< Back
World
‘Palestinian Pele’ Suleiman Al-Obeid Killed by Israel While Collecting Aid
World

'ഫലസ്തീൻ പെലെ' സുലൈമാൻ അൽ ഉബൈദ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Web Desk
|
7 Aug 2025 5:09 PM IST

തെക്കൻ ഗസ്സയിലെ സഹായവിതരണ കേന്ദ്രത്തിൽ ഭക്ഷണത്തിനായി കാത്തിരിക്കുന്നതിനിടെയാണ് ഉബൈദ് കൊല്ലപ്പെട്ടത്.

ഗസ്സ: ഫലസ്തീന്റെ മുൻ ദേശീയ ഫുട്‌ബോൾ താരം സുലൈമാൻ അൽ ഉബൈദ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തെക്കൻ ഗസ്സയിലെ സഹായവിതരണ കേന്ദ്രത്തിൽ ഭക്ഷണത്തിനായി കാത്തിരിക്കുന്നതിനിടെയാണ് ഉബൈദ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.

ആരാധകർക്കിടയിൽ 'ഫലസ്തീൻ പെലെ' എന്നറിയപ്പെടുന്ന സുലൈമാൻ അൽ ഉബൈദ് തന്റെ കരിയറിൽ നൂറിലധികം ഗോളുകൾ നേടിയിട്ടുണ്ട്. ഖാദിം അൽ ശാത്വി ക്ലബ്ബിൽ തന്റെ കരിയർ തുടങ്ങിയ ഉബൈദ് പിന്നീട് വെസ്റ്റ് ബാങ്കിലെ അൽ-അമരി യൂത്ത് സെന്ററിലേക്കും ഒടുവിൽ ഗസ്സ സ്‌പോർട്‌സ് ക്ലബ്ബിലേക്കും മാറിയിരുന്നു.

സുലൈമാൻ അൽ ഉബൈദിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഫലസ്തീൻ ഫുട്‌ബോൾ അസോസിയേഷൻ ഇസ്രായേൽ ആക്രമണം കായികരംഗത്ത് സൃഷ്ടിച്ച ആഘാതം ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഫുട്‌ബോൾ താരങ്ങൾ, കോച്ചുമാർ, റഫറിമാർ, ഒഫീഷ്യലുകൾ അടക്കം 321 പേർ ഇതുവരെ സംഘർഷത്തിൽ കൊല്ലപ്പെട്ടതായി ഫുട്‌ബോൾ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.

ഫലസ്തീൻ കായകതാരങ്ങൾക്ക് എതിരെ ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രായേൽ ഫുട്‌ബോൾ അസോസിയേഷന്റെ അംഗത്വം റദ്ദാക്കണമെന്ന് മനുഷ്യാവകാശ സംഘടനകൾ ഫിഫയോട് ആവശ്യപ്പെട്ടു. സുലൈമാൻ അൽ ഉബൈദിന്റെ അഞ്ച് മക്കൾ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. ഉബൈദിന്റെ കൊലപാതകത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ ഇസ്രായേൽ തയ്യാറായിട്ടില്ല.

Similar Posts