< Back
World
അഗാധമായ നന്ദി, നെതന്യാഹുവിനോട് മോദി: പുതിയ പ്രധാനമന്ത്രിക്ക് അഭിനന്ദനവും
World

'അഗാധമായ നന്ദി', നെതന്യാഹുവിനോട് മോദി: പുതിയ പ്രധാനമന്ത്രിക്ക് അഭിനന്ദനവും

Web Desk
|
14 Jun 2021 4:28 PM IST

ഇസ്രാഈലിൽ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ നഫ്താലി ബെന്നറ്റിനെ അഭിനന്ദിച്ചും സ്ഥാനമൊഴിയുന്ന ബെന്യാമിൻ നെതന്യാഹുവിന് നന്ദി പ്രകടിപ്പിച്ചും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇസ്രാഈലിൽ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ നഫ്താലി ബെന്നറ്റിനെ അഭിനന്ദിച്ചും സ്ഥാനമൊഴിയുന്ന ബെന്യാമിൻ നെതന്യാഹുവിന് നന്ദി പ്രകടിപ്പിച്ചും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത വർഷം നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയതിന്റെ 30 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ ബെന്നറ്റിനെ കാണാനും തന്ത്രപരമായ പങ്കാളിത്തം ഒന്നുകൂടി വർദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നതായി നരേന്ദ്ര മോദി വ്യക്തമാക്കി.

കാലാവധി കഴിയുന്ന ബെന്യാമിൻ നെതന്യാഹുവിന് അഗാധമായ നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ബെന്യാമിന്റെ നേതൃത്വത്തിനും ഇന്ത്യ-ഇസ്രാഈൽ തന്ത്രപരമായ പങ്കാളിത്തത്തിലേക്കുള്ള വ്യക്തിപരമായ ശ്രദ്ധക്കും കടപ്പാട് രേഖപ്പെടുത്തുന്നുവെന്നും മോദി കുറിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇസ്രാഈലിന്റെ പുതിയ പ്രധാനമന്ത്രിയായി നഫ്താലി ബെന്നറ്റ് അധികാരമേറ്റത്. നെതന്യാഹുവിന്റെ പന്ത്രണ്ട് വർഷത്തെ ഭരണത്തിന് അന്ത്യംകുറിച്ചായിരുന്നു ബെന്നറ്റിന്റെ സ്ഥാനാരോഹണം.

49കാരനായ നഫ്താലി ബെന്നറ്റ് നെതന്യാഹു ഭരണകൂടത്തിന്റെ മുന്‍ പങ്കാളിയായിരുന്നു. നെതന്യാഹുവിനെ താഴെയിറക്കി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കിങ് മേക്കറായി മാറിയ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ യമിന പാര്‍ട്ടിക്ക് ആകെ ലഭിച്ചത് ഏഴ് സീറ്റ് മാത്രമാണ്. ആര്‍ക്കും കൃത്യമായി ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ഇസ്രായേലില്‍ രണ്ടു വര്‍ഷത്തിനിടെ നാല് തെരഞ്ഞെടുപ്പാണ് നടന്നത്.

ഇടത്-വലത്, മധ്യപക്ഷ, അറബ് പാർട്ടികളുടെ സഖ്യമാണ് ബെന്നറ്റ് നയിക്കുന്നത്. 120 അംഗ പാർലമെന്റിൽ 61 പേരുടെ നേരിയ ഭൂരിപക്ഷമാണ് സഖ്യത്തിനുള്ളത്.




Similar Posts