< Back
World
യുദ്ധമല്ല, ഇത് ക്രൂരതയാണ്.. കുട്ടികളെ ബോംബിട്ട് കൊല്ലുന്നു- ഇസ്രായേലിനെതിരെ വീണ്ടും മാർപാപ്പ
World

'യുദ്ധമല്ല, ഇത് ക്രൂരതയാണ്.. കുട്ടികളെ ബോംബിട്ട് കൊല്ലുന്നു'- ഇസ്രായേലിനെതിരെ വീണ്ടും മാർപാപ്പ

Web Desk
|
21 Dec 2024 6:56 PM IST

ഗസ്സയിൽ ഇസ്രായേൽ വംശഹത്യയാണോ നടത്തുന്നതെന്ന്​ അന്വേഷിക്ക​ണമെന്ന്​ ആവശ്യപ്പെട്ട് ​ മാർപാപ്പ നേരത്തെയും രംഗത്തെത്തിയിരുന്നു.

ബെൽജിയം: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമങ്ങളെ അപലപിച്ച് ഫ്രാൻസിസ്​ മാർപാപ്പ വീണ്ടും രംഗത്ത്. ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് യുദ്ധമല്ലെന്നും ക്രൂരതയാണെന്നും മാർപാപ്പ വത്തിക്കാനിൽ പറഞ്ഞു. തൻ്റെ വാർഷിക ക്രിസ്‌മസ്‌ പ്രസംഗത്തിലായിരുന്നു മാർപാപ്പയുടെ പരാമർശങ്ങൾ.

'ഇന്നലെ കുട്ടികൾക്ക് നേരെയാണ് ബോംബേറുണ്ടായത്. ഇത് ക്രൂരതയാണ്, യുദ്ധമല്ല. എന്റെ ഹൃദയത്തെ സ്‌പർശിച്ചതിനാലാണ് ഞാനിത് തുറന്നുപറയാൻ ആഗ്രഹിച്ചത്'- വത്തിക്കാനിലെ വിവിധ വകുപ്പുകളെ നയിക്കുന്ന കത്തോലിക്കാ കർദിനാൾമാരോട് സംസാരിക്കവെ മാർപാപ്പ പറഞ്ഞു. ഗസ്സയിൽ ഇസ്രായേൽ വംശഹത്യയാണോ നടത്തുന്നതെന്ന്​ അന്വേഷിക്ക​ണമെന്ന്​ ആവശ്യപ്പെട്ട് ​ മാർപാപ്പ നേരത്തെയും രംഗത്തെത്തിയിരുന്നു.

ഉടൻ പുറത്തിറങ്ങാൻ പോകുന്ന ‘പ്രതീക്ഷ ഒരിക്കലും നിരാശപ്പെടുത്തില്ല: മെച്ചപ്പെട്ട​ ലോകത്തിലേക്കുള്ള തീർഥാടകർ’ എന്ന പുസ്​തകത്തിലാണ്​ മാർപാപ്പയുടെ ഉദ്ധരണിയുള്ളത്​​. മാർപാപ്പയുടെ വംശഹത്യാ പരാമർശത്തിൽ വത്തിക്കാനിലെ ഇസ്രായേൽ എംബസി കടുത്ത എതിർപ്പാണ് രേഖപ്പെടുത്തിയത്. 2023 ഒക്​ടോബർ ഏഴിന്​ ഇസ്രായേൽ പൗരൻമാർക്ക്​ നേരെ വംശഹത്യാ ആക്രമണം നടന്നു, ഇസ്രായേൽ പ്രതിരോധിക്കുകയാണ് ചെയ്‌തത്‌. അതിനെ മറ്റേതെങ്കിലും പേരിൽ വിശേഷിപ്പിക്കുന്നത് യഹൂദ രാഷ്​ട്രത്തെ ഒറ്റപ്പെടുത്താനുള്ള ​ശ്രമമാണെന്നും അംബാസഡർ യാറോൺ സൈഡ്​മാനെ ഉദ്ധരിച്ചുകൊണ്ട്​ ഇസ്രായേൽ എംബസി ‘എക്​സി’ൽ പോസ്​റ്റ്​ ചെയ്​തു.

യുദ്ധങ്ങൾ അധാർമികമാണെന്നും സൈനിക ആധിപത്യം യുദ്ധ നിയമങ്ങൾക്കപ്പുറമാണെന്നും പറഞ്ഞുകൊണ്ട് ഇസ്രായേൽ ഗസ്സയിലും ലെബനാനിലും നടത്തുന്ന ആക്രമണങ്ങളെ പരോക്ഷമായി വിമർശിച്ച് മാസങ്ങൾക്ക് മുൻപും മാർപാപ്പ രംഗത്തെത്തിയിരുന്നു. എന്നാൽ അന്ന് ഇസ്രായേലിന്റെ പേരെടുത്ത് പറയാതെയായിരുന്നു പോപിന്റെ വിമർശനം. പ്രതിരോധം എപ്പോഴും ആക്രമണത്തിന് ആനുപാതികമായിരിക്കണം. ആനുപാതികമല്ലാത്ത ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ ധാർമികതയ്ക്ക് അതീതമായി ആധിപത്യ പ്രവണതയുണ്ടാകും. ഇത് ചെയ്യുന്നത് ഏത് രാജ്യമായിരുന്നാലും അത് അധാർമികമാണെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

Similar Posts