< Back
World
അടച്ചുപൂട്ടൽ നയത്തിന്റെ ഭാഗമായി ശമ്പളം മുടങ്ങി; അമേരിക്കയിൽ വിമാന സർവീസുകൾ താറുമാറായി
World

അടച്ചുപൂട്ടൽ നയത്തിന്റെ ഭാഗമായി ശമ്പളം മുടങ്ങി; അമേരിക്കയിൽ വിമാന സർവീസുകൾ താറുമാറായി

Web Desk
|
4 Nov 2025 1:35 PM IST

വാരാന്ത്യത്തിൽ മാത്രം 167000 വിമാനസർവീസുകൾ വൈകി; 2282 സർവീസുകൾ റദ്ദ് ചെയ്തു

ന്യുയോർക്ക്:അമേരിക്കയിൽ എയർട്രാഫിക് കൺട്രോളർമാർ അവധിയിൽ പ്രവേശിച്ചതോടെ വിമാന സർവീസുകൾ താറുമാറായി. ട്രംപ് സർക്കാറിന്റെ അടച്ചുപൂട്ടൽ നയത്തിന്റെ ഭാഗമായിട്ട് ശമ്പളം മുടങ്ങിയതോടെയാണ് എയർട്രാഫിക് കൺട്രോളർമാർ അവധിയിൽ പ്രവേശിച്ചത്. വാരാന്ത്യത്തിൽ അമേരിക്കയിൽ മൊത്തം 167000 വിമാന സർവീസുകളാണ് വൈകിയത്. 2282 വിമാനങ്ങൾ റദ്ദ് ചെയ്തു.

തിങ്കളാഴ്ച വൈകീട്ടും വിമാനങ്ങൾ വൈകുന്നത് തുടർന്നു. തിങ്കളാഴ്ച മാത്രം പ്രധാന എയർപോർട്ടുകളിൽ നിന്നുള്ള 600 ലേറെ സർവീസുകൾ റദ്ദ് ചെയ്തിട്ടുണ്ട്. 4000ത്തിലേറെ സർവീസുകൾ വൈകിയിട്ടുമുണ്ട്. 13000 ത്തിലേറെ എയർ ട്രാഫിക് കൺട്രോളർമാരാണ് അമേരിക്കയിൽ ഉള്ളത്. അവശ്യ തൊഴിലാളികളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇവർക്ക് ഒക്ടോബർ ഒന്നു മുതലുള്ള വേതനം ലഭിച്ചിട്ടില്ല. എയർട്രാഫിക് കൺട്രോളർമാർ ഇല്ലാതെ സർവീസ് നടത്തുന്നത് സുരക്ഷയെ ബാധിക്കും. സുരക്ഷമാനദണ്ഡത്തിൽ ലഘൂകരിക്കാൻ സാധിക്കാത്തതിനാൽ സർവീസുകൾ കുറക്കാൻ നിർബന്ധിതരാവുമെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ എക്‌സിലൂടെ അറിയിച്ചു.

അടച്ചുപൂട്ടൽ നയം അവസാനിപ്പിച്ച് എയർ ട്രാഫിക് കൺട്രോളർമാരുടെ വേതനം ഉടൻ നൽകണമെന്നും യാത്രക്കാർക്ക് ഉണ്ടാവുന്ന പ്രയാസം ഒഴിവാക്കണമെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ ആവശ്യപ്പെട്ടു. വിമാന സർവീസുകളുടെ സുരക്ഷ നിലനിർത്തുന്നതിനായി കാലതാമസം തുടരുമെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി ഞായറാഴ്ച സിബിഎസ് ന്യൂസ് ഫെയ്സ് ദി നാഷണൽ പ്രോഗ്രാമിനോട് പറഞ്ഞു. എയർ ട്രാഫിക് കൺട്രോളർമാർ അവധിയെടുത്ത് മറ്റ് എന്തെങ്കിലും ജോലി ചെയ്താലും താൻ അവരെ പഴി പറയില്ല. കുടുംബങ്ങളെ പോറ്റാൻ അത്തരമൊരു തീരുമാനമെടുത്തവരെ പിരിച്ചുവിടാൻ താൻ ഒരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞു.

Similar Posts