
ജർമനിയിൽ തൊഴിലാളി ക്ഷാമം രൂക്ഷം; ഇന്ത്യക്കാരെ തേടുന്നു
|ഇന്ത്യയിലെ തൊഴിലില്ലായ്മയും കുറഞ്ഞ വേതനവുമാണ് യുവാക്കളെ ജർമനിയിലേക്ക് ആകർഷിക്കുന്നത്
ബെർലിൻ: ജർമനിയിലെ തൊഴിൽ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി മറികടക്കാൻ ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ സ്വാഗതം ചെയ്ത് രാജ്യം. മുതിർന്ന ജീവനക്കാർ വിരമിക്കുന്നതും പുതിയ തലമുറയിലെ ജർമൻകാർ കഠിനമായ തൊഴിൽ മേഖലകളിൽ നിന്ന് വിട്ടുനിൽക്കുന്നതുമാണ് ഈ പ്രതിസന്ധിക്ക് കാരണം. ബിബിസി റിപ്പോർട്ട് പ്രകാരം, പ്രാദേശികമായി തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യത്തിൽ പല ജർമൻ വ്യവസായങ്ങളും നിലനിൽപ്പിനായി ഇപ്പോൾ ഇന്ത്യയെയാണ് ആശ്രയിക്കുന്നത്.
ഡെമോഗ്രാഫിക് പ്രതിസന്ധി
ജർമനിയിലെ കുറഞ്ഞ ജനനനിരക്കും വർധിച്ചു വരുന്ന പ്രായമായവരുടെ എണ്ണവുമാണ് ഈ വിടവ് വർധിപ്പിക്കുന്നത്. ബെർട്ടൽസ്മാൻ ഫൗണ്ടേഷന്റെ 2024ലെ പഠനമനുസരിച്ച്, 2040-ഓടെ രാജ്യത്തെ തൊഴിലാളികളുടെ എണ്ണത്തിൽ 10 ശതമാനം കുറവുണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കണമെങ്കിൽ പ്രതിവർഷം ചുരുങ്ങിയത് 2,88,000 വിദേശ തൊഴിലാളികളെയെങ്കിലും രാജ്യത്തെത്തിക്കണം.
ഇന്ത്യൻ യുവത്വത്തിന്റെ സാധ്യത
ജർമനിയിൽ തൊഴിലാളികളുടെ കുറവുണ്ടെങ്കിൽ ഇന്ത്യയിൽ അതിലധികം യുവ തൊഴിലാളികൾ ലഭ്യമാണ്. ഇന്ത്യയിലെ 25 വയസിന് താഴെയുള്ള 60 കോടി ജനസംഖ്യയെ ഒരു വലിയ സാധ്യതയായാണ് ജർമനി കാണുന്നത്. ഇതിനോടകം തന്നെ കശാപ്പുശാലകൾ (Butcher shops), നിർമാണം, ബേക്കറി, മെക്കാനിക്സ് തുടങ്ങിയ മേഖലകളിൽ നിരവധി ഇന്ത്യൻ യുവാക്കൾ തൊഴിൽ പരിശീലനത്തിനായി (Apprenticeship) ജർമനിയിലെത്തിക്കഴിഞ്ഞു. 2026-ഓടെ നൂറുകണക്കിന് പുതിയ ഇന്ത്യൻ ട്രെയിനികളെ കൂടി എത്തിക്കാനാണ് റിക്രൂട്ട്‌മെന്റ് ഏജൻസികൾ ലക്ഷ്യമിടുന്നത്.
വിസ ക്വാട്ടയിലെ വൻ വർധനവ്
2022ൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച 'മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി' കരാർ ഇന്ത്യക്കാർക്ക് വലിയ അനുഗ്രഹമായി. ഇതിന്റെ തുടർച്ചയായി, വിദഗ്ധ തൊഴിലാളികൾക്കുള്ള വാർഷിക വിസ ക്വാട്ട 20,000ൽ നിന്നും 90,000 ആയി ജർമനി ഉയർത്തി. 2015ൽ 23,320 ഇന്ത്യക്കാർ മാത്രമുണ്ടായിരുന്ന ജർമൻ തൊഴിൽ വിപണിയിൽ 2024ഓടെ ഇത് 1,36,670 ആയി ഉയർന്നു.
ഉയർന്ന ശമ്പളവും മികച്ച അവസരവും
ഇന്ത്യയിലെ തൊഴിലില്ലായ്മയും കുറഞ്ഞ വേതനവുമാണ് യുവാക്കളെ ജർമനിയിലേക്ക് ആകർഷിക്കുന്നത്. ജർമൻ തൊഴിലാളികളെക്കാൾ ശരാശരി 29% അധികം വേതനം പല മേഖലകളിലും ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ലഭിക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കൂടാതെ ഐടി, നഴ്സിംഗ്, എഞ്ചിനീയറിംഗ് മേഖലകളിലും ഇന്ത്യക്കാർക്ക് വലിയ മുൻഗണനയാണ് ജർമനി നൽകുന്നത്. ഇന്ത്യക്കാരുടെ സഹായമില്ലാതെ തങ്ങളുടെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് പല ജർമൻ തൊഴിലുടമകളും ഇപ്പോൾ തുറന്നുപറയുന്നത്.