< Back
World
Nasry Asfura declared new president of Honduras
World

ഫലസ്തീൻ വംശജൻ ഹോണ്ടുറാസ് പ്രസിഡൻ്റ്; ജനങ്ങളെ നിരാശപ്പെടുത്തില്ലെന്ന് അസ്ഫുറ

Web Desk
|
27 Dec 2025 1:47 PM IST

28,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അസ്ഫുറ അധികാരത്തിലെത്തിയത്.

ടെഗുസിഗാൽപ: ഫലസ്തീൻ വംശജൻ നസ്റി അസ്ഫുറ ഹോണ്ടുറാസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. നാഷനൽ പാർട്ടി നേതാവും തലസ്ഥാനമായ ടെഗുസിഗാൽപയുടെ മുൻ മേയറും വ്യവസായിയുമായ അസ്ഫുറ 40.27 ശതമാനം വോട്ടാണ് നേടിയത്. മധ്യ-വലതുപക്ഷ സ്ഥാനാർഥിയും ലിബറൽ പാർട്ടി നേതാവുമായ സാൽവഡോർ നസ്രല്ലയ്ക്ക് 39.53 ശതമാനം വോട്ട് ലഭിച്ചു.

28,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അസ്ഫുറ അധികാരത്തിലെത്തിയത്. ഭരണകക്ഷിയായ ലിബർട്ടി ആൻഡ് റീഫൗണ്ടേഷൻ പാർട്ടിയിലെ റിക്സി മൊൻകാഡയ്ക്ക് 19.19 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. നവംബർ 30ന് നടന്ന തെരഞ്ഞെടുപ്പിൽ 24 ദിവസത്തിന് ശേഷമാണ് ഫലം പ്രഖ്യാപിച്ചത്. വോട്ടെണ്ണൽ സംവിധാനത്തിലെ തകരാറുകൾ മൂലമാണ് ഫലപ്രഖ്യാപനം വൈകിയതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ഹോണ്ടുറാസ് ഭരിക്കാൻ താൻ തയ്യാറാണെന്ന് ഫലപ്രഖ്യാപനത്തിന് പിന്നാലെ അസ്ഫുറ പ്രതികരിച്ചു. 'ഹോണ്ടുറാസ് ഇലക്ടറൽ കൗൺസിലിൽ നിന്ന് ഔദ്യോഗിക ഫല‌പ്രഖ്യാപനം വന്നിരിക്കുന്നു. തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരുടെ മികച്ച പ്രവർത്തനങ്ങൾ അം​ഗീകരിക്കപ്പെടേണ്ടതാണ്. ഹോണ്ടുറാസ് ഞാൻ ഭരിക്കാൻ തയ്യാറാണ്. ഞാൻ നിങ്ങളെ നിരാശപ്പെടുത്തില്ല. ദൈവം ഹോണ്ടുറാസിനെ അനുഗ്രഹിക്കട്ടെ'- അദ്ദേഹം വിശദമാക്കി.

അതേസമയം, പരാജയം സമ്മതിക്കാൻ തയാറാവാതിരുന്ന എതിർ സ്ഥാനാർഥി നസ്രല്ല, വോട്ടെണ്ണൽ പ്രക്രിയയിൽ ക്രമക്കേട് ആരോപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് മുമ്പ്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അസ്ഫുറയെ പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു.

അസ്ഫുറ ഹോണ്ടുറാസ് പ്രസി‍ഡന്റായതോടെ, ലാറ്റിൻ അമേരിക്കയിൽ ഫലസ്തീൻ വംശജരായ രാഷ്ട്രത്തലവൻമാരുടെ എണ്ണം രണ്ടായി. എൽ സാൽവഡോർ പ്രസിഡൻ്റ് ആയ നായിബ് ബുക്കാലെയും ഫലസ്തീൻ വംശജനാണ്. 2019 ജൂൺ ഒന്നിനാണ് ഫാരബുണ്ടോ മാർട്ടി നാഷണൽ ലിബറേഷൻ ഫ്രണ്ട് നേതാവായ ബുക്കാലെ എൽ സാൽവഡോർ പ്രസിഡന്റായി തെരഞ്ഞടുക്കപ്പെടുന്നത്.

Similar Posts