< Back
World
അടുത്ത വർഷത്തോടെ ഏഴ് ലക്ഷം വിദ്യാർഥികൾ കാനഡ വിടുമെന്ന് റിപ്പോർട്ട്
World

അടുത്ത വർഷത്തോടെ ഏഴ് ലക്ഷം വിദ്യാർഥികൾ കാനഡ വിടുമെന്ന് റിപ്പോർട്ട്

Web Desk
|
1 Dec 2024 8:00 PM IST

2025ൽ കാനഡയിൽ 50 ലക്ഷം താൽക്കാലിക പെർമിറ്റുകളുടെ കാലവധി അവസാനിക്കും

ഒട്ടാവ: അടുത്ത വർഷത്തിന്റെ അവസാനത്തോടെ ഏഴ് ലക്ഷം വിദേശ വിദ്യാർഥികൾ കാനഡ വിടേണ്ടിവരുമെന്ന് റിപ്പോർട്ട്. കാനഡയിൽ 50 ലക്ഷം താൽക്കാലിക പെർമിറ്റുകളുടെ കാലവധിയാണ് അടുത്ത വർഷം അവസാനിക്കുന്നത്. ഇതിൽ 7,66,000 എണ്ണം വിദേശ വിദ്യാർഥികളുടേതാണ്.

താൽക്കാലിക പെർമിറ്റുകളുടെ കാലവധി അവസാനിക്കുന്നതിനാൽ രാജ്യത്തെത്തിയ ഭൂരിഭാഗം ആളുകളും സ്വമേധയാ രാജ്യം വിടുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ കോമൺസ് ഇമിഗ്രേഷൻ കമ്മിറ്റിയെ അറിയിച്ചു. വിസാ കാലാവധിയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ അന്വേഷിക്കാനും പരിഹാരം കാണ്ടെത്താനും കാനഡ ബോർഡർ സർവീസസ് ഏജൻസി ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ നിലവിലുണ്ടെന്നും മാർക്ക് മില്ലർ വ്യക്തമാക്കി.

എന്നാൽ വിസാ കാലവധി അവസാനിക്കുന്ന എല്ലാവരും രാജ്യത്തുനിന്ന് പോകേണ്ടതില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചിലർക്ക് വിസ പുതുക്കാനും, മറ്റു ചിലർക്ക് തൊഴിൽ പെർമിറ്റ് നേടാനും അവസരമുണ്ടെന്ന് മില്ലർ പറഞ്ഞു. സാധാരണയായി ഒമ്പത് മാസം മുതൽ മൂന്നു വർഷം വരെയാണ് പെർമിറ്റുകൾ നൽകിവരുന്നത്. വിദേശ വിദ്യാർഥികൾക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള തൊഴിൽ പരിചയം നേടാനും ഇതിലൂടെ സാധിക്കുന്നു.

ഈ വർഷം ആഗസ്റ്റ് മുതൽ, പഞ്ചാബിൽ നിന്നുള്ള വിദ്യാർഥികൾ കാനഡയുടെ നയം മാറ്റത്തിൽ പ്രതിഷേധിച്ച് സമരം ചെയ്തിരുന്നു. തങ്ങളെ രാജ്യത്ത് തുടരാൻ അനുവദിക്കുമെന്ന് പ്രതീക്ഷിച്ചാണ് കാനഡയിൽ എത്തിയതെന്നാണ് സമരക്കാരുടെ വാദം.

ഇമിഗ്രേഷൻ വകുപ്പിന്റെ കണക്കുകൾ പ്രകാരം 2023 മെയ് വരെ പത്തു ലക്ഷത്തിലധികം വിദേശ വിദ്യാർഥികളാണ് കാനഡയിലുള്ളത്. ഇതിൽ 3,96,235 പേർ 2023ന്റെ അവസാനത്തോടെ തൊഴിൽ പെർമിറ്റ് നേടിയിട്ടുണ്ട്. എന്നാൽ വിസാ കാലവധി അവസാനിക്കുന്നതിന്റെയും, കുടിയേറ്റ നയം കർശനമാക്കിയതിന്റെയും ആശങ്കയിലാണ് വിദ്യാർഥികൾ.

കാനഡ വിദേശ വിദ്യാർഥികളുടെ പെർമിറ്റുകളിൽ 35 ശതമാനത്തോളം കുറവ് വരുത്തിയിട്ടുണ്ട്. കൂടാതെ വിദ്യാർഥികൾക്ക് താമസ സൗകര്യം ഒരുക്കുന്നതിലുണ്ടാകുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അടുത്തവർഷം 10 ശതമാനം പെർമ്മിറ്റുകൾ കുറയ്ക്കാനും പദ്ധതിയിടുന്നുണ്ട്.

Similar Posts