< Back
World
പ്രളയം അനുഗ്രഹം,വീപ്പകളിൽ വെള്ളം ശേഖരിച്ചുവെക്കണം; പരിഹാരമാർഗം നിർദേശിച്ച് പാക് പ്രതിരോധ മന്ത്രി
World

'പ്രളയം അനുഗ്രഹം,വീപ്പകളിൽ വെള്ളം ശേഖരിച്ചുവെക്കണം'; പരിഹാരമാർഗം നിർദേശിച്ച് പാക് പ്രതിരോധ മന്ത്രി

Web Desk
|
3 Sept 2025 10:59 AM IST

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുണ്ടായ പ്രളയം 20 ലക്ഷം ആളുകളെയാണ് ബാധിച്ചത്

ഇസ്‍ലാമാബാദ്: പ്രളയ സാഹചര്യം നേരിടാന്‍ പാകിസ്താനിലെ ജനങ്ങള്‍ക്ക് വിചിത്ര പരിഹാരമാര്‍ഗം നിര്‍ദേശിച്ച് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന പാകിസ്താനിലെ ജനങ്ങള്‍ പ്രളയജലം അഴുക്കുചാലുകളിലേക്ക് വിടുന്നതിനുപകരം വലിയ വീപ്പകളില്‍ ശേഖരിച്ചുവെക്കണമെന്നും പ്രളയത്തെ ഭയപ്പെടേണ്ടതില്ലെന്നും അനുഗ്രഹമായി കാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രളയത്തിനെതിരെ പ്രതിഷേധിക്കുന്ന ആളുകള്‍ പ്രളയജലം വീട്ടിലേക്ക് കൊണ്ടുപോകണമെന്നും വീടുകളിലും ടബ്ബകളിലും പാത്രങ്ങളിലും വെള്ളം ശേഖരിച്ചുവെക്കണമെന്നും പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ദുനിയ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രളയത്തെ അനുഗ്രഹമായി കാണണമെന്നും അതുകൊണ്ട് തന്നെ ഇവ സംഭരിച്ചുവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..10-15 വർഷമെടുത്ത് വന്‍കിട ഡാമുകള്‍ നിര്‍മിക്കുന്നതിന് പകരം ചെറുകിട ഡാമുകള്‍ പാകിസ്താന്‍ നിര്‍മിക്കണമെന്നും ആസിഫ് പറഞ്ഞു.

മണ്‍സൂണ്‍ മഴക്ക് പിന്നാലെ പാകിസ്താനിലെ വിവിധ പ്രദേശങ്ങള്‍ പ്രളയദുരിതം പേറുകയാണ്.2.4 ദശലക്ഷത്തിലധികം ആളുകൾ ദുരിതത്തിലായിട്ടുണ്ട്. ആയിരത്തിലധികം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യയിലാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. പാകിസ്താന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എൻ‌ഡി‌എം‌എ) കണക്കുകൾ പ്രകാരം, ജൂൺ 26 മുതൽ ആഗസ്റ്റ് 31 വരെ, 854 പേര്‍ക്കാണ് പ്രളയത്തില്‍ ജീവന്‍ നഷ്ടമായത്. 1,100 ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.രണ്ട് ദിവസം കൂടി മഴ പെയ്യുമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്നും ജലനിരപ്പ് കൂടുതൽ ഉയരുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പാകിസ്താനിലുടനീളം കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായതും കൊയ്യാൻ തയ്യാറായ വിളകൾ നശിച്ചതും രാജ്യത്ത് ഭക്ഷ്യ പ്രതിസന്ധിക്കും കാരണമായേക്കുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Similar Posts