
ഫലസ്തീനിൽ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാൻ ട്രംപുമായി ചേർന്നു പ്രവർത്തിക്കാൻ തയ്യാർ: മഹ്മൂദ് അബ്ബാസ്
|ഇറാൻ- ഇസ്രായേൽ സംഘർഷം അവസാനിപ്പിച്ചതിൽ ട്രംപിനെ മഹ്മൂദ് അബ്ബാസ് അഭിനന്ദിച്ചു.
വെസ്റ്റ് ബാങ്ക്: ഇറാൻ- ഇസ്രായേൽ സംഘർഷം അവസാനിപ്പിച്ചതിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് കത്തെഴുതി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ഫലസ്തീനികൾക്ക് ശാശ്വത സമാധാനവും സ്ഥിരതയും കൊണ്ടുവരുന്ന മറ്റൊരു കരാറിൽ ട്രംപിനൊപ്പം പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാൻ യുഎസുമായും അറബ് രാഷ്ട്രങ്ങളുമായും ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് അബ്ബാസ് ട്രംപിനെ അറിയിച്ചതായി വഫ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തലമുറകളായി ഈ മേഖലക്ക് നഷ്ടപ്പെട്ട സമാധാനം പുനഃസ്ഥാപിച്ച് പുതിയ ചരിത്രം സൃഷ്ടിക്കാനുള്ള താങ്കളുടെ കഴിവിൽ തങ്ങൾ വിശ്വസിക്കുകയും പ്രതീക്ഷയർപ്പിക്കുകയും ചെയ്യുന്നുവെന്നും മഹ്മൂദ് അബ്ബാസ് കത്തിൽ പറഞ്ഞു.
ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ച ഇസ്രായേൽ ഗസ്സയിൽ കൂട്ടക്കുരുതി തുടരുകയാണ്. ഇന്ന് രാവിലെ മുതൽ ഇസ്രായേൽ ആക്രമണത്തിൽ 41 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 14 പേർ സഹായ വിതരണ കേന്ദ്രത്തിന് സമീപത്തുവെച്ചാണ് കൊല്ലപ്പെട്ടത്.
ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ഭക്ഷണ വിതരണ കേന്ദ്രങ്ങളിലേക്ക് പോകാൻ വെറും 20 മിനിറ്റ് മാത്രമാണ് ഇസ്രായേൽ സൈന്യം അനുവദിക്കുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. സഹായവിതരണ കേന്ദ്രത്തിന് സമീപം ഇസ്രായേൽ സൈന്യം സർവസജ്ജരായി നിലയുറപ്പിച്ചിട്ടുണ്ട്.
ഭക്ഷണം വാങ്ങാനെത്തുന്നവരുടെ വലിയ തിരക്കാണ് സഹായവിതരണ കേന്ദ്രങ്ങൾക്ക് മുന്നിൽ അനുഭവപ്പെടുന്നത്. ആളുകൾ 20 മിനിറ്റിനുള്ളിൽ ഭക്ഷണം വാങ്ങി മടങ്ങിപ്പോയില്ലെങ്കിൽ സൈന്യം വെടിയുതിർക്കും. അതുകൊണ്ടാണ് സഹായ വിതരണ കേന്ദ്രങ്ങളിൽ കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നതെന്ന് അൽ ജസീറ റിപ്പോർട്ടർ ഹാനി മഹ്മൂദ് പറഞ്ഞു. അതേസമയം ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും തങ്ങളുടെ മക്കൾ വിശന്നുമരിക്കാതിരിക്കാൻ ആളുകൾ സഹായവിതരണ കേന്ദ്രങ്ങളിലേക്ക് എത്തുകയാണെന്നും ഹാനി മഹ്മൂദ് പറഞ്ഞു.