< Back
World
റമദാനിലെ ആദ്യ ദിനം ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥികൾക്കൊപ്പം ചെലവഴിച്ച് മെസ്യൂദ് ഓസിൽ
World

റമദാനിലെ ആദ്യ ദിനം ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥികൾക്കൊപ്പം ചെലവഴിച്ച് മെസ്യൂദ് ഓസിൽ

റിഷാദ് അലി
|
21 Feb 2026 10:25 AM IST

റോഹിങ്ക്യൻ സഹോദരങ്ങൾക്കായി ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും അതിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാമെന്നും മെസ്യൂദ് ഓസിൽ

ധാക്ക: റമദാനിലെ ആദ്യ ദിനം ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ ചെലവഴിച്ച് പ്രമുഖ ഫുട്ബോള്‍ താരം മെസ്യൂദ് ഓസില്‍. തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ മകന്‍ ബിലാല്‍ ഉര്‍ദുഗാനും ഒപ്പമുണ്ടായിരുന്നു. കോക്സ് ബസാറിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകളിലായിരുന്നു സന്ദര്‍ശനം.

ധാക്കയിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ രാവിലെ 10:45 ഓടെയാണ് ഓസിലും സംഘവും കോക്സ് ബസാർ വിമാനത്താവളത്തിലെത്തിയത്. തുർക്കിഷ് കോപ്പറേഷൻ ആൻഡ് കോർഡിനേഷൻ ഏജൻസി പ്രസിഡന്റ് അബ്ദുള്ള എറൻ, ബംഗ്ലാദേശിലെ തുർക്കി അംബാസഡർ റാമിസ് സെൻ എന്നിവരും ഉദ്യോഗസ്ഥരും ബിസിനസ് പ്രതിനിധികളും ഏതാനും മാധ്യമപ്രവർത്തകരും ഇവരോടൊപ്പമുണ്ടായിരുന്നു.

കോക്സ് ബസാർ ഡെപ്യൂട്ടി കമ്മീഷണർ അബ്ദുൾ മന്നാനും പൊലീസ് സൂപ്രണ്ട് സജെദുർ റഹ്മാനും ചേർന്നാണ് സംഘത്തെ സ്വീകരിച്ചത്. റോഹിങ്ക്യൻ അഭയാർഥികള്‍ക്കൊപ്പം സൗഹൃദ ഫുട്ബോൾ മത്സരത്തില്‍ പങ്കുചേർന്ന ഓസിൽ, അതിനുശേഷം പ്രതിനിധി സംഘത്തോടൊപ്പം അഭയാർത്ഥികൾക്കൊപ്പം ഇഫ്താറിലും പങ്കെടുത്തു.

സന്ദര്‍ശനവിവവരങ്ങളും ചിത്രങ്ങളും ഓസില്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.

"ബംഗ്ലാദേശിലെ കോക്സ് ബസാറിലുള്ള റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകളിൽ ബിലാൽ ഉർദുഗാനൊപ്പമാണ് ഞാൻ റമദാനിലെ ആദ്യ ദിനം ചെലവഴിച്ചത്. ടിക്ക, ദിയാനത്ത് വഖഫി എന്നിവയുടെ സഹകരണത്തോടെ അവിടെ പ്രവർത്തിക്കുന്ന ഫീൽഡ് ഹോസ്പിറ്റൽ, സ്കൂൾ, വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ എന്നിവിടങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കണ്ടു. എങ്കിലും, റോഹിങ്ക്യൻ സഹോദരങ്ങൾക്കായി നമുക്ക് ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും. നമുക്ക് ഒരുമിച്ച് കൈകോർക്കാം, വലിയൊരു മാറ്റം കൊണ്ടുവരാം"- ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഓസില്‍ വ്യക്തമാക്കി.

Similar Posts