< Back
World
Pope appoints Sr. Simona Brambilla as Vaticans first female prefect
World

വത്തിക്കാനിലെ ഉന്നത പദവിയിൽ ആദ്യമായി വനിത; സിസ്റ്റർ സിമോണ ബ്രാംബില്ലയെ പ്രിഫെക്ട് ആയി നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ

Web Desk
|
7 Jan 2025 10:45 AM IST

എല്ലാ സന്ന്യാസസഭാ വിഭാഗങ്ങളുടെയും ചുമതലയുള്ള കൂരിയയുടെ നേതൃസ്ഥാനമാണ് (പ്രിഫെക്ട്) സിസ്റ്റർ ബ്രാംബില്ലക്ക്.

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ ഉന്നത പദവിയിൽ ആദ്യമായി വനിതയെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇറ്റാലിയൻ കന്യാസ്ത്രീ സിമോണ ബ്രാംബില്ലയെയാണ് സുപ്രധാന ചുമതലയിൽ നിയമിച്ചത്. എല്ലാ സന്ന്യാസസഭാ വിഭാഗങ്ങളുടെയും ചുമതലയുള്ള കൂരിയയുടെ നേതൃസ്ഥാനമാണ് (പ്രിഫെക്ട്) സിസ്റ്റർ ബ്രാംബില്ലക്ക്.

ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സിസ്റ്റർ ബ്രാംബില്ലയെ സഹായിക്കാൻ കർദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർട്ടിമെയെയും നിയമിച്ചു. ദിവ്യബലി ഉൾപ്പെടെ ചില കൂദാശാകർമങ്ങൾ പ്രിഫെക്ട് ചെയ്യേണ്ടതുണ്ട്. നിലവിൽ ഇതിന് പുരോഹിതൻമാർക്ക് മാത്രമേ അധികാരമുള്ളൂ. അതുകൊണ്ട് കൂടിയാണ് കർദിനാൾ ആർട്ടിമെയുടെ നിയമനം.

ചർച്ച് ഭരണവുമായി ബന്ധപ്പെട്ട ഉന്നത സ്ഥാനങ്ങളിൽ സ്ത്രീകളെ നിയമിക്കുക എന്ന പോപ് ഫ്രാൻസിസിന്റെ നയത്തിന്റെ ഭാഗമായാണ് സിസ്റ്റർ ബ്രാംബില്ലയുടെ നിയമനം. ചില വത്തിക്കാൻ ഓഫീസുകളിൽ സ്ത്രീകളെ സഹമേധാവിയായി നിയമിച്ചിരുന്നെങ്കിലും കത്തോലിക്കാ സഭയുടെ കേന്ദ്രഭരണ സ്ഥാപനമായ ഹോളി സീ കൂരിയയുടെ ഒരു ഡികാസ്റ്ററിയുടെയോ സഭയുടെയോ പ്രീഫെക്ടായി ഒരു സ്ത്രീയെ നിയമിക്കുന്നത് ആദ്യമാണ്.

2011 മുതൽ 2023 വരെ കൺസോലറ്റ മിഷനറി സിസ്‌റ്റേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തിരുന്നു സിസ്റ്റർ ബ്രാംബില്ല അതിന് മുമ്പ് നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. മൊസാംബിക്കിൽ മിഷനറി പ്രവർത്തനം നടത്തിയ പരിചയവും ബ്രാംബില്ലക്കുണ്ട്.

2019 ജൂലൈ എട്ടിന് മാർപാപ്പ ആദ്യമായി ഏഴ് സ്ത്രീകളെ ഡിക്കാസ്റ്ററി ഫോർ കോൺസെേ്രകറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റീസ് ഓഫ് അപ്പോസ്‌തോലിക് ലൈഫിന്റെ അംഗങ്ങളായി നിയമിച്ചു. പിന്നീട് സിസ്റ്റർ ബ്രാംബില്ലയെ ആദ്യം ഡികാസ്റ്ററി സെക്രട്ടറിയായും ഇപ്പോൾ പ്രിഫെക്റ്റായും തിരഞ്ഞെടുത്തു. ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥാനാരോഹണം മുതൽ വത്തിക്കാനിൽ സ്ത്രീകളുടെ സാന്നിധ്യം വർധിച്ചിട്ടുണ്ട്. 2013 മുതൽ 2023 വരെയുള്ള ഹോളി സീയെയും വത്തിക്കാൻ സിറ്റി സ്റ്റേറ്റിനെയും ഉൾക്കൊള്ളുന്ന മൊത്തത്തിലുള്ള ഡാറ്റ അനുസരിച്ച്, സ്ത്രീകളുടെ പ്രാതിനിധ്യം 19.2 ശതമാനത്തിൽ നിന്ന് 23.4 ശതമാനമായി ഉയർന്നിട്ടുണ്ട്.

Similar Posts