< Back
World
Gaza War

അക്രമിയായ ജോസഫ് എം ചൂബ, കൊല്ലപ്പെട്ട വാദിയ അൽ ഫയൂം

World

യു.എസിൽ വിദ്വേഷക്കൊല; ആറു വയസുകാരനായ മുസ്‌ലിം ബാലനെ കുത്തിക്കൊന്നു

Web Desk
|
16 Oct 2023 9:53 AM IST

‘നിങ്ങൾ മുസ്‌ലിംകൾ മരിക്കണം’ എന്നാക്രോശിച്ചായിരുന്നു ആക്രമണമെന്ന് മാതാവ് ഹനാൻ ഷാഹിൻ പറഞ്ഞു.

ന്യൂയോർക്ക്: യു.എസിലെ ചിക്കാഗോയിൽ ആറുവയസുള്ള മുസ്‌ലിം ബാലനെ കുത്തിക്കൊന്നു. ഇസ്രായേൽ അനുകൂലിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റു. വാദിയ അൽ ഫയൂം എന്ന ബാലനാണ് കൊല്ലപ്പെട്ടത്.

ഇല്ലിനോയിസ് സ്വദേശിയായ 71കാരൻ ജോസഫ് എം. ചൂബ എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്. ഇയാളെ വിദ്വേഷ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി വിൽ കൗണ്ടി പൊലീസ് അറിയിച്ചു.

പ്ലെയിൻഫീൽഡ് ടൗൺഷിപ്പിൽ അക്രമിയുടെ വീടിന്‍റെ താഴത്തെ നിലയിലാണ് മുസ്‌ലിം കുടുംബം താമസിച്ചിരുന്നത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമി വലിയ കത്തി ഉപയോഗിച്ച് കുട്ടിയെ കുത്തുകയായിരുന്നു. ‘നിങ്ങൾ മുസ്‌ലിംകൾ മരിക്കണം’ എന്നാക്രോശിച്ചായിരുന്നു ആക്രമണമെന്ന് മാതാവ് ഹനാൻ ഷാഹിൻ പറഞ്ഞു.

രണ്ടുപേരും മുസ്‌ലിംകളായതിനാലും ഇസ്രായേൽ - ഹമാസ് പശ്ചിമേഷ്യൻ സംഘർഷത്തിൽ പ്രകോപിതനായുമാണ് ഈ ക്രൂരമായ ആക്രമണം നടത്തിയതെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെന്ന് വിൽ കൗണ്ടി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. നെഞ്ചിലും കൈയിലുമായാണ് ഇരുവർക്കും കുത്തേറ്റത്. 26 തവണയാണ് അക്രമി കുത്തിയത്. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ അമ്മയുടെ നില ഗുരുതരമായി തുടരുകയാണ്.

Summary- Palestinian-American Boy, 6, Stabbed To Death In Attack Linked To Gaza War

Similar Posts