< Back
World
Marburg virus, Tanzania, മാര്‍ബര്‍ഗ് വൈറസ് ടാൻസാനിയയിലും
World

മാര്‍ബര്‍ഗ് വൈറസ് ടാൻസാനിയയിലും; എട്ട് പേർ മരിച്ചതായി ലോകാരോഗ്യ സംഘടന

Web Desk
|
15 Jan 2025 4:09 PM IST

വളരെ പെട്ടന്ന് വ്യാപിക്കുന്ന മാര്‍ബര്‍ഗ് വൈറസിന് ഉയര്‍ന്ന മരണനിരക്കാണുള്ളത്

ഡൊഡൊമ: റുവാണ്ടയിൽ ഭീതിവിതച്ച മാര്‍ബര്‍ഗ് വൈറസ് ടാൻസാനിയയിലും. വടക്കുപടിഞ്ഞാറൻ ടാൻസാനിയയിൽ മാർബർഗ് വൈറസ് ബാധിച്ച് എട്ട് പേർ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ആകെ ഒൻപത് പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. അയൽരാജ്യമായ റുവാണ്ടയിൽ രോഗം ബാധിച്ച് 15 പേർ മരിച്ചിരുന്നു.

ജനുവരി 10 ന് ടാൻസാനിയയിലെ കഗേര മേഖലയിൽ മാർബർഗ് വൈറസിന് സമാനമായ ലക്ഷണങ്ങൾ കണ്ടെത്തിയതായി ഡബ്ള്യുഎച്ച്ഒ വ്യക്തമാക്കി. രണ്ട് രോഗികളുടെ സാമ്പിളുകൾ ടാൻസാനിയയിലെ ദേശീയ ലബോറട്ടറിയിൽ പരിശോധനക്കായി അയച്ചിട്ടുണ്ട്. തലവേദന, കടുത്ത പനി, നടുവേദന, വയറിളക്കം, രക്തം ഛർദ്ദിക്കൽ, പേശികളുടെ ബലഹീനത, ബാഹ്യ രക്തസ്രാവം എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ.

ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള രോഗികളുടെ സമ്പർക്കപട്ടിക തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതൽ പരിശോധങ്ങൾ നടത്തിവരികയാണെന്നും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. “രോഗ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്‌സിൽ പറഞ്ഞു.

വളരെ പെട്ടന്ന് വ്യാപിക്കുന്ന മാര്‍ബര്‍ഗ് വൈറസിന് ഉയര്‍ന്ന മരണനിരക്കാണുള്ളത്. 88 ശതമാനമാണ് മരണനിരക്ക്. എബോളയോളം മാരകമായ വൈറസനാണ് മാര്‍ബര്‍ഗ്. പഴംതീനി വവ്വാലുകളിലൂടെയാണ് വൈറസ് വ്യാപനം നടക്കുക. ഒരാൾക്ക് ഈ വൈറസ് ബാധയുണ്ടായാൽ രണ്ട്‌ മുതല്‍ 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങള്‍ പ്രകടമാകും. രോഗം ഗുരുതരമാകുന്നവരില്‍ രക്തസ്രാവമുണ്ടാകുമെന്നും വിദഗ്ധര്‍ പറയുന്നു. 60 ലധികം പേർക്ക് റുവാണ്ടയിൽ രോഗം സ്ഥിരീകരിച്ചിരുന്നു.

Similar Posts