World
Palestinian footballer among 19 killed across Gaza
World

ഗസ്സയിൽ ഫലസ്തീൻ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 പേർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Web Desk
|
3 July 2025 8:16 PM IST

മധ്യ ഗസ്സയിൽ സഹായവിതരണ കേന്ദ്രത്തിൽ ഭക്ഷണം വാങ്ങാനെത്തിയ ആറ് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി.

ഗസ്സ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ ഗസ്സയിലെ റഫ, അൽഷകൂഷ് എന്നിവിടങ്ങളിൽ ഇസ്രായേൽ നടത്തിയ കനത്ത ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മധ്യ ഗസ്സയിൽ സഹായവിതരണ കേന്ദ്രത്തിൽ ഭക്ഷണം വാങ്ങാനെത്തിയ ആറ് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. ഖിദ്മത്തുൽ മഗാസി ഫുട്‌ബോൾ ക്ലബ്ബിന്റെ കളിക്കാരനായ മുഹന്നദ് അൽ-ലയ്യ നേരത്തെ നടന്ന ഒരു ആക്രമണത്തിൽ പരിക്കേറ്റ് മഗാസി അഭയാർഥി ക്യാമ്പിലെ വീട്ടിൽ കഴിയുമ്പോഴാണ് മരിച്ചത്.

ഗസ്സ നഗരത്തിലെ അപ്പാർട്ട്‌മെന്റിന് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് സിവിലിയൻമാർ കൊല്ലപ്പെട്ടു. സയ്തൂൻ, തുഫ മേഖലയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെടുകയും കുട്ടികൾ ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വടക്കൻ ഗസ്സയിൽ ജബാലിയ അഭയാർഥി ക്യാമ്പിലെ ഹലാവ റൗണ്ട് എബൗട്ടിന് സമീപമുള്ള ഒരു പ്രദേശത്ത് ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു.

ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്വകാര്യ യുഎസ് സുരക്ഷാ ഏജൻസി ഉദ്യോഗസ്ഥർ ഭക്ഷണത്തിനായി വരിനിൽക്കുന്ന ഫലസ്തീനികൾക്ക് നേരെ വെടിവെച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. രണ്ട് യുഎസ് കോൺട്രാക്ടർമാർ നൽകിയ മൊഴികളുടെയും തങ്ങൾക്ക് ലഭിച്ച വീഡിയോകളുടെയും അടിസ്ഥാനത്തിൽ എപി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

Similar Posts