< Back
World
Petition in UK to lift Hamas ban
World

ഹമാസിന്റെ നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുകെയിൽ ഹരജി

Web Desk
|
10 April 2025 9:53 PM IST

യുകെയിൽ കുടിയേറ്റക്കാർക്ക് നിയമസഹായം നൽകുന്നതിനായി പ്രവർത്തിക്കുന്ന റിവർവേ ലോയുടെ അഭിഭാഷകനായ ഫഹദ് നസ്‌റിയാണ് ഹരജി നൽകിയത്.

ലണ്ടൻ: ഫലസ്തീൻ വിമോചന പോരാട്ടത്തിൽ യുകെയുടെ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. ഫലസ്തീന്റെ വിമോചനത്തിനായി പോരാടുന്ന ഹമാസിന്റെ നിരോധനം പിൻവലിക്കണമെന്നും യുകെ ഹോം സെക്രട്ടറിക്ക് സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെടുന്നു. തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് ഹമാസിനെ യുകെ നിരോധിച്ചത്. യുകെയിൽ കുടിയേറ്റക്കാർക്ക് നിയമസഹായം നൽകുന്നതിനായി പ്രവർത്തിക്കുന്ന റിവർവേ ലോയുടെ അഭിഭാഷകനായ ഫഹദ് നസ്‌റിയാണ് ഹരജി നൽകിയത്. ഹമാസ് യൂറോപ്പിൽ നടത്തുന്ന ഏറ്റവും വലിയ നിയമപോരാട്ടമായാണ് ഇത് പരിഗണിക്കപ്പെടുന്നത്.

ബാരിസ്റ്റർമാരായ ഫ്രാങ്ക് മാഗെന്നിസ്, ഡാനിയൽ ഗ്രട്ടേർസ് എന്നിവരും ഹരജി തയ്യാറാക്കുന്നതിനായി സഹായം നൽകിയിട്ടുണ്ട്. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയുടെ ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് ലീഗൽ ഓഫീസ് തലവൻ ഡോ. മൂസ അബു മർസൂക്ക് ആണ് സംഘടനക്കായി ഹരജിയിൽ ഒപ്പിട്ടിരിക്കുന്നത്. നിരോധനം പിൻവലിക്കണമെന്ന ആവശ്യത്തെ പിന്തുണക്കുന്ന നൂറുകണക്കിന് രേഖകളും ഹരജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിയമവിദഗ്ധർ, രാഷ്ട്രീയ നേതാക്കൾ, അക്കാദമിഷ്യൻമാർ, ജേണലിസ്റ്റുകൾ തുടങ്ങിയവരുടെ വിശകലനങ്ങളും ഹരജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.

ഒരു നൂറ്റാണ്ടിലധികമായി ഫലസ്തീനിൽ നടക്കുന്ന കോളനിവത്കരണത്തിനും വംശീയ ഉൻമൂലനത്തിനും എല്ലാം ബ്രിട്ടനാണ് ഉത്തരവാദി. 1917ലെ ബാൽഫോർഡ് ഡിക്ലറേഷനിലും 1948ലെ നക്ബയിലും നിലവിൽ ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയിലും ബ്രിട്ടൻ നിർണായക പങ്കുവഹിക്കുന്നുണ്ട്. ഫലസ്തീൻ പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണക്കാരായ സിയോണിസത്തിന് എല്ലാ പിന്തുണയും നൽകി കൂടെ നിൽക്കുന്നത് ബ്രിട്ടനാണെന്നും ഹരജിയിൽ കുറ്റപ്പെടുത്തുന്നു.

സിയോണിസത്തിന്റെ അധിനിവേശത്തെയും വംശീയ ഉൻമൂലനത്തെയും കോളനിവത്കരണത്തെയും പ്രതിരോധിച്ച് ഫലസ്തീനികളുടെ അവകാശത്തിനായി പോരാടുന്ന സംഘടനയാണ് ഹമാസ്. സ്വാതന്ത്ര്യത്തിനും ദേശീയ ഐക്യത്തിനും അതിർത്തി സംരക്ഷിക്കാനും എല്ലാ വിധത്തിലുമുള്ള കോളവനിവത്കരണത്തിനും എതിരെ സായുധമായും ധാർമികമായും പോരാടാൻ ഫലസ്തീൻ ജനതക്ക് അവകാശമുണ്ട്. അത് ഫലസ്തീന്റെ സ്വയം നിർണയാധികാരത്തിന്റെ ഭാഗമാണെന്നും ഹരജിയിൽ പറയുന്നു.

വംശഹത്യയും മാനവികതക്കെതിരായ കുറ്റകൃത്യങ്ങളും അവസാനിപ്പിക്കേണ്ടത് ബ്രിട്ടീഷ് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഫലസ്തീൻ ജനതയുടെ മനുഷ്യാവകാശങ്ങൾ അംഗീകരിക്കാൻ ബ്രിട്ടൻ തയ്യാറാവണം. ബ്രിട്ടീഷ് സർക്കാരിന് രാഷ്ട്രീയ വിരോധമുള്ളതുകൊണ്ട് മാത്രം അഭിപ്രായ സ്വാതന്ത്ര്യവും സംഘടിക്കാനുള്ള സ്വാതന്ത്ര്യവും നിഷേധിക്കുന്നത് യൂറോപ്യൻ കൺവെൻഷൻ ഓൺ ഹ്യൂമൻ റൈറ്റ്‌സിന്റെ 10, 11, 14 ആർട്ടിക്കിളുകളുടെ ലംഘനമാണ്.

ബ്രിട്ടനോ ബ്രിട്ടീഷ് പൗരൻമാർക്കോ ഹമാസ് ഒരു തരത്തിലുള്ള ഭീഷണിയും ഉയർത്തുന്നില്ല. ഫലസ്തീൻ ജനതയുടെ സ്വയം നിർണയാധികാരവും ജനാധിപത്യ അവകാശങ്ങളും മാത്രമാണ് ഹമാസിന്റെ ലക്ഷ്യമെന്നും ഹരജിയിൽ പറയുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി ബ്രിട്ടീഷ് സർക്കാരുകൾ ഫലസ്തീൻ ജനതക്കെതിരെ ചെയ്യുന്ന കുറ്റകൃത്യങ്ങളും സിയോണിസത്തിന്റെ വംശീയ ഉൻമൂലനത്തിന് ചെയ്യുന്ന സഹായങ്ങളും ഒടുവിൽ ഒക്ടോബർ ഏഴിലെ തൂഫാനുൽ അഖ്‌സയിലേക്ക് നയിച്ച കാരണങ്ങളും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Related Tags :
Similar Posts