്തീൻ രാഷ്ട്ര സ്ഥാപനത്തിന് നല്ലൊരു ചുവട് വെപ്പായിരിക്കും എന്ന പ്രതീക്ഷ പങ്കുവെച്ചതിന് ശേഷം അങ്ങനൊരു പ്രതീക്ഷ നിലനിൽക്കുമ്പോൾ തന്നെ മറുവശത്ത് ഭീതിയും ഉത്കണ്ഠയുമുണ്ട്. ഒരുപാട് പരിമിതികളും കുറവുകളും ഉള്ള ഓസ്ലോ അക്കോർഡ് പോലും നടപ്പാക്കാൻ ഇസ്രയേലും അമേരിക്കയും സമ്മതിക്കുമോ എന്നൊരു ആശങ്കയും ഞാനവിടെ പങ്കുവെച്ചു. സ്റ്റേറ്റ്സ്മാൻ പത്രത്തിന്റെ കീപ് ഫ്ലോറി എന്ന പ്രസിദ്ധനായിട്ടുള്ള മാധ്യമപ്രവർത്തകൻ അങ്ങനൊരു ആശങ്ക അതുപോലൊരു സാഹചര്യത്തിൽ ഉന്നയിച്ചത് ശരിയാണോ എന്ന് പറഞ്ഞു കൊണ്ട് എന്നെ വിമർശിച്ച് പത്രത്തിൽ എഴുതി. അതിന് ശേഷം അദ്ദേഹത്തോട് ഞാൻ പറഞ്ഞു- "എന്റെ പ്രതികരണം അനവസരത്തിലായെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാവും. ഞാൻ പ്രവർത്തിക്കുന്ന പ്രസ്ഥാനം ഇത്തരം കാര്യങ്ങളെ സമീപിക്കുമ്പോൾ പിന്തുടരുന്ന കരുതലിന്റെ ഭാഗമായിട്ടാണ് ഓസ്ലോ അക്കോർഡിനെ പൊതുവിൽ സ്വാഗതം ചെയ്തെങ്കിലും അത് നടപ്പാക്കപ്പെടുമോ എന്ന ആശങ്ക പങ്കുവെച്ചത് ". ഞാൻ പങ്കുവെച്ച ആശങ്ക ശരിയായിരുന്നു എന്ന് ഇന്ന് പറയുന്നതിൽ എനിക്കേറെ ദുഃഖമുണ്ട്.
നമ്മളിപ്പോൾ കാണുന്നത് അമേരിക്കയും ഇസ്രയേലും അമേരിക്കയ്ക്ക് ഒപ്പം നിൽക്കുന്ന ടോണി ബ്ലെയറിനെ പോലുള്ള രാഷ്ട്രീയ നേതാക്കളെല്ലാം ചേർന്ന് ഒരു ജനതക്ക് എതിരെ നടത്തുന്ന വംശഹത്യയാണ് കാണുന്നത്. ഒക്ടോബർ ഏഴിനെ മറയാക്കി കൊണ്ടാണ് അവരത് ചെയ്യുന്നത്. ആധുനിക ലോകത്ത് നടന്ന ഏറ്റവും വലിയ ഭീകരവാദ പ്രവർത്തനമാണിത്. ഇതിനോട് താരതമ്യപ്പെടുത്താൻ സാധിക്കുന്നത് ഹിറ്റലറുടെ കോൺസട്രേഷൻ ക്യാമ്പുകളിൽ നടന്ന ഭീകരവാദ പ്രവർത്തനമാണ്. ഹിറ്റ്ലറുടെ കോൺസട്രേഷൻ ക്യാമ്പുകളിൽ കൂട്ടക്കൊല ചെയ്യപ്പെട്ട കമ്യൂണിസ്റ്റുകാരുണ്ട് സോഷ്യലിസ്റ്റുകളുണ്ട് ജൂതൻമാരുണ്ട്.
കോൺസട്രേഷൻ ക്യാമ്പുകളിൽ പീഡിപ്പിക്കപ്പെട്ട ജൂതവിഭാഗത്തിന്റെ ഒരു രൂപാന്തരമായ ഇസ്രയേൽ രാജ്യവും സയണിസ്റ്റ് പ്രസ്ഥാനവും. ഹിറ്റ്ലർ ജൂതൻമാരോട് ചെയ്തത് അവിടെ ഇരകളായ ജൂതൻമാർ സ്ഥിപിച്ചിട്ടുള്ള ജൂതരാഷ്ട്രം (എല്ലാ ജൂതൻമാർക്കും നെതന്യാഹുവിന്റെ സയണിസ്റ്റ് ഭരണം നടത്തുന്ന കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് ഞാൻ കരുതുന്നില്ല) ഇന്ന് ഫലസ്തീൻ ജനതയോട് ചെയ്യുന്നു. ഹിറ്റ്ലർ കോൺസട്രേഷൻ ക്യാമ്പുകളിൽ അവരോട് ചെയ്തതിനേക്കാൾ വലിയ ഭീകരതയാണ് ഇപ്പോൾ കാണിക്കുന്നത്.
ലോകം നിസംഗമായി നോക്കി നോക്കി നിൽക്കെ ഗസ്സയെ ഇസ്രയേൽ ഒരു വലിയ കോൺസട്രേഷൻ ക്യാമ്പ് ആക്കി മാറ്റിയിരിക്കുകയാണ്. അമേരിക്കയുടെ പിന്തുണ ഉണ്ട് എന്ന ഒറ്റ ചങ്കൂറ്റത്തിൽ നഗ്നമായ ഭീകരവാദ അതിക്രമം, വംശീയ അതിക്രമം നടത്തിക്കൊണ്ടിരിക്കയാണ്. അതിന് നിയമപരമായ സാധൂകരണം നൽകുന്ന രീതിയിലാണ് ഫലത്തിൽ ട്രംപ് മുന്നോട്ട് വെച്ച് കരാർ വന്ന് ഭവിക്കാൻ പോവുന്നത്. ടോണി ബ്ലെയറിനെ പോലുള്ളവരെ ഉൾപ്പെടുത്തി നിവലിൽ വരാൻ പോകുന്ന മേൽനോട്ട കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഫലസ്തീൻ രാഷ്ട്രസ്ഥാപനത്തിലേക്ക് നീങ്ങുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.
ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് സംബന്ധിച്ച് ഏറ്റുവും ഒടുവിലുള്ള ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിൽ ഗസയും വെസ്റ്റുബാങ്കും കിഴക്കൻ ജറുസലേം തലസ്ഥാനവുമായുള്ള ഫലസ്തീൻ രാഷ്ട്രത്തെ കുറിച്ചാണ് പറയുന്നത്. അതെല്ലാം ഇന്ന് പൂർണ്ണമായി സയണിസ്റ്റുകളുടെ അതിക്രമത്തിന്റെ അടിയിൽ അപ്രത്യക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നെതന്യാഹു പറഞ്ഞത് ജോർദാൻ നദിയുടെ പടിഞ്ഞാറെക്കരയിലേക്കൊന്നും ഫലസ്തീനികൾക്ക് അവകാശമുണ്ടാവില്ലെന്നാണ്. അപ്പോൾ ഒരു സ്വതന്ത്ര-പരമാധികാര രാഷ്ട്രമെന്ന നിലയിൽ ഏതൊരു ആധുനിക രാഷ്ട്രത്തിനും അവകാശപ്പെട്ട പദവിയോ സ്വന്തം കാലിൽ നിന്ന് കൊണ്ട് പ്രവർത്തിക്കാനുള്ള അധികാരമോ ഒന്നും ഈ പുതിയ സംവിധാനത്തിൽ ഉണ്ടാവും എന്ന് ഞാൻ കരുതുന്നില്ല.
എന്തായാലും രക്തചൊരിച്ചലിന് അവിടെ ശമനമുണ്ടാവുന്നു. വെടിനിർത്തൽ പ്രാബല്യത്തിൽ വരികയാണെങ്കിൽ അതൊരു താൽക്കാലിക ആശ്വാസം എന്നു പറയാം. ലീലാവതി ടീച്ചർ പറഞ്ഞപോലെ ഗസയിലെ കുഞ്ഞുങ്ങളുടെ അവസ്ഥ ഓർക്കുമ്പോൾ ഭക്ഷണം കഴിക്കാൻ വിഷമിക്കുന്നവരാണ് നമ്മളിൽ പലരും. വെടിനിർത്തലും സമാധാനവും വരട്ടെ മറ്റു കാര്യങ്ങൾ പിന്നീട് ആലോചിക്കാം എന്നു പറയാൻ നമ്മൾ നിർബന്ധിതരാവുകയാണ്.
ചോദ്യം- കാലങ്ങളായി ഫലസ്തീനൊപ്പം ഉറച്ചു നിൽക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. ഇസ്രയേൽ നിലപാടുകൾക്കൊപ്പമാണ് ഇപ്പോൾ ഇന്ത്യയെ കാണുന്നത്. ഈ നിലപാട് മാറ്റം ഇന്ത്യയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റി നിർണയിക്കുന്നതല്ലേ ?
- ഇന്ത്യയുടെ സ്വതന്ത്ര്യസമര കാലം മുതൽ തന്നെ ഫലസ്തീൻ പ്രസ്ഥാനത്തെ ഒരു ദേശിയ വിമോചന പ്രസ്ഥാനമായിട്ടാണ് നമ്മൾ കണ്ടിട്ടുള്ളത്. ഫലസ്തീൻ ലിബറലൈസേഷൻ ഓർഗനൈസേഷൻ പിന്നാടാണ് നിലവിൽ വന്നതെങ്കിലും ഫലസ്തീൻ ജനതക്കൊപ്പമാണ് മഹാത്മഗാന്ധിയും പണ്ഡിറ്റ് നെഹ്റുവുമെല്ലാം നിലനിന്നിട്ടുള്ളത്. അതിൽ വലിയ രീതിയിലൊരു മാറ്റം ആദ്യം കൊണ്ടുവന്നത് നരസിംഹറാവു ഗവൺമെന്റാണ്. ഇന്നിപ്പോൾ നരേന്ദ്രമോദി ഗവൺമെന്റ് എല്ലാ പരിധികളും ലംഘിച്ചു കൊണ്ട് ഫലസ്തീൻ ജനതയോട് ഇന്ത്യക്കുണ്ടായിരുന്ന ഐക്യദാർഢ്യവും സൗഹാർദ്ദവും ഉപേക്ഷിച്ച് നെതന്യാഹുവിന്റെ സമയണിസ്റ്റ് ഭരണത്തെ അനുകൂലിക്കുകയാണ്.
അമേരിക്കയുടെ നേതൃത്വത്തിൽ വിചിത്രമായ ചതുർരാഷ്ട്ര സഖ്യമുണ്ടാക്കിയിട്ടുണ്ട്. i2u2 എന്നാണ് പേര്. അതിൽ i2 എന്നു പറഞ്ഞാൽ ഇന്ത്യയും ഇസ്രയേലും u2 എന്നു പറഞ്ഞാൽ യു എ ഇയും യു എസ് എയും. വളരെ കൗശലപൂർവ്വം ക്രിമിനൽ ബുദ്ധി ഉപയോഗിച്ച് ഉണ്ടാക്കിയതാണ് ഈ ചതുർഷ്ട്ര സഖ്യം. ഈ സഖ്യത്തിൽ ഒരു അറബ് രാഷ്ട്രമുണ്ട്, നേതൃത്വം അമേരിക്കയ്ക്ക് . പിന്നെയുള്ള രണ്ട് രാജ്യങ്ങൾ ഇന്ത്യയും ഇസ്രയേലുമാണ്.
ഇന്ത്യക്ക് ലോകരാഷ്ട്രങ്ങൾക്കിടയിൽ ഒരു പ്രാധാന്യമുണ്ട്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചരിത്രപരമായി തന്നെ സ്വാതന്ത്ര്യസമരാനന്തരം ഇന്ത്യക്ക് ലോക രാഷ്ട്രീയത്തിൽ വലിയ പങ്കുണ്ടായിരുന്നു. ആ ഇന്ത്യയെ ഇസ്രയേലിനൊപ്പം ചേർക്കുകയാണ്. ഇന്ത്യയുടെ വിദേശനയത്തെ മുഴുവൻ ഉപേക്ഷിക്കുന്ന നടപടികൾ നരേന്ദ്രമോദിയുടെ ഭരണകാലത്ത് ഉണ്ടായി എന്നുമാത്രമല്ല ഇസ്രയേലും അദാനിയുമൊക്കെയായി ചേർന്നുകൊണ്ട് തെലുങ്കാനയിലെ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന യുദ്ധോപകരണശാലയിൽ നിന്ന് ഡ്രോണുകൾ ഫലസ്തീൻ ആക്രമണത്തിന് വേണ്ടി അയച്ചു കൊടുക്കുകയാണ്. ഇന്ത്യൻ ആയുധങ്ങളും ഫലസ്തീനിൽ കുഞ്ഞുങ്ങളുടെ ചോര ഒഴുക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. അത്യന്തം അപമാനകരമായ നയമാണ് ഫലസ്തീനുമായി ബന്ധപ്പെട്ട് ഇന്ത്യ ഗവൺമെന്റ് ഇപ്പോൾ പിന്തുടരുന്നത്.
അതിന് പ്രത്യയശാസ്ത്രപരമായ ഒരു പശ്ചാത്തലമുണ്ട്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ് മോദി മുന്നോട്ട് പോവുന്നത്. സയണിസ്റ്റ് രാഷ്ട്രമാണ് ഇസ്രയേൽ. പ്രത്യയശാസ്ത്രപരമായ സമീപനത്തിൽ തന്നെ നെതന്യാഹുവും നരേന്ദ്രമോദിയും നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ പാർട്ടിയും നരേന്ദ്രമോദിയുടെ വലതുപക്ഷ പാർട്ടിയും ട്രംപിന്റെ ലോകവീക്ഷണവും എല്ലാം പൊരുത്തപ്പെടുന്ന സാഹചര്യമുണ്ട്. ഇത് ഇന്ത്യൻ ജനങ്ങൾക്കിടയിൽ തുറന്നു കാണിക്കാൻ അധികം രാഷ്ട്രീയ പാർട്ടികളൊന്നും തയ്യാറാവുന്നില്ല. കോൺഗ്രസിൽ സോണിയ ഗാന്ധി ഇക്കാര്യത്തിൽ നല്ലൊരു ലേഖനം എഴുതിയത് ഓർക്കുന്നു. പിന്നെ, ഒറ്റയ്ക്കും തെറ്റയ്ക്കും ചില പ്രതികരണങ്ങളും മാത്രമാണ് ഉണ്ടായിട്ടുള്ളത്.
സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള കോൺഗ്രസ് നേതാവാണ് സിദ്ധരാമയ്യ. അദ്ദേഹം മുഖ്യമന്ത്രിയായ കർണാടകയിൽ പോലും ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി ലഭിച്ചില്ല. അനുമതിയില്ലാതെ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയ സി പി എം പ്രവർത്തകർക്കെതിരെ കേസെടുക്കുന്ന സാഹചര്യവും ഉണ്ടായി.
ബോംബെയിൽ അനുമതി ചോദിച്ചപ്പോൾ കോടതി പറഞ്ഞത് വളരെ പ്രസിദ്ധമാണല്ലോ... ഏറെ അപഹാസ്യമായ രീതിയിലാണ് അന്ന് കോടതി പ്രതികരണം നടത്തിയത്. ഇതു പോലുള്ള പ്രശ്നങ്ങളാണോ കമ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുക്കേണ്ടത് എന്നാണ് കോടതി ചോദിച്ചത്. അതിനെതിരെ സി പി എം നിയമ പോരാട്ടം നടത്തി. തുടർന്നാണ്, ബോംബെ ഹൈക്കോടതി നിലപാട് മാറ്റിയത്.
ഇന്ത്യയിൽ മോദി ഭരണത്തിന് കീഴിൽ ഒരു പ്രത്യേക ആഖ്യാനം മാധ്യമങ്ങളേയും സമൂഹത്തേയും നീതിന്യായ സംവിധാനത്തേയും എല്ലാം ബാധിച്ചു കൊണ്ടിരിക്കയാണ്, സ്വാധീനിച്ച് കൊണ്ടിരിക്കയാണ്. മുമ്പ് ഫലസ്തീൻ ഐക്യദാർഢ്യം എന്നത് വലിയൊരു പൊതുബോധമായിരുന്നു. യാസർ അരാഫത്ത് ഇന്ത്യയിൽ ഏറെ സ്വീകാര്യതയുള്ള നേതാവായിരുന്നു. (ബെർലിൻ വെച്ചുള്ള സമാധാന സമ്മേളനത്തിൽ വെച്ച് ഹർകിഷൻ സിങ് സുർജിത്തിനൊപ്പം യാസർ അരാഫത്തിനെ കണ്ട ആവേശകരമായ സന്ദർഭം ഞാൻ ഓർക്കുകയാണ്) അതെല്ലാം പഴയകാല ചരിത്രം എന്ന രീതിയിൽ മായ്ച്ചു കളയാനുള്ള നീക്കം ശക്തമാണ്. മഹാത്മഗാന്ധിയേയും പണ്ഡിറ്റ് നെഹ്റുവിനേയും ചരിത്രത്തിൽ നിന്ന് മായ്ച്ചു കളയാനുള്ള ശ്രമം പോലെ ഫലസ്തീൻ പ്രസ്ഥാനത്തേയും യാസർ അരാഫത്തിനേയും മായ്ച്ചു കളയാനുള്ള കുടിലമായ നീക്കം ആർ എസ് എസ് നിയന്ത്രിക്കുന്ന ഇന്ത്യൻ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ഉണ്ട്. ഫലസ്തീൻ ഐക്യദാർഢ്യ സമീപനത്തിന്റെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിക്കാനുള്ള ബോധപൂർവ്വമായ ശ്രമം ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതുണ്ട്.
ചോദ്യം- ഫലസ്തീനുമായി കൂടിയാലോചനകളില്ലാതെ അമേരിക്കൻ പ്രസിഡന്റ് ഏകപക്ഷീയമായി പ്രഖ്യാപിച്ച സമാധാന പദ്ധതി മുക്തകണ്ഠം പ്രശംസിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ട്രംപിന്റെ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. അമേരിക്കയോട് പൂർണമായും വിധേയപ്പെട്ട് നിൽക്കുന്ന ഒരു രാജ്യമായി ഇന്ത്യമാറി എന്നാണോ വ്യക്തമാവുന്നത് ?
- അമേരിക്കയുമായി സ്ട്രാറ്റജിക്കൽ ഡിഫൻസ് റിലേഷൻഷിപ്പ് ഉണ്ടാക്കുന്ന കരാർ ഒപ്പിട്ടത് ഡോ.മൻമോഹൻ സിങ്ങാണ്. ഇടതുപക്ഷം മൻമോഹൻ സിങ് സർക്കാറിനുള്ള പിന്തുണ പിൻവലിച്ചത് അമേരിക്കയുമായുള്ള 123 കരാർ എന്ന് അറിയപ്പെടുന്ന സിവിലിയൻ ന്യൂക്ലിയർ കരാറുമായി മുന്നോട്ട് പോയപ്പോഴാണ്. അന്ന് സി പി എമ്മിനേയും ഇടതുപക്ഷത്തേയും പലരും ഞങ്ങളെ പരിഹസിക്കുകയുണ്ടായി. അമേരിക്കൻ അനുകൂല വിദേശനയത്തിന്റെ അതി ഭീകരമായ മൂർച്ഛിക്കലാണ് നരേന്ദ്രമോദി ഗവൺമെന്റിന് കീഴിൽ നടക്കുന്നത്. വളരെ അധികം അപകടകരമാണ്. ആഭ്യന്തരരാഷ്ട്രീയത്തിൽ വരെ ഇതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാവും. ഇസ്രയേലിന് അനുകൂലമായി ഇങ്ങനൊരു നിലപാട് എടുക്കുമ്പോൾ പലതരത്തിൽ പ്രതികരിക്കാൻ ഇന്ത്യൻ ജനതയിലെ പലരും നിർബന്ധിതരാവും. സി പി എമ്മിനെ പോലെയും ഇടതുപക്ഷ പാർട്ടികളേയും പോലെ വളരെ ജനാധിപത്യ-രാഷ്ട്രീയ നിലപാട് സ്വീകരിച്ചു തന്നെ ഇതിൽ പ്രതിഷേധം പ്രകടിപ്പിച്ചു കൊള്ളണമെന്നില്ല. ഇസ്രയേലിനും അമേരിക്കയ്ക്കും കീഴടങ്ങിക്കൊണ്ട് ഇന്ത്യയുടെ സ്വതന്ത്രവിദേശ നയം ഉപേക്ഷിക്കുന്ന സമീപനം വളരെയേറെ അപകടകരമാണ്.
ചോദ്യം- ഒക്ടോബർ ഏഴിലെ ഹമാസിന്റെ പ്രതിരോധമാണ് ഗാസയിലെ നിലവിലെ പ്രശ്നങ്ങൾക്ക് കാരണം എന്ന രീതിയിലുള്ള പ്രചാരണം ശക്തമാണ്. കഴിഞ്ഞ ഏഴ് പതിറ്റാണ്ട് കാലമായി ഫലസ്തീൻ ജനത അനുഭവിച്ച പീഡനങ്ങൾ മറന്നുള്ള പ്രചാരണം ശരിയാണോ ?
- നമ്മുടെ ജനതയെ ചരിത്രബോധം ഇല്ലാത്തവരാക്കാനാണ് പലരും ശ്രമിക്കുന്നത്. ആർ എസ് എസും ബി ജെ പിയുമാണ് ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്യാനും ചരിത്രത്തെ വളച്ചൊടിക്കാനും ചരിത്രത്തെ അപ്രത്യക്ഷമാക്കാനുമെല്ലാം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 2023 ഒക്ടോബർ ഏഴ് മുതലാണ് ഫലസ്തീൻ പ്രശ്നമുണ്ടായത് എന്ന രീതിയിലുള്ള വിഡ്ഢിത്വം വിളമ്പുന്ന ധാരാളം ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. വിദ്യാസമ്പന്നർ തന്നെ ആ കൂട്ടത്തിലുണ്ട്. ഇവരോടൊക്കെ ഞാൻ പറയാറുണ്ട്, 1948 ന് മുമ്പുള്ള ഫലസ്തീൻ മാപ്പ് എടുത്തു നോക്കൂ എന്ന് . 1948 ന് മുമ്പ് അവിടെ ഇസ്രയേൽ ഇല്ല, ഫലസ്തീൻ മാത്രമേയുള്ളു. 1948 ൽ ഇസ്രയേൽ ഭൂമി, ഫലസ്തീൻ ഭൂമി. ഇസ്രയേൽ ഭരണം നിലവിൽ വന്നു. യു.എൻ. തീരുമാനപ്രകാരം നീക്കിവെച്ച ഭൂമി മാത്രമാണോ വ്യത്യസ്ത യുദ്ധങ്ങളിലൂടെ ഇസ്രയേൽ കൈക്കലാക്കിയത് ? ഇന്നിപ്പോൾ ഫലസ്തീൻ ഇല്ലാതായി. ഒരു ജനതയെ ഉൻമൂലനം ചെയ്യുന്ന നടപടികളാണ് സയണിസ്റ്റുകൾ അമേരിക്കയുടെ പിന്തുണയോടു കൂടി ചരിത്രത്തിൽ നടത്തിയിരിക്കുന്നത്. അതിന്റെ ഭാഗമായി ചരിത്രത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിൽ അവർ നടത്തിയ ഭീകരപ്രവർത്തനങ്ങളുണ്ട്. തീവ്രവാദ സംഘങ്ങളെ പോലെയാണ് സയണിസ്റ്റുകൾ പ്രവർത്തിച്ചിട്ടുള്ളത്. അതിൽ സഹികെട്ട് സായുധ പ്രതികരണം ഉണ്ടായിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഈ വസ്തുകളും ചരിത്രവുമെല്ലാം നമ്മുടെ നാട്ടിലെ രാഷ്ട്രീയ ബോധമുണ്ടെന്ന് പറയുന്നരിൽ ചിലർ പോലും മനസ്സിലാക്കുന്നില്ല. ഓസ്ലോ അക്കോർഡിന് ശേഷം ഫലസ്തീൻ രാഷ്ട്രം നിലവിൽ വന്നു എന്നു പറഞ്ഞ കാലമുണ്ടായിരുന്നല്ലോ.. ഫലസ്തീനിലേക്ക് നമുക്ക് പോകുവാൻ കഴിയുമായിരുന്നു. വെസ്റ്റ്ബാങ്കിലേക്കും ഗാസയിലേക്കുമെല്ലാം പലരും പോയിരുന്നു. ( അവിടെ പോവാൻ എനിക്ക് ലഭിച്ച അവസരം ഉപയോഗപ്പെടുത്തിയില്ല എന്ന കുറ്റബോധം എനിക്കുണ്ട് ) എന്തായാലും വെസ്റ്റ്ബാങ്കിലേക്കും ഗസ്സയിലേക്കും പോവാനുള്ള അനുമതി പത്രം നൽകുന്നത് ഇസ്രയേലാണ്. ഇസ്രയേലിന്റെ വിസയുമായിട്ട് വേണം വെസ്റ്റ്ബാങ്കിലേക്കും ഗസ്സയിലേക്കും പോവാൻ. നികുതി പിരിക്കുന്നത് ഇസ്രയേലാണ്. എന്നിട്ട് അതിന്റെ ഒരു ഭാഗം വെസ്റ്റ്ബാങ്കിലേക്കും ഗാസ്സയിലേക്കും നൽകും. സ്വതന്ത്രരാഷ്ട്രം എന്ന പദവി ഓസ്ലോ അക്കോർഡിന് ശേഷം പോലും ഫലസ്തീന് ഉണ്ടായിട്ടില്ല. നിരന്തരം വേട്ടയാടുകയും പീഡിപ്പിക്കുകയുമായിരുന്നു. ഈ വസ്തുതകളെല്ലാം മറച്ചുവെച്ചാണ് ഒക്ടോബർ ഏഴിലെ സംഭവമാണ് എല്ലാത്തിനും കാരണമെന്ന് പറയുന്നത്. നിരന്തരം ആക്രമിക്കപ്പെട്ടതിന്റെ നഷ്ടവും കെടുതികളും രക്തവും കണ്ണീരും എല്ലാം സഹിച്ചു കൊണ്ടിരിക്കുന്ന ഒരു ജനത ഭ്രാന്തമായൊരു തിരിച്ചടി നടത്തി എന്നത് ശരിയാണ്. അതൊരു തിരിച്ചടി തന്നെയായിരുന്നു. ഇസ്രയേൽ പ്രതീക്ഷിക്കാത്ത തിരിച്ചടിയായിരുന്നു. 2023 ഒക്ടോബർ ഏഴിനാണ് ഫലസ്തീൻ ചരിത്രം ആരംഭിക്കുന്നത് എന്നു പറയാൻ മഠയൻമാർക്കോ ശുദ്ധാത്മക്കൾക്കോ മാത്രമേ സാധിക്കൂ.
ചോദ്യം- എല്ലാ കാലത്തും ഫലസ്തീന്റെ പോരാട്ടങ്ങൾക്ക് പൂർണ ഐക്യദാർഢ്യം നൽകിയ പ്രസ്ഥാനമാണ് സി പി എം. നിർഭാഗ്യകരമെന്ന് പറയട്ടെ സമൂഹികമാധ്യമങ്ങളിലെ ലെഫ്റ്റ് ഹാന്റിലുകൾ പോലും മുമ്പ് പറഞ്ഞ ഹമാസിന്റെ പ്രതിരോധമാണ് ഇസ്രയേൽ ആക്രമണത്തിന് കാരണമെന്ന് പറയുന്നു. പാർട്ടി പ്രവർത്തകർക്കിടയിൽ അങ്ങനൊരു ആശയക്കുഴപ്പമുണ്ടോ ?
പാർട്ടിയെ സംബന്ധിച്ച് അങ്ങനൊരു ആശയക്കുഴപ്പം ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല. പാർട്ടിക്കാരെന്ന വ്യാജേന വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പാർട്ടിയെ അധിക്ഷേപിക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് അറിയില്ല. പാർട്ടിയെ സംബന്ധിച്ചിടത്തോളം ഒക്ടോബർ ഏഴിന് ശേഷം പാർട്ടിക്ക് വേണ്ടി ഔദ്യോഗികമായി ആദ്യം പ്രതികരിച്ചത് ഞാനാണ്. അന്നു തന്നെ അസന്ദിഗ്ദ്ധമായി ഞാൻ പറഞ്ഞിരുന്നു ഹമാസ് ഭീകരരാണെങ്കിൽ ഇസ്രയേൽ ഭീകരരാഷ്ട്രമാണെന്ന്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. ബി ജെ പിക്ക് അനുകൂലമായി പ്രവർത്തിക്കുന്ന ടൈംസ് നൗ ചാനൽ അന്ന് എന്നെ ചർച്ചക്ക് വിളിച്ചു. നിങ്ങൾ ഭീകരവാദികളെ ന്യായീകരിക്കുകയാണോ എന്ന് ചോദിച്ചു. വിധി പറയുന്ന പോലെയാണ് അവരിലൊരാൾ പറഞ്ഞത്. നെതന്യാഹുവിന്റെയും മോദിയുടേയും ഏജന്റിനെ പോലെയാണല്ലോ നിങ്ങൾ സംസാരിക്കുന്നതെന്ന് ഞാനും തിരിച്ചു പറഞ്ഞു. അവസാനം ശബ്ദമെടുത്ത് സംസാരിക്കേണ്ടി വന്നു.
പാർട്ടിക്കും പാർട്ടി വക്താക്കൾക്കും വിഷയത്തിൽ ആശയക്കുഴപ്പമില്ല. വിഷയത്തിൽ എം.സ്വരാജ് നടത്തിയ പ്രതികരണം സമൂഹമാധ്യമങ്ങളിലെല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. വിഷയത്തിൽ അഖിലേന്ത്യ നേതൃത്വവും സംസ്ഥാന നേതൃത്വവും കൃത്യമായി തന്നെ നിലപാട് പറഞ്ഞിട്ടുണ്ട്. ഡൽഹിയിൽ ഏറ്റവും ശക്തമായ രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ചത് സി പി എമ്മാണ്. ഡൽഹിയിൽ ഇടതു പാർട്ടികളല്ലാതെ ആരും പ്രതിഷേധം നടത്തിയിട്ടില്ല. തുറന്നു പറയുകയാണ്, കോൺഗ്രസ് ആളുകളെ കൂട്ടി ഡൽഹിയിൽ ഒരു പ്രതിഷേധം നടത്തിയിട്ടില്ല. മോദിയുടെ നറേറ്റീവിന് എതിരായി ഫലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാൽ മുസ്ലീം ന്യൂനപക്ഷ നിലപാട് കോൺഗ്രസ് സ്വീകരിച്ചു എന്ന പ്രചാരണം ഉണ്ടാവുമോ എന്ന അബദ്ധപൂർണ്ണമായിട്ടുള്ള കണക്കുകൂട്ടലിന്റെ ഭാഗമായിരിക്കാം. ഇന്ത്യയിൽ ഉടനീളം സ്വാധീനമുള്ള പാർട്ടിയാണല്ലോ കോൺഗ്രസ്...
യൂറോപ്പിൽ എന്താണ് കാണുന്നത്- ഫലസ്തീനോട് ഐക്യപ്പെട്ട് വലിയ രീതിയിലുള്ള ജനങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. ഇന്ത്യയിൽ അതുപോലൊരു മൂവ്മെന്റ് ഉണ്ടാവാതിരിക്കാനുള്ള കാരണം ഇടതുപക്ഷത്തെ പോലെ ഇന്ത്യയിൽ ഒട്ടാകെ സ്വാധീനമില്ലാത്ത പാർട്ടികൾ മാത്രമാണ് പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുള്ളത്.
കോൺഗ്രസിനെ പോലുള്ളവർ അവരുടെ കടമ നിറവേറ്റണം. ഇന്ത്യ ബ്ലോക്കിലെ മറ്റ് രാഷ്ട്രീയപാർട്ടികൾ അവരുടെ കടമ നിറവേറ്റണമെന്നാണ് ഈ ഘട്ടത്തിൽ എനിക്ക് പറയാനുള്ളത്.