< Back
World
ഫലസ്തീനികളെ പുറന്തള്ളാൻ ഗസ്സ സിറ്റിയിൽ  വ്യാപക ആക്രമണവുമായി ഇസ്രായേൽ; തുടക്കം മാത്രമെന്ന്  സൈന്യം
World

ഫലസ്തീനികളെ പുറന്തള്ളാൻ ഗസ്സ സിറ്റിയിൽ വ്യാപക ആക്രമണവുമായി ഇസ്രായേൽ; തുടക്കം മാത്രമെന്ന് സൈന്യം

Web Desk
|
16 Sept 2025 7:29 AM IST

ഇന്നലെ മാത്രം 51 പേരെയാണ്​ ഇസ്രയേൽ കൊലപ്പെടുത്തിയത്​. ഇതിൽ ആറു വയസുള്ള ഇരട്ടകളും ഉൾപ്പെടും

ഗസ്സ സിറ്റി: അറബ്​, മുസ്​ലിം രാജ്യങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടയിലും ഫലസ്തീനികളെ പുറന്തള്ളാൻ ഗസ്സ സിറ്റിയിൽ വ്യാപക ആക്രമണവുമായി ഇസ്രായേൽ. ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കംമേഖലയുടെ സുരക്ഷ തകിടം മറിക്കുമെന്ന്​ ദോഹയിൽ ചേർന്ന അറബ്​, മുസ്​ലിം രാജ്യങ്ങളുടെ നേതൃയോഗം ഇന്നലെ മുന്നറിയിപ്പ്​ നൽകിയിരുന്നു. എന്നാൽ അർധരാത്രി മുതൽ ഗസ്സ സിറ്റിയിൽ കൂടുതൽ ശക്​തമായ ആക്രമണം​ ഇസ്രായേൽ ആരംഭിച്ചു​. തുടക്കം മാത്രമാണിതെന്ന്​ ഇസ്രായേൽ സൈന്യം പ്രതികരിച്ചു.

ഇന്നലെ മാത്രം 51 പേരെയാണ്​ ഇസ്രയേൽ കൊലപ്പെടുത്തിയത്​. ഇതിൽ ആറു വയസു മാത്രം പ്രായമുള്ള ഇരട്ടകളും ഉൾപ്പെടും.ഗസ്സയിൽ മൂന്ന് മാധ്യമ പ്രവർത്തകരെയും ഇസ്രായേൽകൊലപ്പെടുത്തി. ഗസ്സ സിറ്റിയടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഏറ്റവും ഉയരം കൂടിയ അൽ ഗാഫിരി ബഹുനില കെട്ടിടം ഇസ്രായേൽ ബോംബിട്ട്​ തകർത്തു. വടക്കൻ ഗസ്സയിൽ നിന്ന്​ തെക്കൻ ഭാഗത്തേക്ക്​ പതിനായിരങ്ങളാണ്​ സുരക്ഷതേടി പ്രയാണം തുടരുന്നത്.​

ഇസ്രായേലിൽ എത്തിയ യു.എസ്​ സ്​റ്റേറ്റ്​സെക്രട്ടറി മാകോ റൂബിയോ നെതന്യാഹു ഉൾപ്പടെ നേതാക്കളുമായി വിശദചർച്ച നടത്തി. ഖത്തറുമായുള്ള നല്ല ബന്ധം തുടരമെന്നും പ്രശ്നപരിഹാര മാർഗത്തിൽ ഖത്തർ ഇനിയും ക്രിയാത്​മക റോൾ തുടരമെന്നും മാകോ റൂബിയോ നിർദേശിച്ചു. അതേസമയം, വെടിനിർത്തലുമായി ബന്​ധപ്പെട്ട്​ ബന്ദികളുടെ ബന്ധുക്കൾക്ക്​ എന്തെങ്കിലും ഉറപ്പ്​ നൽകാൻ യു.എസ്​ സ്റ്റേറ്റ്​സെക്രട്ടറി തയാറായില്ല. നയതന്ത്ര നീക്കത്തിലൂടെയോ അതല്ലെങ്കിൽ സൈനിക നടപടികളിലൂടെയോ മാത്രമേ ബന്ദിമോചനം നടക്കൂ എന്നും മാർകോ റൂബിയോ പ്രതികരിച്ചു.

അതിനിടെ, ഇസ്രായേൽ ലോകത്ത് സാമ്പത്തികമായി കൂടുതൽ ഒറ്റപ്പെടുകയാണെന്ന് തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. രാജ്യത്തിന് പിടിച്ചുനിൽക്കാൻ കൂടുതൽ സ്വയംപര്യാപ്തരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എന്നാൽ നെതന്യാഹുവിന്റെയും അദ്ദേഹത്തിന്റെ സർക്കാറിന്റെയും തെറ്റായ നയങ്ങളുടെ ഫലമായാണ് ഇസ്രായേൽ ഒറ്റപ്പെട്ടതെന്ന്​പ്രതിപക്ഷ നേതാവ്​ യായിർ ലാപിഡ്​ കുറ്റപ്പെടുത്തി. ഗസ്സയിൽ കൂട്ടക്കൊല തുടരുന്നിടത്തോളം ഇസ്രായേലിനെ അന്താരാഷ്ട്ര കായികവേദികളിൽനിന്ന് വിലക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആവശ്യപ്പെട്ടു. ബ്രിട്ടനിലെ റോയൽ കോളജ്​ ഓഫ്​ ഡിഫൻസ്​ സ്റ്റഡീസിൽ ഇസ്രായേലികൾക്ക്​ പ്രവേശനം വിലക്കിയിട്ടുണ്ട്.

Similar Posts