< Back
World
25 വർഷത്തിനിടെ ആദ്യം; ​ഗസ്സയിൽ പോളിയോ ബാധിച്ച കുഞ്ഞിന് പക്ഷാഘാതം‌‌ സംഭവിച്ചു
World

25 വർഷത്തിനിടെ ആദ്യം; ​ഗസ്സയിൽ പോളിയോ ബാധിച്ച കുഞ്ഞിന് പക്ഷാഘാതം‌‌ സംഭവിച്ചു

Web Desk
|
23 Aug 2024 9:50 PM IST

കുട്ടിയുടെ ഇടതുകാലിൻ്റെ താഴത്തെ ചലനം നഷ്ടപ്പെട്ടു

ദുബൈ: യുദ്ധം തകർത്ത ​ഗസ്സയിൽ ടൈപ്പ് 2 പോളിയോ വൈറസ് മൂലം 10 മാസം പ്രായമുള്ള കുഞ്ഞിന് പക്ഷാ​ഘാതം സംഭവിച്ചു. പ്രദേശത്ത് 25 വർഷത്തിനിടെ ഇത്തരമൊരു കേസ് ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ലോകാരോ​ഗ്യ സംഘടന അറിയിച്ചു. ഇതോടെ എല്ലാ കുഞ്ഞുങ്ങൾക്കും അടിയന്തിര പ്രതിരോധ കുത്തിവയ്പ്പുകൾ നൽകണമെന്ന ആവശ്യവുമായി യു.എൻ ഏജൻസികൾ രം​ഗത്ത് വന്നു. ഒരാഴ്ചയ്ക്ക് മുമ്പാണ് 10 മാസം പ്രായമുള്ള കുഞ്ഞിന് പോളിയോ വൈറസ് റിപ്പോർട്ട് ചെയ്തത്.

ടൈപ്പ് ഒന്ന്, മൂന്ന് തുടങ്ങിയവയേക്കാൾ അപകടകരമല്ല ടൈപ്പ് രണ്ട് വൈറസ്. എന്നാൽ കുറഞ്ഞ വാക്സിനേഷൻ നിരക്ക് ഉള്ള പ്രദേശങ്ങളിൽ ഏറ്റവും കൂടുതലുണ്ടാവാറുള്ള വൈറസാണിത്. പ്രദേശത്ത് വാക്സിനേഷൻ കാമ്പെയ്‌നുകൾ തുടരാൻ അനുവദിക്കുന്നതിന് ഒരാഴ്ചത്തെ യുദ്ധ വിരാമത്തിന് ഇസ്രായേലും ഹമാസും സമ്മതിക്കണമെന്ന് യു.എൻ ഏജൻസികൾ ആവശ്യപ്പെട്ടു.

'പോളിയോയ്ക്ക് ഫലസ്തീൻ കുട്ടികളെന്നോ ഇസ്രായേൽ കുട്ടികളെന്നോയില്ല. യു​ദ്ധത്തിന് ഇടവേള നൽകുന്നത് വൈകിയാൽ വൈറസ് മറ്റു കുട്ടികളിലേക്കും പടരു'മെന്ന് യു.എൻ.ആർ.ഡബ്ല്യു.എ മേധാവി ഫിലിപ്പെ ലാസെറിനി പറഞ്ഞു. ഇടതുകാലിൻ്റെ താഴത്തെ ചലനം നഷ്ടപ്പെട്ട കുഞ്ഞിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ അറിയിച്ചു.

ഗസ്സ മുനമ്പിൽ 2024 ആ​ഗസ്തിലും സെപ്‌റ്റംബറിലും പോളിയോ വാക്‌സിനേഷൻ്റെ രണ്ട് റൗണ്ടുകൾ ആരംഭിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. യുദ്ധത്തിൽ ആരോ​ഗ്യ സേവനങ്ങൾ വ്യാപകമായി തകർന്നത് ​ഗസ്സയിലെ ജനങ്ങൾക്ക് രോ​ഗം വേ​ഗത്തിൽ പിടിപെടുന്നതിന് കാരണമാകുന്നുണ്ട്.

നാഡീവ്യവസ്ഥയെ ആക്രമിച്ച് പക്ഷാഘാതത്തിന് കാരണമാകുന്ന വൈറസാണ് പോളിയോ. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. ഗസ്സയിൽ പോളിയോ വൈറസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സൈനികർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചിരുന്നു. യുദ്ധത്തിന് ഏഴ് ദിവസത്തെ ഇടവേള നൽകാനുള്ള യു.എൻ അഭ്യർഥനയെ ആ​ഗസ്ത് 16ന് ഹമാസ് പിന്തുണച്ചിരുന്നു.

Similar Posts