< Back
World
Pakistan finds gold worth Rs 80,000 crore in Indus River
World

പാകിസ്താനിൽ സിന്ധു നദിയിൽ 80,000 കോടിയുടെ സ്വർണ നിക്ഷേപം കണ്ടെത്തി

Web Desk
|
4 March 2025 5:00 PM IST

പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയിൽ സർക്കാർ നടത്തിയ സർവേയിലാണ് സ്വർണ നിക്ഷേപം കണ്ടെത്തിയത്.

ഇസ്‌ലാമാബാദ്: പാകിസ്താനിൽ സിന്ധു നദിയിൽ വൻ സ്വർണ ശേഖരം കണ്ടെത്തി. 80,000 കോടിയുടെ സ്വർണ നിക്ഷേപമാണ് കണ്ടെത്തിയത്. പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയിൽ സർക്കാർ നടത്തിയ സർവേയിലാണ് സ്വർണ നിക്ഷേപം കണ്ടെത്തിയതെന്ന് ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിയുന്ന പാകിസ്താൻ വലിയ ആശ്വാസം പകരുന്നതാണ് സ്വർണ നിക്ഷേപം. വിഭജനകാലത്ത് പാകിസ്താനിലായിപ്പോയ സിന്ധു നദിയുടെ ഭാഗത്താണ് സ്വർണ നിക്ഷേപമുള്ളത്. നദിയുടെ ഒഴുക്കിനെ തുടർന്ന് സ്വർണത്തരികൾ ഒന്നുകിൽ പരന്ന് ഘനീഭവിച്ച നിലയിലോ അല്ലെങ്കിൽ വൃത്താകൃതിയിലോ കാണപ്പെടാമെന്നാണ് ജിയോളജിസ്റ്റുകൾ പറയുന്നത്. ധാതുസമ്പന്നമായ സിന്ധു നദിയിൽ വൻതോതിൽ സ്വർണവും മറ്റു വിലയേറിയ ലോഹങ്ങളും ഉണ്ടെന്നാണ് സർവേ റിപ്പോർട്ട് പറയുന്നത്.

സ്വർണ നിക്ഷേപം സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിച്ചതോടെ പ്രാദേശിക ഖനന കരാറുകാർ ഇവിടേക്ക് ഇതിനകം തന്നെ എത്തിയിരുന്നു. സ്വർണ നിക്ഷേപം സ്ഥിരീകരിച്ചതോടെ അനുമതിയില്ലാതെ ഖനനം നടത്തുന്നതിന് പഞ്ചാബ് സർക്കാർ നിരോധനമേർപ്പെടുത്തി. വിലക്കയറ്റവും കറൻസിയുടെ ക്ഷയിക്കലും കാരണം വലയുന്ന പാകിസ്താന് വലിയ പ്രതീക്ഷ പകരുന്നതാണ് പുതിയ കണ്ടെത്തൽ. കൃത്യമായി സ്വർണം ഖനനം ചെയ്‌തെടുക്കാനായാൽ പാകിസ്താന്റെ സാമ്പിത്തക മേഖലക്ക് ഇത് പുതിയ ഉണർവ് നൽകും.

നിലവിൽ തെക്കേ എഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറവ് സ്വർണം കരുതൽ ശേഖരമായുള്ള രാജ്യം പാകിസ്താനാണ്. ഫലപ്രദമായ രീതിയിൽ ഖനനം നടത്തി സ്വർണ നിക്ഷേപം കൃത്യമായി വിനിയോഗിക്കാനായാൽ പാകിസ്താന്റെ കരുതൽ സ്വർണ ശേഖരം വൻ തോതിൽ ഉയരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നാഷണൽ എൻജിനീയറിങ് സർവീസസ് പാകിസ്താനും പഞ്ചാബിലെ മൈൻസ് ആൻഡ് മിനറൽസ് വകുപ്പും സംയുക്തമായാകും ഖനനത്തിന് നേതൃത്വം നൽകുക എന്നാണ് റിപ്പോർട്ട്.

Similar Posts