< Back
World
ഫ്രാൻസിസ് മാർപാപ്പയുടെ അവസാന സമ്മാനവും ഗസ്സയിലെ കുഞ്ഞുങ്ങൾക്ക്; പോപ്മൊബൈൽ ഇനി ആരോഗ്യ രക്ഷാ കേന്ദ്രം
World

ഫ്രാൻസിസ് മാർപാപ്പയുടെ അവസാന സമ്മാനവും ഗസ്സയിലെ കുഞ്ഞുങ്ങൾക്ക്; 'പോപ്മൊബൈൽ' ഇനി ആരോഗ്യ രക്ഷാ കേന്ദ്രം

Web Desk
|
5 May 2025 11:06 AM IST

പുനർനിർമിക്കുന്ന പോപ്മൊബൈലിൽ രോഗനിർണയം, പരിശോധന, ചികിത്സ എന്നിവയ്‌ക്കുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പ സഞ്ചരിച്ചിരുന്ന പോപ്മൊബൈൽ ഇനി ഗസ്സയിലെ ആരോഗ്യ രക്ഷാ കേന്ദ്രം. 'പോപ്മൊബൈൽ' ഗസ്സയിലെ കുഞ്ഞുങ്ങൾക്കുള്ള ആരോഗ്യരക്ഷാ കേന്ദ്രമായി മാറ്റണമെന്നത് ഫ്രാൻസിസ് മാർപാപ്പയുടെ അവസാന ആഗ്രഹങ്ങളിൽ ഒന്നായിരുന്നുവെന്ന് വത്തിക്കാന്റെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു. മരണത്തിന് മാസങ്ങൾക്ക് മുമ്പ് ഈ സംരംഭം കത്തോലിക്കാ സഹായ സംഘടനയായ കാരിത്താസ് ജറുസലേമിനെ ഏൽപ്പിച്ചിരുന്നുവെന്നും വത്തിക്കാൻ ന്യൂസ് വ്യക്തമാക്കി.

പുനർനിർമിക്കുന്ന പോപ്പ്‌മൊബൈലിൽ രോഗനിർണയം, പരിശോധന, ചികിത്സ എന്നിവയ്‌ക്കുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. ഒപ്പം അണുബാധകൾക്കായുള്ള ദ്രുത പരിശോധനകൾ, രോഗനിർണയ ഉപകരണങ്ങൾ, വാക്സിനുകൾ, തുന്നൽ കിറ്റുകൾ, മറ്റ് ജീവൻ രക്ഷാ ഉപകരണങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ഗസ്സയിലേക്ക് മാനുഷിക സഹായങ്ങൾക്കുള്ള പ്രവേശനം പുനഃസ്ഥാപിച്ചുകഴിഞ്ഞാൽ ഡോക്ടർമാരുടെ സംഘം ഉൾപ്പടെയുള്ള ക്ലിനിക് ഗസ്സയിലെ കുഞ്ഞുങ്ങളിലേക്ക് എത്തും. "ഗാസയിലെ ആരോഗ്യ സംവിധാനം ഏതാണ്ട് പൂർണ്ണമായും തകർന്നിരിക്കുന്ന സമയത്ത് ഇത് കൃത്യമായ, ജീവൻ രക്ഷിക്കുന്ന ഇടപെടലാണ്" കാരിത്താസ് സ്വീഡന്റെ സെക്രട്ടറി ജനറൽ പീറ്റർ ബ്രൂൺ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. "ഇത് വെറും വാഹനമല്ല, ഗസ്സയിലെ കുട്ടികളെക്കുറിച്ച് ലോകം മറന്നിട്ടില്ലെന്ന സന്ദേശമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

"കുട്ടികൾ സംഖ്യകളല്ല. അവർ മുഖങ്ങളാണ്. പേരുകളാണ്. കഥകളാണ്. ഓരോരുത്തരും പവിത്രമാണ്" എന്ന് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴും പറഞ്ഞിരുന്നു. തന്റെ വാക്കുകളോട് പൂർണമായും നീതി പുലർത്തിയാണ് മാർപാപ്പ അന്തിമ സമ്മാനം ഗസ്സക്ക് സമർപ്പിച്ചിരിക്കുന്നത്.

Similar Posts