< Back
World
വടക്കുകിഴക്കൻ പാകിസ്താനിലെ ഭീകരാക്രമണം: ഉത്തരവാദിത്തമേറ്റ് പാക് താലിബാൻ

 Photo : AFP

World

വടക്കുകിഴക്കൻ പാകിസ്താനിലെ ഭീകരാക്രമണം: ഉത്തരവാദിത്തമേറ്റ് പാക് താലിബാൻ

Web Desk
|
11 Oct 2025 3:16 PM IST

ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ ജില്ലകളില്‍ നടന്ന വിവിധ ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാകിസ്താനി താലിബാന്‍ (തെഹ്‌രീകെ താലിബാന്‍). വിവിധ ഭീകരാക്രമണങ്ങളില്‍ 20 സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് സാധാരണക്കാരും ഉള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താന്‍ അതിര്‍ത്തിയിലെ ഖൈബര്‍ പഖ്തൂന്‍ഖ്വാ പ്രവിശ്യയിലെ വിവിധ ജില്ലകളിലാണ് ആക്രമണമുണ്ടായത്.

വെള്ളിയാഴ്ച രാത്രിയാണ് പോലീസ് ട്രെയിനിങ് സ്‌കൂളിന് നേരേ ചാവേര്‍ ആക്രമണമുണ്ടായത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കുമായെത്തിയ ഭീകരര്‍ പ്രധാന ഗേറ്റും ഇടിച്ചുതകര്‍ത്ത് അകത്തേക്ക് കടക്കുകയായിരുന്നു. ഇതിനുപിന്നാലെ വന്‍ സ്‌ഫോടനമുണ്ടായി. തുടര്‍ന്ന് ഭീകരര്‍ പൊലീസ് ട്രെയിനിങ് സ്‌കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരേ വെടിയുതിര്‍ത്തു. അഞ്ച് മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ നീണ്ടതായാണ് വിവരം

ദേരാ ഇസ്മയില്‍ ഖാന്‍ ജില്ലയിലെ പൊലീസ് ട്രെയിനങ് സ്‌കൂളിന് നേരേയടക്കമാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. പൊലീസ് ട്രെയിനിങ് സ്‌കൂളിന് നേരേയുണ്ടായ ചാവേര്‍ ആക്രമണത്തിലും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലും ഏഴ് പൊലീസുകാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 13 പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ആറ് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായും റിപ്പോര്‍ട്ടുകളിലുണ്ട്. ട്രെയിനിങ് സെന്ററിലുണ്ടായിരുന്ന ട്രെയിനി പൊലീസുകാരെയും ജീവനക്കാരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും അധികൃതര്‍ പറഞ്ഞു. പൊലീസിന് പുറമേ എസ്എസ്ജി കമാന്‍ഡോകളും അല്‍-ബുര്‍ഖ സേനയും ഓപ്പറേഷനില്‍ പങ്കാളികളായിരുന്നു.

Similar Posts