< Back
World
അഫ്ഗാനിൽ പാക് വ്യോമാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു
World

അഫ്ഗാനിൽ പാക് വ്യോമാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു

ആത്തിക്ക് ഹനീഫ്
|
22 Feb 2026 9:15 AM IST

തുടർച്ചയായി നടക്കുന്ന ചാവേർ ആക്രമണത്തിന് മറുപടിയാണ് ഈ ആക്രമണമെന്ന് പാകിസ്താൻ

കാബൂൾ: അഫ്ഗാനിസ്താനിൽ പാക് വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തുടർച്ചയായി നടക്കുന്ന ചാവേർ ആക്രമണത്തിന് മറുപടിയാണ് ഈ ആക്രമണമെന്ന് പാകിസ്താൻ. ഇസ്ലാമാബാദിലെ ഒരു ഷിയ പള്ളിയിൽ ചാവേർ ആക്രമണത്തിൽ ഡസൻ കണക്കിന് വിശ്വാസികൾ കൊല്ലപ്പെട്ടിരുന്നു. സമാനമായ നിരവധി ആക്രമണങ്ങൾക്ക് പിന്നിലുള്ള സായുധ സംഘങ്ങളുടെ 'ക്യാമ്പുകളും ഒളിത്താവളങ്ങളും' ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്നും പാകിസ്താൻ പറഞ്ഞു.

തെഹ്‌രീകെ താലിബാൻ പാകിസ്താൻ (ടിടിപി) എന്നറിയപ്പെടുന്ന പാകിസ്താൻ താലിബാന്റെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും ഏഴ് ക്യാമ്പുകളിലും അതിർത്തി മേഖലയിൽ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സ്ഥാപനത്തെയും ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് പാകിസ്താൻ ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ഇസ്‌ലാമബാദിലും വടക്കുപടിഞ്ഞാറൻ ബജൗർ, ബന്നു ജില്ലകളിലും അടുത്തിടെയുണ്ടായ ആക്രമണങ്ങൾ അഫ്ഗാന്റെ അറിവോടെയാണെന്നതിനുള്ള നിർണായക തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും മന്ത്രാലയം അവകാശപ്പെട്ടു.

വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബന്നു ജില്ലയിൽ നടന്ന ചാവേർ ആക്രമണത്തിൽ ഒരു ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ രണ്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് പാകിസ്താൻ അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തിയത്. മാത്രമല്ല, തിങ്കളാഴ്ച, ഒരു ചാവേർ ബോംബർ, സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം അടുത്തുള്ള ബജൗറിലെ ഒരു സുരക്ഷാ പോസ്റ്റിന്റെ മതിലിലേക്ക് ഇടിച്ചുകയറ്റി 11 സൈനികരും ഒരു കുട്ടിയും കൊല്ലപ്പെട്ടു.

ഫെബ്രുവരി 6ന് ഇസ്‌ലാമബാദിലെ തർലായ് കലാൻ പ്രദേശത്തെ ഖദീജത്തുൽ കുബ്ര പള്ളിയിൽ ഉച്ചയ്ക്ക് പ്രാർത്ഥനയ്ക്കിടെ നടന്ന മറ്റൊരു ചാവേർ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഏറ്റെടുത്തു. സമീപ വർഷങ്ങളിൽ പാകിസ്താനിൽ അക്രമങ്ങൾ വർധിച്ചുവരികയാണ്. ഇതിന് പിന്നിൽ തെഹ്‌രീകെ താലിബാൻ പാകിസ്താനും ബലൂച്ച് വിഘടനവാദ ഗ്രൂപ്പുകളുമാണെന്ന് പാകിസ്താൻ ആരോപിച്ചു. ടിടിപി അഫ്ഗാനിസ്താനിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്നും പാകിസ്താൻ കുറ്റപ്പെടുത്തി. എന്നാൽ പാകിസ്താൻ വിരുദ്ധ സായുധ സംഘങ്ങൾക്ക് അഭയം നൽകുന്നുവെന്ന ആരോപണത്തെ താലിബാൻ സർക്കാർ നിരന്തരം നിഷേധിച്ചിട്ടുണ്ട്.

Similar Posts