< Back
World
വേണ്ടത് ദ്വിരാഷ്ട്ര പരിഹാരം, ഗസ്സയിലേക്ക് സഹായം എത്തിക്കണം: ലിയോ മാർപാപ്പയും ഫലസ്തീൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി

ലിയോ മാർപാപ്പ- മഹ്മൂദ് അബ്ബാസ് Photo- Reuters

World

'വേണ്ടത് ദ്വിരാഷ്ട്ര പരിഹാരം, ഗസ്സയിലേക്ക് സഹായം എത്തിക്കണം': ലിയോ മാർപാപ്പയും ഫലസ്തീൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി

Web Desk
|
8 Nov 2025 8:28 AM IST

ആദ്യമായാണ് ലിയോ പതിനാലാമന്‍ മാർപാപ്പയും മഹ്‌മൂദ് അബ്ബാസും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്

വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്‌മൂദ് അബ്ബാസ്. ആദ്യമായാണ് ലിയോ പതിനാലാമന്‍ മാർപാപ്പയും മഹ്‌മൂദ് അബ്ബാസും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. വത്തിക്കാനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

ഗസ്സയിലേക്ക് സഹായം നൽകേണ്ടതിന്റെയും മേഖലയിലെ സംഘർഷം അവസാനിപ്പിക്കുന്നതിന് ദ്വിരാഷ്ട്ര ഫോര്‍മുല അംഗീകരിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയെ 'ഹൃദ്യം' എന്നാണ് വത്തിക്കാൻ വിശേഷിപ്പിച്ചത്. ഗസ്സയില്‍ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് കൂടിക്കാഴ്ച.

പോപ്പും മഹ്‌മൂദ് അബ്ബാസും ഇതിന് മുമ്പ് നേരിട്ട് കണ്ട് ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ഗസ്സയിലെ അക്രമ സംഭവങ്ങളെക്കുറിച്ചും വെസ്റ്റ് ബാങ്കിലെ അതിക്രമങ്ങളെക്കുറിച്ചും കഴിഞ്ഞ ജൂലൈയില്‍ ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഏക മാർഗം ദ്വിരാഷ്ട്ര പരിഹാരമാണെന്ന് ഇസ്രായേൽ പ്രസിഡന്‍റിനോട് പോപ്പ് ലിയോയും അദ്ദേഹത്തിന്റെ ഉന്നത നയതന്ത്രജ്ഞരും ആവശ്യപ്പെട്ടത് കഴിഞ്ഞ സെപ്തംബറിലായിരുന്നു.

ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് മഹ്മൂദ് അബ്ബാസ് റോമിലെത്തിയത്. അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തിരുന്നു.

Similar Posts