
'ഹോർമൂസ് തുറന്നില്ലെങ്കിൽ 48 മണിക്കൂറിനകം ഇറാന്‍റെ ഊര്‍ജ കേന്ദ്രങ്ങൾ ആക്രമിക്കും'; ഡോണൾഡ് ട്രംപ്
|ഇതുവരെ നടന്നതിൽ ഏറ്റവും വലുതാകും ആക്രമണമെന്നും മുന്നറിയിപ്പ്
വാഷിങ്ടൺ: ഹോർമൂസ് തുറന്നില്ലെങ്കിൽ 48 മണിക്കൂറിനകം ഇറാന്‍റെ ഊര്‍ജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണി. ഇതുവരെ നടന്നതിൽ ഏറ്റവും വലുതാകും ആക്രമണമെന്നും മുന്നറിയിപ്പ്. ഇതിനിടെ വെടിനിർത്തലിന് ട്രംപ് പിൻവാതിൽ വഴി ശ്രമം തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ആക്രമണങ്ങൾ തുടരുന്നതിനിടെ സൗദിയിലെ ഇറാൻ എംബസിയിലെ ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശം.
സൈനിക പ്രതിനിധി, സഹായി, മിഷൻ സ്റ്റാഫിലെ മൂന്ന് ഉദ്യോഗസ്ഥർ എന്നിവരോടാണ് നിർദേശം. ഇവരെ രാജ്യത്ത് തുടരാൻ അർഹതയില്ലാത്തവരായി പ്രഖ്യാപിച്ചു. സൗദി വിദേശകാര്യ മന്ത്രാലയത്തിന്‍റേതാണ് തീരുമാനം. ഇന്നലെ രാത്രി മുതൽ സൗദിയിലേക്കെത്തിയത് ഇരുപതോളം ഡ്രോണുകളാണ്.
"ഈ നിമിഷം മുതൽ 48 മണിക്കൂറിനകം ഇറാൻ ഹോർമുസ് കടലിടുക്ക് യാതൊരുവിധ ഭീഷണികളുമില്ലാതെ പൂർണ്ണമായി തുറന്നുനൽകിയില്ലെങ്കിൽ, അമേരിക്കൻ ഇറാന്‍റെ വിവിധ വൈദ്യുത നിലയങ്ങളെ ആക്രമിച്ചു നാമാവശേഷമാക്കും. അതിൽ ഏറ്റവും വലിയ പവർ പ്ലാൻ്റിൽ നിന്നായിരിക്കും തുടക്കം" ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അതിനിടെ ഇസ്രായേലിന്‍റെ നഗരങ്ങളെ വിറപ്പിച്ച് ഇറാന്‍റെ മിസൈലുകൾ നേരിട്ട് പതിച്ചതോടെ കെട്ടിടങ്ങൾ കൂട്ടത്തോടെ തകർന്നു. അറാദിലും ഡിമോണയിലുമുൾപ്പെടെ ആക്രമണത്തിൽ നൂറിലേറെ പേർക്ക് പരിക്ക്. ഇരുപതിലേറെ പേരുടെ നില ഗുരുതരമാണ്. അറാദിൽ ഇസ്രായേൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണം നടന്നത് ഇസ്രായേലിലെ ആണവ കേന്ദ്രങ്ങൾക്ക് സമീപമാണ്.
ഇന്നലെ നതാൻസിലെ ഇറാൻ ആണവ കേന്ദ്രത്തിലേക്കുള്ള ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഇറാൻ അറിയിച്ചു. ഇസ്രായേലിന്‍റെ പ്രതിരോധ സംവിധാനങ്ങൾ തകരുന്നതിന്‍റെ ലക്ഷണമാണ് കണ്ടതെന്ന് ഇറാൻ പാർലമെന്‍റ് സ്പീക്കർ പറഞ്ഞു. ഇറാന്‍റെ മിസൈലുകൾ ഇസ്രായേലിൽ നേരിട്ടു പതിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
അതേസമയം പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണിൽ സംസാരിച്ചു. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സംഘർഷം ലഘൂകരിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ചർച്ച.
നിലവിലെ സങ്കീർണ്ണമായ സാഹചര്യങ്ങളിൽ ഇന്ത്യയുടെ ശക്തമായ ആശങ്ക ജയശങ്കർ അറിയിച്ചു. അക്രമങ്ങൾ വെടിഞ്ഞ് ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കപ്പൽ പാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ആഗോള വ്യാപാരത്തിന് അനിവാര്യമാണെന്ന് ഇരുനേതാക്കളും വിലയിരുത്തി. ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ ഉണ്ടാകരുതെന്ന് ജയശങ്കർ പറഞ്ഞു. ഇറാനിലും പരിസര പ്രദേശങ്ങളിലും കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ച് ചർച്ചയിൽ പ്രത്യേകം പരാമർശിച്ചു