< Back
World
യുദ്ധം തുടങ്ങുന്ന ക്രിസ്ത്യാനികൾ കുമ്പസാരിക്കണമെന്ന് ലിയോ മാര്‍പാപ്പ
World

യുദ്ധം തുടങ്ങുന്ന ക്രിസ്ത്യാനികൾ കുമ്പസാരിക്കണമെന്ന് ലിയോ മാര്‍പാപ്പ

റിഷാദ് അലി
|
14 March 2026 11:21 AM IST

ഏതെങ്കിലും പ്രത്യേക നേതാക്കളുടെയോ സംഘർഷങ്ങളുടെയോ പേര് പരാമർശിക്കാതെയായിരുന്നു മാര്‍പാപ്പയുടെ പ്രതികരണം

വത്തിക്കാന്‍ സിറ്റി: യുദ്ധങ്ങൾക്ക് തുടക്കമിടുന്ന ക്രൈസ്തവ രാഷ്ട്രീയ നേതാക്കൾ കുമ്പസാരിക്കണമെന്ന നിര്‍ദേശവുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളാണോ തങ്ങൾ പിന്തുടരുന്നത് ഇവര്‍ സ്വയം വിലയിരുത്തണമെന്നും മാര്‍പാപ്പ വ്യക്തമാക്കി. ഏതെങ്കിലും പ്രത്യേക നേതാക്കളുടെയോ സംഘർഷങ്ങളുടെയോ പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സായുധ സംഘർഷങ്ങളിൽ വലിയ ഉത്തരവാദിത്തമുള്ള ആ ക്രിസ്ത്യാനികൾക്ക്, ആത്മാർത്ഥമായ മനഃസാക്ഷി പരിശോധന നടത്താനും കുമ്പസരിക്കാനുമുള്ള വിനയവും ധൈര്യവുമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പുരോഹിതന്മാര്‍ക്കുള്ള പ്രസംഗത്തിലാണ് മാർപ്പാപ്പ ഇക്കാര്യം പറഞ്ഞത്. ഇന്നലെ വത്തിക്കാനിലായിരുന്നു ചടങ്ങ്. യേശു തന്റെ അനുയായികളെ അഹിംസ പഠിപ്പിച്ചെന്നും കത്തോലിക്കാ സഭ പൊതുവെ യുദ്ധത്തെ എതിർക്കുന്നുവെന്നും മാര്‍പാപ്പ വ്യക്തമാക്കി.

ലിയോ ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും, ഫെബ്രുവരി 28ന് യു.ൃഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തോടെ ആരംഭിച്ച ഇറാൻ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദ്ദേഹം സജീവമായി രംഗത്തുണ്ട്.

ഇറാനിലെ യുഎസ് സൈനിക ഇടപെടലിന് ദൈവത്തിന്റെ പിന്തുണയുണ്ടെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അടുത്തിടെ പറഞ്ഞിരുന്നു. ഇറാൻ യുദ്ധസമയത്ത് ചില ക്രിസ്ത്യൻ നേതാക്കൾ ഓവൽ ഓഫീസിലെത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വേണ്ടി പ്രാർത്ഥിച്ചതും വാര്‍ത്തയായിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമൊക്കെ കത്തോലിക്കാ വിശ്വാസികളാണ്.

അതേസമയം, അമേരിക്കൻ കത്തോലിക്കാ സഭയിലെ പ്രമുഖ വ്യക്തികൾ ഇറാൻ യുദ്ധത്തിനെതിരെ രംഗത്തുവന്നിരുന്നു. യുദ്ധത്തെക്കുറിച്ച് വൈറ്റ് ഹൗസിന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച ഒരു വീഡിയോയെ അറപ്പുളവാക്കുന്നത് എന്നാണ് ഷിക്കാഗോയിലെ കർദ്ദിനാൾ ബ്ലേസ് കുപ്പിച്ച് വിശേഷിപ്പിച്ചത്. യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ ധാർമ്മികമായി ന്യായീകരിക്കാനാവില്ലെന്ന് വാഷിംഗ്ടൺ ഡി.സി.യിലെ കർദ്ദിനാൾ റോബർട്ട് മക്എൽറോയ് വ്യക്തമാക്കിയിരുന്നു.

Related Tags :
Similar Posts