< Back
World
മുൻ പാക് പ്രധാനമന്ത്രിയും ക്രിക്കറ്ററുമായ ഇംറാൻ ഖാന്‌ വെടിയേറ്റു
World

മുൻ പാക് പ്രധാനമന്ത്രിയും ക്രിക്കറ്ററുമായ ഇംറാൻ ഖാന്‌ വെടിയേറ്റു

Web Desk
|
3 Nov 2022 5:21 PM IST

സർക്കാറിനെതിരെയുള്ള റാലിക്കിടെ കാലിനാണ് വെടിയേറ്റത്

പാകിസ്താനിലെ മുൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്ററുമായ ഇംറാൻ ഖാനും പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടിയിലെ സഹനേതാക്കൾക്കും വെടിയേറ്റു. ഷഹബാസ് ഷരീഫ്‌ സർക്കാറിനെതിരെയുള്ള പാർട്ടി റാലിക്കിടെ കാലിനാണ് ഇംറാന് വെടിയേറ്റത്. ഫൈസൽ ജാവേദ്, അഹമ്മദ് ചറ്റ എന്നിവർക്കും സംഭവത്തിൽ പരിക്കേറ്റു. കാലിനാണ് ഇംറാന് പരിക്കേറ്റതെന്ന് പിടിഐ വക്താക്കളായ ഫവാദ് ചൗധരി, ഇംറാൻ ഇസ്മാഈൽ എന്നിവർ വ്യക്തമാക്കിയിട്ടുണ്ട്. പരിക്കേറ്റ ഇംറാനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദിൽ വെച്ച് വെടിയേറ്റ ഇംറാനെ നൂറു കിലോമീറ്റർ അകലെ ലാഹോറിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. വലതു കാലിന് ബാൻഡേജിട്ട അദ്ദേഹത്തെ എസ്‌യുവിയിൽ കയറ്റുന്ന വീഡിയോ പുറത്തുവന്നിരുന്നു.

ലോംഗ് മാർച്ചെന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ റാലി വസീറാബാദിലെത്തിയിരിക്കെയാണ് സംഭവം നടന്നത്. ഇംറാൻ ഖാനെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് പി.ടി.ഐ ആരോപിക്കുന്നത്. ലാഹോറിൽ നിന്ന് ഇസ്‌ലാമാബാദിലേക്കാണ് ഇംറാൻ രണ്ടാം ലോങ് മാർച്ച് ആരംഭിച്ചിരുന്നത. 350 കിലോമീറ്റർ ദൂരത്തിലായിരുന്നു മാർച്ച് സംഘടിപ്പിച്ചിരുന്നത്. നവംബർ നാലോടെ തലസ്ഥാനമായ ഇസ്‌ലാമാബാദിലെത്തുമെന്നായിരുന്നു പ്രതീക്ഷ. കിലോമീറ്ററുകളോളം നീളുന്ന വാഹനവ്യൂഹത്തിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തിരുന്നത്.

Pakistan's former Prime Minister and former cricketer Imran Khan was shot

Similar Posts