
ഇസ്രായേൽ ജയിലുകളിൽ ഫലസ്തീനി തടവുകാരെ 'വൈദ്യുതാഘാതമേൽപ്പിച്ചും, പട്ടിണിക്കിട്ടും പീഡിപ്പിക്കുന്നു': തടവുകാരുടെ കമീഷൻ
|തടവുകാരുടെ കൈകൾ ബന്ധിക്കുകയും, സെല്ലുകളിൽ നിന്ന് ബലമായി പിടിച്ചിറക്കുകയും, കഠിനമായ മർദ്ദനത്തിനും വൈദ്യുതാഘാതത്തിനും വിധേയരാക്കുകയും ചെയ്യുന്നുവെന്ന് അടുത്തിടെ ജയിൽ സന്ദർശിച്ച ഒരു അഭിഭാഷകന്റെ സാക്ഷ്യം ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു
ഫലസ്തീൻ: ഇസ്രായേലി ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാരെ വൈദ്യുതാഘാതമേൽപ്പിച്ചും പട്ടിണിക്കിട്ടും പീഡിപ്പിക്കുന്നതായി ഫലസ്തീൻ അവകാശ സംഘടന. ഫലസ്തീനികൾ നേരിടേണ്ടി വന്ന ശാരീരികവും മാനസികവുമായ ക്രൂരതയുടെ വർധിച്ചുവരുന്ന രീതിയെക്കുറിച്ച് സംഘം മുന്നറിയിപ്പ് നൽകിയതായി അനഡോലുവും റിപ്പോർട്ട് ചെയ്യുന്നു.
തടവുകാരുടെ കൈകൾ ബന്ധിക്കുകയും, സെല്ലുകളിൽ നിന്ന് ബലമായി പിടിച്ചിറക്കുകയും, കഠിനമായ മർദ്ദനത്തിനും വൈദ്യുതാഘാതത്തിനും വിധേയരാക്കുകയും ചെയ്യുന്നുവെന്ന് അടുത്തിടെ ജയിൽ സന്ദർശിച്ച ഒരു അഭിഭാഷകന്റെ സാക്ഷ്യം ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. വേദന വർധിപ്പിക്കുന്നതിനായി തടവുകാരെ ഷവർ ഏരിയകളിലെ നനഞ്ഞ നിലങ്ങളിലൂടെ വലിച്ചിഴച്ച് ശരീരത്തിൽ നനവുണ്ടാക്കി സ്റ്റൺ ഗണ്ണുകൾ ഉപയോഗിച്ച് പീഡിപ്പിക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. ശാരീരിക പീഡനത്തിന് പുറമേ കടുത്ത ഭക്ഷ്യ ദൗർലഭ്യവും കമീഷൻ റിപ്പോർട്ട് ചെയ്തു. തടവുകാർക്ക് കുറഞ്ഞ അളവിൽ മാത്രമേ ഭക്ഷണം ലഭിക്കുന്നുള്ളൂവെന്നും ഇത് വേഗത്തിൽ ശരീരഭാരം കുറക്കുന്നതിലേക്ക് നയിക്കുന്നുവെന്നും കമീഷൻ ചൂണ്ടിക്കാട്ടി.
ഫലസ്തീൻ പ്രിസണേഴ്‌സ് സൊസൈറ്റിയുടെ കണക്കനുസരിച്ച് ആഗസ്റ്റ് ആദ്യം വരെ ഇസ്രായേൽ 10,800-ലധികം ഫലസ്തീനികളെ തടവിലാക്കിയിട്ടുണ്ട്. ഇതിൽ 49 സ്ത്രീകളും 450 കുട്ടികളും ഉൾപ്പെടുന്നു. ഇസ്രായേലി സൈനിക ക്യാമ്പുകളിൽ തടവിലാക്കപ്പെട്ട തടവുകാരെയും ലെബനൻ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള തടവുകാരെയും ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. 2023 ഒക്ടോബറിൽ ഗസ്സയിൽ ഇസ്രായേൽ നടത്തിയ വംശഹത്യ യുദ്ധം ആരംഭിച്ചതിനുശേഷം വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യവും അനധികൃത കുടിയേറ്റക്കാരും നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 1,013 ഫലസ്തീനികൾ കൊല്ലപ്പെടുകയും 7,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.